| Thursday, 16th March 2023, 7:54 am

ലാലേട്ടന്‍ പിന്മാറിയെന്ന് വെച്ച് ക്രിക്കറ്റിന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല; ഇടവേള ബാബുവിന്റെ അഭിപ്രായമാണത് അമ്മയുടേതല്ല: ടിനി ടോം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നിന്നും അമ്മ സംഘടനയും മോഹന്‍ലാലും പിന്മാറിയെന്ന് വിഷയത്തില്‍ പ്രതികരിക്കുകയാണ് നടന്‍ ടിനി ടോം. മോഹന്‍ലാല്‍ പിന്മാറിയെന്ന് കരുതി ക്രിക്കറ്റിന് ഒന്നും സംഭവിക്കില്ലെന്നും എല്ലാ സപ്പോര്‍ട്ടും കൊടുത്താണ് അദ്ദേഹം മാറി നിന്നതെന്നും ടിനി ടോം പറഞ്ഞു.

ഇടവേള ബാബു അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്നും അമ്മയുടെ മുഴുവന്‍ തീരുമാനമല്ലെന്നും ടിനി ടോം പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഞാന്‍ അറിഞ്ഞിടത്തോളം അമ്മക്ക് ഒരു ഫുട്‌ബോള്‍ ഗ്രൂപ്പ് ഇപ്പോള്‍ ഉണ്ടാക്കിയിട്ടുണ്ട്. അത് എക്‌സൈസുകാരുടെ കൂടെ കളിച്ചിട്ട് ജയിക്കുകയും ചെയ്തു. ഇതിലുള്ള അംഗങ്ങള്‍ തന്നെയാണ്.

ഞാന്‍ ഗോള്‍കീപ്പറാണ് അതില്‍. രാജീവ് പിള്ള, കമ്മട്ടിപാടത്തിലെ മണികണ്ഠന്‍, പാഷാണം ഷാജി തുടങ്ങിയവരൊക്കെ കളിക്കുന്നുണ്ട്. സി3 എന്ന് പേരുള്ള ഒരു ക്രിക്കറ്റ് ടീം ചാക്കോച്ചന് ഉണ്ട്. നമ്മള്‍ സ്ഥിരമായിട്ട് ഒരു ക്രിക്കറ്റ് ടീമിനെ കൊണ്ട് നടക്കുകയാണ്. അമ്മ അതിന് വേണ്ടി മുന്നിട്ടിറങ്ങാത്തത് കൊണ്ട് സി3 കേരളാ സ്‌ട്രൈക്കേഴ്‌സിന്റെ കൂടെ കളിക്കുക മാത്രമാണ് ഉണ്ടായത്.

ലാലേട്ടന്‍ പിന്മാറിയെന്ന് വെച്ചിട്ട് ക്രിക്കറ്റിന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഞാനില്ലായെന്ന് പറഞ്ഞല്ല അദ്ദേഹം മാറിനിന്നത്. എല്ലാ സപ്പോര്‍ട്ടും കൊടുത്തിട്ടാണ് മാറി നിന്നത്. അതില്‍ ഒരു ഈഗോ ക്ലാഷ് ഒന്നുമില്ല.

ഇടവേള ബാബു അദ്ദേഹത്തിന്റെ പേഴ്‌സണല്‍ അഭിപ്രായമാണ് കൊടുത്തത്. അല്ലാതെ അമ്മ അതില്‍ മൊത്തത്തില്‍ ഒരു തീരുമാനമെടുത്തിട്ട് അതിനെ എതിര്‍ക്കുകയോ അത് പാടില്ലെന്നോ പറഞ്ഞിട്ടില്ല.

ചാക്കോച്ചന് ഒരു വിഷമം ഉണ്ടായിട്ടുണ്ട്. പണ്ട് കളിച്ച് കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തെ ബെഞ്ചിലിരുത്തിയിട്ടുണ്ട്. എന്തുകൊണ്ടാണ് ഇരുത്തിയതെന്നൊന്നും അറിയില്ല. അങ്ങനെയാണ് സി3 എന്ന ക്ലബ് ഉണ്ടാകുന്നത്,” ടിനി ടോം പറഞ്ഞു.

content highlight: actor tini tom about ccl

We use cookies to give you the best possible experience. Learn more