| Friday, 27th January 2023, 7:23 pm

പറഞ്ഞു കേട്ട മാതിരിയല്ല സെറ്റിലെ മമ്മൂട്ടി; ചില സീനുകളില്‍ ഞങ്ങള്‍ ബേജാറായി: സുരേഷ് ബാബു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പറഞ്ഞുകേട്ടതില്‍ നിന്നും ഏറെ വ്യത്യസ്തനായിരുന്നു ഷൂട്ടിങ് സെറ്റിലെ മമ്മൂട്ടിയെന്ന് സിനിമാ അഭിനേതാവും നാടക കലാകാരനുമായ ടി സുരേഷ് ബാബു. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നന്‍പകല്‍ നേരത്ത് മയക്കത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ അദ്ദേഹം പങ്കുവെച്ചത്.

ജിയോ ബേബി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലൂടെ മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ടി. സുരേഷ് ബാബു, നന്‍പകലില്‍ മമ്മൂട്ടി അവതരിപ്പിച്ച ജെയിംസ് എന്ന കേന്ദ്ര കഥാപാത്രത്തിന്റെ അമ്മായിയപ്പനായാണ് അഭിനയിക്കുന്നത്.

മമ്മൂട്ടി എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സുകളിലൊന്നാണ് ചിത്രത്തിലേത് എന്ന അഭിനന്ദനങ്ങളെ സഹതാരമെന്ന നിലയിലും, നീണ്ടകാലത്തെ നാടകപ്രവര്‍ത്തന പരിചയത്തിന്റെ പശ്ചാത്തലത്തിലും എങ്ങനെ നോക്കിക്കാണുന്നുവെന്ന ഡൂള്‍ന്യൂസ് പ്രതിനിധി അന്ന കീര്‍ത്തി ജോര്‍ജിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ബാബു.

ഒപ്പം അഭിനയിക്കുമ്പോഴും ചിത്രം പൂര്‍ത്തിയായ ശേഷം സ്‌ക്രീനില്‍ കാണുമ്പോഴുമുള്ള മമ്മൂട്ടിയുടെ പെര്‍ഫോമന്‍സിനെ കുറിച്ചും അവതാരക ചോദിച്ചിരുന്നു.

‘ഐ.എഫ്.എഫ്.കെയില്‍ വെച്ചാണ് സിനിമ ആദ്യമായി കാണുന്നത്. എന്നോടുള്ള സ്‌നേഹം കൊണ്ടായിരിക്കാം, ഞാന്‍ ആ ഷോയില്‍ എന്നെ തന്നെയായിരുന്നു അധികവും നോക്കിയിരുന്നത്. സിനിമ പിന്നെയും കാണാമല്ലോ എന്നും കരുതിയിരുന്നു.

സിനിമ പൂര്‍ണമായും സംവിധായകന്റെ കലയാണ്. അയാളുടെ മനസിലാണ് സിനിമയിരിക്കുന്നത്. മമ്മൂക്കക്ക് പോലും പൂര്‍ണമായും ഈ സിനിമ മനസിലായിക്കാണില്ല. നാടകത്തില്‍ സംവിധായകന് എത്രമാത്രം പ്രധാനപ്പെട്ട റോളാണെങ്കിലും നടന്‍ വിളമ്പികൊടുക്കുന്നതാണ് ആത്യന്തികമായി കാണികള്‍ കഴിക്കുന്നത്. എന്നാല്‍ സിനിമ അങ്ങനെയല്ല, അതില്‍ സംവിധായകന്റെ തന്നെയാണ് അവസാന വാക്ക്.

മമ്മൂക്കയിലേക്ക് വന്നാല്‍, മമ്മൂക്കയുമായി സെറ്റില്‍ വെച്ച് നല്ല സൗഹൃദത്തിലായിരുന്നു. കുറെ സംസാരിച്ചു. അദ്ദേഹവുമായി ഏതോ അടുത്ത ബന്ധം പോലെ തന്നെയായി. നേരത്തെ കേട്ട മാതിരിയുള്ള ഒരാളേ അല്ലായിരുന്നു മമ്മൂക്ക സെറ്റില്‍.

ആദ്യമൊക്കെ എന്താണ് ഇയാള്‍ എന്ന് മനസിലാക്കാന്‍ കുറച്ച് പണിപ്പെട്ടു. പിടികൊടുക്കാത്ത പോലെയായിരുന്നു. എന്നാല്‍ പിന്നീട് തുറന്ന് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ അടുത്ത സൗഹൃദത്തിലായി.

ഷൂട്ടിന് തൊട്ടുമുമ്പ് വരെ മമ്മൂക്ക നമ്മളോടൊക്കെ വര്‍ത്തമാനം പറഞ്ഞിരിക്കുകയായിരിക്കും. പക്ഷെ തൊട്ടടുത്ത നിമിഷം ക്യാമറയുടെ മുന്നിലേക്ക് ചെന്ന് കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് കാണേണ്ടത് തന്നെയാണ്. വളരെ മൈന്യൂട്ടായ ചില കാര്യങ്ങളൊക്കെ അദ്ദേഹം ചെയ്യും.

ചില സീനിലൊക്കെ ഞങ്ങള്‍ വല്ലാതെ ബേജാറായി പോയിട്ടുണ്ട്. റിഹേഴ്‌സല്‍ സമയത്തും ടേക്ക് എടുക്കുമ്പോഴും അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് കണ്ടുനില്‍ക്കുമ്പോള്‍ ഞങ്ങളെല്ലം ഇമോഷണലായി പോയിരുന്നു,’ സുരേഷ് ബാബു ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം ജനുവരി 19നാണ് തിയേറ്ററുകളിലെത്തിയത്. ഐ.എഫ്.എഫ്.കെയടക്കമുള്ള ചലച്ചിത്രമേളകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രത്തിന് വലിയ സ്വീകരമാണ് തിയേറ്ററുകളിലും ലഭിച്ചത്.

Content Highlight: Actor T Suresh Babu shares experience with Mammootty in Nanpakal Nerathu Mayakkam

We use cookies to give you the best possible experience. Learn more