| Saturday, 8th May 2021, 5:15 pm

'നീ ബെഡ്‌റൂം സീനുകള്‍ കൂട്ടിച്ചേര്‍ക്കും അല്ലേടാ' എന്ന് ചോദിച്ച് സംവിധായകന്റെ ചെകിട്ടത്ത് ഒന്ന് പൊട്ടിച്ചു; അനുഭവം പങ്കുവെച്ച് ടി.ജി രവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ വില്ലന്‍വേഷങ്ങള്‍ക്ക് പുതിയ രൂപഭാവം നല്‍കിയ നടനായിരുന്നു ടി.ജി രവി. നിരവധി സിനിമകളിലെ വില്ലന്‍ കഥാപാത്രങ്ങളെ അദ്ദേഹം അനശ്വരമാക്കി.

ആദ്യസിനിമയായ ഉത്തരായനം പുറത്തിറങ്ങിയ ശേഷം ആരും തന്നെ നടനായി അംഗീകരിക്കുകയോ പിന്നീട് സിനിമകളിലേക്ക് വിളിക്കുകയോ ചെയ്തിരുന്നില്ലെന്നും അതൊരു ജനപ്രിയ സിനിമ ആയിരുന്നില്ലെന്നും ടി.ജി രവി പറയുന്നു. വീണ്ടും അഭിനയിക്കണമെന്ന വാശിയുണ്ടായിരുന്നെങ്കിലും അവസരങ്ങള്‍ കൈവന്നില്ലെന്നും ഗൃഹലക്ഷ്മയിലെഴുതിയ കുറിപ്പില്‍ ടി.ജി രവി പറയുന്നു.

ഒടുവില്‍ താനും സുഹൃത്തുക്കളും ചേര്‍ന്ന് ഒരു സിനിമയെടുത്തെന്നും എന്നാല്‍ മാര്‍ക്കറ്റിങ് പ്രശ്‌നങ്ങള്‍ കാരണം ആ സിനിമ സാമ്പത്തികമായി പരാജയപ്പെട്ടെന്നും ടി.ജി രവി പറയുന്നു. പിന്നീടും അവസരങ്ങള്‍ വരാതായതോടെ മറ്റൊരു സിനിമ കൂടി നിര്‍മിച്ചെന്നും ചോര ചുവന്ന ചോര എന്ന് പേരിട്ട ചിത്രം ഹിറ്റായില്ലെങ്കിലും ഇറക്കിയ പണം തിരിച്ചുകിട്ടിയെന്നും ടി.ജി രവി പറഞ്ഞു.

അങ്ങനെ ചെറിയ സിനിമകള്‍ ചെയ്തിട്ടു കാര്യമില്ലെന്ന് തോന്നിയപ്പോള്‍ അന്നത്തെ ഹിറ്റ് സംവിധായകനായ പി.ജി വിശ്വംഭരനെ കാണാന്‍ പോവുകയും സുകുമാരന്‍, ജയന്‍, ശ്രീവിദ്യ, പപ്പു തുടങ്ങിയ അന്നത്തെ വന്‍താരനിര അണിനിരന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തനിക്ക് അവസരം ലഭിക്കുകയും ചെയ്‌തെന്നും ആ ചിത്രം വലിയ ഹിറ്റായി മാറിയെന്നും ടി.ജി രവി പറയുന്നു.

അക്കാലത്ത് തന്റെ സിനിമകളിലെ ചില ഭാഗങ്ങള്‍ ചേര്‍ത്ത് വെച്ച് താന്‍ അഭിനയിക്കാത്ത ചില രംഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തി കുന്നംകുളം തിയേറ്ററില്‍ ഒരു സിനിമ പ്രദര്‍ശിപ്പിച്ചതിനെ കുറിച്ചും അത് ചെയ്ത സംവിധായകനെ കൈകാര്യം ചെയ്യേണ്ടി വന്നതിനെ കുറിച്ചും ടി.ജി രവി പറയുന്നു.

‘ ഞാന്‍ അഭിനയിച്ച ഒരു സിനിമ ചില ബിറ്റുകള്‍ ചേര്‍ത്ത് കുന്നംകുളത്തെ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു. ഞാന്‍ അഭിനയിക്കാത്ത ചില സീനുകളാണ് കൂട്ടിച്ചേര്‍ത്തത്. ബെഡ്‌റൂം സീനിന്റെ തുടര്‍ച്ചയായാണ് കൂട്ടിച്ചേര്‍ക്കലുകള്‍. അപ്പോള്‍ത്തന്നെ ഇടപെട്ട് സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവെപ്പിച്ചു. പിന്നീടാണറിഞ്ഞത്, സംവിധായകന്‍ ചെയ്ത പണിയാണതെന്ന്. കുറെനാള്‍ കഴിഞ്ഞ് ആ സംവിധായകനെ പ്രസാദ് സ്റ്റുഡിയോയില്‍ വെച്ചുകണ്ടു. ഞാനയാളെ സ്റ്റുഡിയോയുടെ അരികിലേക്ക് കൊണ്ടുപോയി.

”നീ ബെഡ്‌റൂം സീനുകള്‍ കൂട്ടിച്ചേര്‍ക്കും. അല്ലെടാ…”, എന്നു ചോദിച്ചുകൊണ്ട് ചെകിട്ടത്ത് പൊട്ടിച്ചു. അവന് ചെയ്ത തെറ്റ് മനസ്സിലായിക്കാണും, ടി.ജി രവി പറയുന്നു.

നന്മ മാത്രം ചെയ്യുന്നവന്‍ നായകനും തിന്മ മാത്രമുള്ളവന്‍ വില്ലനുമായ സിനിമകളായിരുന്നു അക്കാലത്തെന്നും സിനിമയിലെ വില്ലന്‍മാര്‍ ജീവിതത്തിലും അങ്ങനെത്തന്നെയാണ് എന്നു വിശ്വസിച്ചിരുന്നവര്‍ ഏറെയുണ്ടായിരുന്നെന്നും അതുകൊണ്ടുതന്നെ പൊതുസ്ഥലത്തു ചെന്നാല്‍ ആളുകള്‍ക്ക് പേടിയായിരുന്നെന്നും ടി.ജി രവി പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor TG Ravi Share his Experiance with a Director

We use cookies to give you the best possible experience. Learn more