‘സേതുമാധവന്റെ പൊലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടാണ് സാര്‍… അവന്‍ യോഗ്യനല്ല… അയാള്‍ ഒരു നൊട്ടോറിയസ് ക്രിമിനലാണ്’, മലയാളികള്‍ക്ക് പരിചിതമായ സംഭാഷണം. ഇന്നും സിനിമാപ്രേമികളുടെ മനസില്‍ ഒരു നോവാണ് സേതുമാധവനും ഹെഡ് കോണ്‍സ്റ്റബിള്‍ അച്യുതന്‍ നായരും അയാളുടെ കുടുംബവും.
മകന്‍ പൊലീസുകാരനായി വരുന്നത് കാണാന്‍ ആഗ്രഹിച്ച ഒരച്ഛന്‍ പൊലീസ് സ്റ്റേഷനിലെ ക്രിമിനല്‍ ലിസ്റ്റിലേക്ക് അതേ മകന്റെ ചിത്രം പതിപ്പിക്കുമ്പോള്‍ എന്തായിരിക്കും മനസിലുണ്ടായിട്ടുണ്ടാകുക?
‘കിരീട’ത്തിലെ ഏറ്റവും ഭാവതീവ്രമായ രംഗമേതെന്ന് ചോദിച്ചാല്‍ ക്ലൈമാക്‌സില്‍ ‘നിന്റച്ഛനാടാ പറയുന്നേ കത്തി താഴെയിടടാ’ എന്നതായിരിക്കും എല്ലാവരിലും പെട്ടെന്ന് വരുന്ന ഉത്തരം. അച്യുതന്‍ നായരുടെ ശബ്ദവ്യതിയാനവും സേതുമാധവന്റെ കരച്ചിലും പശ്ചാത്തലസംഗീതവും ആ കവലയും ആള്‍ക്കൂട്ടവും അതുവരെയുള്ള സിനിമയുടെ മൂഡുമെല്ലാം ആ രംഗത്തെ അത്രമേല്‍ വികാരഭരിതമാക്കുന്നുമുണ്ട്.
എന്നാല്‍ കിരീടം എത്രതവണ കാണുമ്പോഴും ഉള്ളില്‍ തറക്കുന്ന രംഗമാണ് കിരീടത്തിലെ ക്ലൈമാക്‌സ്. മുകളില്‍ പറഞ്ഞ ഡയലോഗ് പറയുമ്പോള്‍ താന്‍ അക്ഷോഭ്യനാണ് എന്ന് തോന്നിക്കും വിധം എന്നാല്‍ അത്രയും ഭാരം ഉള്ളില്‍പേറിയാണ് അച്യുതന്‍ നായര്‍ തന്റെ മേലുദ്യോഗസ്ഥനോട് സേതുമാധവന്‍ യോഗ്യനല്ല എന്ന് പറയുന്നത്.
മുഖത്ത് വരുന്ന ഭാവവ്യത്യാസമോ ശബ്ദത്തിന്റെ ഇടര്‍ച്ചയോ പോലും ഒരുപക്ഷെ ആ സീനിനെ നാടകീയമാക്കിയേക്കും. എന്നാല്‍ കണ്‍പോളയുടെ ചലനം കൊണ്ടാണ് അച്യുതന്‍ നായര്‍ അനുഭവിക്കുന്ന എല്ലാ മാനസിക സംഘര്‍ഷങ്ങളേയും തിലകന്‍ എന്ന നടന്‍ അഭ്രപാളിയിലേക്ക് പകര്‍ത്തുന്നത്.
നാടകത്തിലൂടെയാണ് തിലകന്റെ അഭിനയജീവിതത്തിന്റെ തുടക്കം. അരങ്ങത്ത് തിലകന്‍ തന്റെ ശബ്ദം കൊണ്ട് കാണികളെ പിടിച്ചിരുത്തി. ഓച്ചിറ ഉത്സവങ്ങള്‍ പോലെയുള്ള വലിയ ജനക്കൂട്ടത്തിനു മുന്‍പില്‍പ്പോലും നാടകമവതരിപ്പിക്കുമ്പോള്‍ തിലകന്റെ സീന്‍ വരുമ്പോള്‍ കാണികള്‍ ശബ്ദമടക്കി ഡയലോഗ് കേള്‍ക്കാന്‍ കാതോര്‍ത്തിരുന്നു.
അരങ്ങില്‍ നിന്ന് തിലകന്‍ വെള്ളിത്തിരയിലേക്ക് പകര്‍ന്നാട്ടം നടത്തുന്നത് 1973 ലായിരുന്നു. അതുല്യകലാകാരന്‍ പി.ജെ ആന്റണിയുടെ പെരിയാറിലൂടെ തുടങ്ങി സീന്‍ ഒന്ന് നമ്മുടെ വീട് വരെ എണ്ണം പറഞ്ഞ സിനിമകള്‍.
മലയാള സിനിമയുടെ അച്ഛന്‍ എന്ന പേര് വീണുതുടങ്ങിയ കാലത്ത് തന്നെ സിദ്ദീഖ്-ലാലിന്റെ ഗോഡ്ഫാദറില്‍ മകനായും തന്റെ പ്രായത്തില്‍ തന്നെ തിലകന്‍ അഭിനയിച്ചു. ബാലരാമന്‍ എന്ന അഞ്ഞൂറാന്റെ മൂത്തമകനായി തന്റെ വേഷപ്പകര്‍ച്ചയുടെ മറ്റൊരു തലം കാണിക്കുകയായിരുന്നു അദ്ദേഹം.
മലയാള സിനിമ പുതിയ ദിശയിലേക്ക് സഞ്ചരിക്കുമ്പോഴും തിലകന്‍ എന്ന നടനെ മാറ്റിനിര്‍ത്തുന്നത് എത്രത്തോളം മണ്ടത്തരമാണെന്ന് തെളിയിക്കുകയായിരുന്നു ഇന്ത്യന്‍ റുപ്പീ, മഞ്ചാടിക്കുരു, ഉസ്താദ് ഹോട്ടല്‍ എന്നീ സിനിമകളിലെ അദ്ദേഹത്തിന്റെ പ്രകടനം.
തിലകനെന്ന പേര് മലയാളസിനിമയ്ക്ക് പെരുന്തച്ചനും ചാക്കോ മാഷും തമ്പി മുത്തശ്ശനും നടേശന്‍ മുതലാളിയും കൊച്ചുവാവയും അച്യുതനുമൊക്കെയാണ്. സിനിമയിലെ മാടമ്പികളോട് കലഹിച്ച താനൊരു തൊഴിലാളിയാണ് എന്റെ തൊഴില്‍ വിലക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് പ്രഖ്യാപിക്കുന്ന വിപ്ലവകാരിയാണ് മറ്റ് ചിലര്‍ക്ക് തിലകന്‍.
എട്ട് വര്‍ഷം മുന്‍പ് എല്ലാ വേഷങ്ങളും അഴിച്ചുവെച്ച് തിലകന്‍ ഓര്‍മ്മകളിലേക്ക് മടങ്ങുമ്പോഴും കഥാപാത്രങ്ങളുടെ പേരില്‍ മാത്രമല്ല അദ്ദേഹം ഓര്‍മ്മിക്കപ്പെടുന്നത്. തന്റെ തൊഴിലിടത്തിലെ വ്യവസ്ഥിതിയോട് കലഹിച്ച തൊഴിലാളി എന്ന നിലയില്‍ കൂടിയാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.