| Tuesday, 30th May 2023, 12:41 am

ആ സീന്‍ കഴിഞ്ഞപ്പോഴെന്നോട് പറഞ്ഞു, താനൊരു യഥാര്‍ത്ഥ ആര്‍ട്ടിസ്റ്റാണെന്ന്: ടി.ജി. രവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ സിനിമ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് നടന്‍ ടി.ജി. രവി. പാദസരമെന്ന സിനിമയില്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെയും പി.ജെ. ആന്റണിയുടെയും കൂടെ അഭിനയിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും ആ സിനിമയിലെ ഒരു രംഗം അഭിനയിച്ചതിന് ശേഷം പി.ജെ. ആന്റണി താനൊരു യഥാര്‍ത്ഥ ആര്‍ട്ടിസ്റ്റാണെന്ന് പറഞ്ഞത് ഒരു അവാര്‍ഡ് കിട്ടിയപോലെയായിരുന്നെന്നും മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടന്‍ പറഞ്ഞു.

‘ ഞാനഭിനയിച്ച പാദസരമെന്ന സിനിമയില്‍ കൊട്ടാരക്കര (കൊട്ടാരക്കര ശ്രീധരന്‍ നായര്‍) ചേട്ടനും പി.ജെ. ആന്റണി ചേട്ടനുമുണ്ടായിരുന്നു. എന്റെ ഒരു മോഹമായിരുന്നു അവര്‍ രണ്ടു പേരുടേയും കൂടെ അഭിനയിക്കുകയെന്നത്. ഇവരൊക്കെ ഗംഭീര ആര്‍ട്ടിസ്റ്റുകളാണ്. ഇവരുടെയൊക്കെ സിനിമകള്‍ കണ്ട് ആരാധന തോന്നിയിട്ടുണ്ട്.

അവരുടെ കൂടെയൊക്കെ അഭിനയിക്കുകയെന്നാല്‍ വലിയൊരു ഭാഗ്യമാണ്. പി.ജെ. ആന്റണി ചേട്ടന്റെ കൂടെയൊരു സീനെടുക്കാന്‍ പോയപ്പോള്‍ എനിക്ക് നല്ല ഭയമുണ്ടായിരുന്നു. സീന്‍ അഭിനയിച്ചു കഴിഞ്ഞപ്പോള്‍ എന്നോട് പറഞ്ഞു. ‘ കയ്യില്‍ കാശുള്ള ചിലവന്മാര്‍ വരും, എന്നിട്ട് പ്രമാണിയാവാന്‍ വേണ്ടി സിനിമയെടുക്കും.

അങ്ങനെയുള്ളയാളുകള്‍ക്ക് ഒരു വസ്തുവും അറിയുകയുണ്ടാവില്ല. കല തൊട്ട് തീണ്ടിയിട്ടുണ്ടാവില്ല. തന്നെയും ഞാന്‍ ആ കൂട്ടത്തിലാണ് കൂട്ടിയത്. പക്ഷേ തന്നോടൊത്ത് ഒരു സീന്‍ കഴിഞ്ഞപ്പോഴെനിക്ക് മനസിലായി താനൊരു യഥാര്‍ത്ഥ ആര്‍ട്ടിസ്റ്റാണെന്ന്’ . എനിക്ക് കിട്ടിയ വലിയ അവാര്‍ഡായിരുന്നു അത്, ‘ ടി.ജി. രവി പറഞ്ഞു.

താന്‍ ഇരുപത്തിമൂന്നോളം നാടകത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നും പ്രേംജിയില്‍ നിന്ന് ലഭിച്ച അഭിനന്ദനം തനിക്ക് കിട്ടിയ വലിയൊരു അംഗീകാരമായിരുന്നെന്നും ടി.ജി. രവി പറഞ്ഞു.

‘ ഞാന്‍ കുറേ നാടകത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഏകദേശം ഇരുപത്തിമൂന്നോളം നാടകത്തില്‍ അഭിനയിക്കുകയും കുറച്ച് നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്. ഞാനഭിനയിച്ച സമുദായം എന്നു പേരുള്ള നാടകമുണ്ടായിരുന്നു. അത് കാണാന്‍ പ്രേംജി വന്നിരുന്നു. ഞാന്‍ വളരെ ആരാധനയോടെ കണ്ട ആര്‍ട്ടിസ്റ്റുകളിലൊരാളായിരുന്നു അദ്ദേഹം.

വളരെ എക്‌സന്റ്രിക്കായ ഒരു പ്രൊഫസറുടെ റോളായിരുന്നു ഞാന്‍ അഭിനയിച്ചിരുന്നത്. ഞാന്‍ വളരെ ഉള്‍ക്കൊണ്ട് അഭിനയിച്ചൊരു നാടകമായിരുന്നു അത്. നാടകം അവതരിപ്പിച്ച് കഴിഞ്ഞപ്പോള്‍ പ്രേംജി എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. ഞാന്‍ ചെയ്ത ക്യാരക്ടറിന്റെ ഒരു ഇംപാക്ട് ആയിരുന്നു അത്. എനിക്ക് കിട്ടിയ വലിയൊരു അംഗീകാരമായിരുന്നു അത്, ‘ ടി.ജി. രവി പറഞ്ഞു.

Content Highlights: Actor T.G.Ravi about P.J. Antony and movies

We use cookies to give you the best possible experience. Learn more