| Monday, 29th July 2019, 9:01 am

'അച്ഛന്റെ വാക്കുകള്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പു ചോദിക്കുന്നു'; നെടുമുടി വേണുവിനോട് മാപ്പ് പറഞ്ഞ് തിലകന്റെ മകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരുവനന്തപുരം: നെടുമുടി വേണുവിനോട് മാപ്പ് പറഞ്ഞ് തിലകന്റെ മകള്‍ ഡോ. സോണിയ. ‘അച്ഛന്റെ വാക്കുകള്‍ വേണു സാറിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പു ചോദിക്കുന്നു’ സോണിയ നെടുമുടി വേണുവിനോട് പറഞ്ഞു. നെടുമുടി കസേരയില്‍ നിന്ന് എഴുന്നേറ്റ് അടുത്തുചെന്ന് സോണിയയെ ആശ്വസിപ്പിച്ചു.

കാന്‍സര്‍ രോഗികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന കിങ്ങിണിക്കൂട്ടം കാന്‍സര്‍ കെയര്‍ സൊസൈറ്റി ഇന്നലെ കോട്ടണ്‍ഹില്‍ എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് വൈകാരിക രംഗങ്ങള്‍ അരങ്ങേറിയത്.

സോണിയയുടെ ആശംസാ പ്രസംഗത്തിലായിരുന്നു മാപ്പ് പറച്ചില്‍. നെടുമുടി വേണുവായിരുന്നു പരിപാടി ഉദ്ഘാടനം ചെയ്തത്.

‘വേണു സാര്‍ ഇരിക്കുന്ന ഈ വേദിയില്‍ ഒരു കാര്യം പറയാതെ വയ്യ. എന്റെ അച്ഛനും വേണു സാറും തമ്മില്‍ സിനിമാ ലോകത്തുണ്ടായ പ്രശ്‌നങ്ങളും ശത്രുതയും എല്ലാര്‍ക്കുമറിയാം. ആ പ്രശ്‌നം ഉള്ളപ്പോള്‍ ഒരു ദിവസം വേണു സാറിന്റെ ഭാര്യ കുട്ടിയെയും കൂട്ടി വട്ടിയൂര്‍ക്കാവിലുള്ള എന്റെ ക്ലിനിക്കില്‍ ചികിത്സയ്ക്ക് വന്നു. വേണു സാറിനോട് എനിക്കും വെറുപ്പ് തോന്നിയ നാളുകള്‍.

പക്ഷേ, അദ്ദേഹത്തിന്റെ ഭാര്യ എന്നോട് പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ ഞാനെത്രയോ ചെറുതായി എന്നെനിക്ക് തോന്നി. ‘തിലകന്‍ ചേട്ടനും എന്റെ ഭര്‍ത്താവും തമ്മില്‍ പല സിനിമാ പിണക്കങ്ങളും വഴക്കുമുണ്ടാവുമെന്നും നമുക്കിടയില്‍ അതൊന്നും ഉണ്ടാവരുതെന്നും’ ക്ലിനിക്കില്‍ നിന്ന് ഇറങ്ങാന്‍ നേരം അവര്‍ പറഞ്ഞു. ‘സോണിയ ഞങ്ങളുടെ വീട്ടില്‍ വരണം. ക്ഷണിക്കുന്നു’. അടുത്തൊരു ദിവസം ഞാന്‍ പോയി. ഊഷ്മളമായ സ്‌നേഹം ഞാനറിഞ്ഞു. അച്ഛന്റെ വാക്കുകള്‍ വേണു സാറിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പു ചോദിക്കുന്നു’- സോണിയ പറഞ്ഞു.

ലോഹിതദാസ് തിരക്കഥ എഴുതിയ ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള എന്നീ സിനിമകളിലെ തിലകന്റെ വേഷം നെടുമുടി വേണു തട്ടിയെടുത്തു എന്നൊരു ആക്ഷേപം സിനിമാലോകത്തുണ്ടായിരുന്നു. തിലകന്‍ തന്നെയാണ് ഒരിക്കല്‍ ആരോപണം ഉന്നയിച്ചത്.

തിലകന്റെ ആരോപണം തന്നെ വേദനിപ്പിച്ചെന്ന് നെടുമുടി വേണു മുമ്പ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. എന്നാല്‍ അവസരം നിഷേധിച്ചെന്ന തിലകന്റെ ആരോപണം തെറ്റാണെന്ന് ലോഹിതദാസ് തന്നെ ഒരിക്കല്‍ പ്രതികരിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more