മലബാര്‍ സമരം അതിന്റെ നൂറാം വാര്‍ഷികം ആചരിക്കുന്ന സമയമാണിത്. മലബാര്‍ സമര നേതാക്കളെ സ്വാതന്ത്ര്യസമരനേതാക്കളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ തീരുമാനവും മലബാര്‍ സമരത്തിന്റെ നേതാവായിരുന്ന വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഭഗത് സിംഗുമായി താരതമ്യം ചെയ്ത സ്പീക്കര്‍ എം.ബി. രാജേഷിന്റെ പരാമര്‍ശവുമെല്ലാം ഒരുപാട് ആരോപണ പ്രത്യാരോപണങ്ങള്‍ക്കും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും ഒപ്പം വിവാദങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്.
ഇതിനിടെ നടന്‍ ടി.ജി. രവിയുമായി എ.വി.എം. ഉണ്ണി ഖത്തറില്‍ വെച്ച് 1992ല്‍ നടത്തിയ ഒരു അഭിമുഖം മലബാര്‍ സമര വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്.
ടി. ദാമോദരന്റെ തിരക്കഥയില്‍ ഐ.വി. ശശി സംവിധാനം ചെയ്ത 1921 എന്ന സിനിമയെ സംബന്ധിച്ച അഭിമുഖത്തിലെ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 1988ല്‍ പുറത്തിറങ്ങിയ ഈ ചിത്രം മലബാര്‍ സമരത്തെ ആസ്പദമാക്കിയുള്ളതാണ്. ചിത്രത്തില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് ടി.ജി. രവി ആയിരുന്നു.
അഭിമുഖത്തില്‍ 1921 സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ചും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചും ടി.ജി. രവി സംസാരിക്കുന്നുണ്ട്.
പൊലീസ് ഓഫീസറുടെ തലവെട്ടിക്കൊണ്ടു വന്നിട്ട് ഒരു വണ്ടിയുടെ മേലെ കയറി നിന്ന് പ്രസംഗിക്കുന്ന സീനും വെടിവെയ്ക്കാന്‍ കൊണ്ടുപോകുന്നതിന് മുന്‍പ് കെ.പി. ഉമ്മറിന്റെ പൊലീസ് കഥാപാത്രം വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിക്കുമ്പോള്‍ ക്ഷീണിതനായ കുഞ്ഞഹമ്മദ് ഹാജി നല്‍കിയ മറുപടിയും സിനിമയിലെ തന്റെ രംഗങ്ങളില്‍ തനിക്ക് പ്രിയപ്പെട്ടവയായിരുന്നെന്നും രവി അഭിമുഖത്തില്‍ പറയുന്നുണ്ട്.
”ണ്ട് ഏമാനേ ണ്ട്. ഇങ്ങളെ പട്ടാളക്കാര് ഞമ്മടെ താടീം മീശേലുള്ള രോമം മുയ്മന്‍ വലിച്ച് പറച്ച് കളഞ്ഞ്. ഇനീം ഞമ്മടെ മേല് പലേടത്തും രോമം ണ്ട്. അതും കൂടെ ബലിച്ച് പറച്ച് കളയാന്‍ ങ്ങള് അവര്‍ക്ക് ഓര്‍ഡറ് കൊടുക്കീ” പൊലീസുകാരനോട് കുഞ്ഞഹമ്മദ് ഹാജി പറഞ്ഞ ഡയലോഗ് പറഞ്ഞുകൊണ്ട് രവി തന്റെ ഷൂട്ടിംഗ് ഓര്‍മകള്‍ അയവിറക്കി. വെടിവെയ്ക്കാന്‍ പോകുന്നതിന് തൊട്ടുമുന്‍പും ഹാജിയുടെ കഥാപാത്രത്തിന് എത്രത്തോളം ശക്തമായ ഒരു മനസുണ്ടായിരുന്നു എന്നതിന് തെളിവാണ് ആ സംഭാഷണമെന്നും ടി.ജി. രവി പറയുന്നു.
ഇത്രത്തോളം ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ പഴയ ആ കുഞ്ഞഹമ്മദ് ഹാജിയെ കണ്ടാല്‍ കൊള്ളാം എന്ന് തനിക്ക് മോഹം തോന്നിയതായും രവി അഭിമുഖത്തില്‍ പറഞ്ഞു.
വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സിനിമയില്‍ അവതരിപ്പിച്ചപ്പോള്‍ ഭാഷാപരമായി നേരിട്ട വെല്ലുവിളികളെക്കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.
”പലപ്പോഴും കുഞ്ഞഹമ്മദ് ഹാജിയുടെ കാലവുമായി ബന്ധപ്പെട്ട് പോവാന്‍ ബുദ്ധിമുട്ടായിരുന്നു. തൃശൂര്‍കാരനായ എന്റെ ഭാഷ കുഞ്ഞഹമ്മദ് ഹാജിയുടെ സംസാരഭാഷയുമായി വളരെ വ്യത്യസ്തമാണ്. അതുകൊണ്ട് ഞാന്‍ കോഴിക്കോടും മഞ്ചേരി പ്രദേശത്തുമുള്ള എന്റെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് ഡയലോഗുകളുടെ സ്റ്റൈല്‍ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.” ടി.ജി. രവി പറഞ്ഞു.
മലബാര്‍ സമരത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ 1921 എന്ന സിനിമ നിരവധി താരങ്ങളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായിരുന്നു. ടി.ജി. രവിയെക്കൂടാതെ മമ്മൂട്ടി, മധു, സീമ, ഉര്‍വശി, സുരേഷ് ഗോപി, എം.ജി. സോമന്‍, മുകേഷ് എന്നിവരാണ് സിനിമയില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.