| Wednesday, 9th November 2022, 11:07 pm

സൂര്യ വീണ്ടും വേട്ടക്കിറങ്ങുന്നു, സിങ്കത്തിന്റെ നാലാം ഭാഗമൊരുങ്ങുന്നു; റിപ്പോര്‍ട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴില്‍ ഏറെ ആരാധകരുള്ള സൂര്യയുടെ ചിത്രമാണ് സിങ്കം. ഹരി ഗോപാലകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തത്. 2010ല്‍ പുറത്തിറങ്ങിയ ചിത്രം വിജയമായതിനെത്തുടര്‍ന്ന് 2013ല്‍ സിങ്കം 2, 2017ല്‍ സിങ്കം 3 യും പുറത്തിറങ്ങി. ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

ആരാധകരെ ആവേശത്തിലാക്കുന്ന പുതിയ വിവരമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ ഹരി ഗോപാലകൃഷ്ണന്‍ സിങ്കം 4ന്റെ തിരക്കഥ തയ്യാറാക്കാന്‍ തുടങ്ങിയെന്ന് ഇപ്പോള്‍ പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്തു. ചിത്രത്തിന്റെ അടുത്ത വൃത്തങ്ങള്‍ തന്നെയാണ് വിവരം പുറത്ത് വിട്ടിരിക്കുന്നത്.

”ഇപ്പോള്‍ ഹരി മറ്റൊരു പ്രൊജക്ടിന്റെ തിരക്കിലാണ്. എന്നാല്‍ സിങ്കം നാലാം ഭാഗത്തിന്റെ തിരക്കഥക്ക് വേണ്ടിയും അദ്ദേഹം വര്‍ക്ക് ചെയ്യുന്നുണ്ട്. അദ്ദേഹത്തിന് ഒരു ഐഡിയ ഉണ്ട്. ഏകദേശം ചര്‍ച്ചാഘട്ടത്തിലാണ്. പക്ഷെ സിനിമയുടെ അവസാനം ഘട്ടം ലോക്ക് ചെയ്യാന്‍ കുറച്ച് സമയം കൂടി ആവശ്യമാണ്.

വര്‍ക്ക് പൂര്‍ത്തിയായാല്‍ സംവിധായകന്‍ സൂര്യയോട് കഥ പറയും. സിങ്കത്തിന്റെ നാലാം ഭാഗത്തെക്കുറിച്ചുള്ള ചര്‍ച്ചകളെക്കുറിച്ച് സൂര്യക്കും അറിയാം. അദ്ദേഹവും വളരെ ആകാംക്ഷയോടെയാണ് ഉള്ളത്,” ചിത്രത്തിന്റെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

2010ല്‍ പുറത്തിറങ്ങിയ സിങ്കത്തില്‍ പ്രകാശ് രാജ്, അനുഷ്‌ക ഷെട്ടി, ഹന്‍സിക മോത്തുവാനി, വിജയ കുമാര്‍, രാധ രവി തുടങ്ങി നിരവധി താരങ്ങളുണ്ടായിരുന്നു. ചിത്രത്തിന്റെ കൊമോഷ്യല്‍ സക്‌സസിന് ശേഷം മറ്റ് ഭാഷകളിലേക്കും റിമേക്ക് ചെയ്തിരുന്നു.

അതേസമയം ജയ് ഭീമിന് ശേഷം സൂര്യയും ജ്ഞാനവേലും വീണ്ടും ഒന്നിക്കുന്ന സൂര്യ 42 എന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്. രാജ്യമൊട്ടാകെ ചര്‍ച്ച ചെയ്ത ജയ്ഭീം റിലീസിന് തീരുമാനിച്ച പ്രൊജക്ടാണ് സൂര്യ 42. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ. ഇ. ജ്ഞാനവേല്‍ രാജയും യു.വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആര്‍ എസ് സുരേഷ് മണ്യന്‍ ആണ്. പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് രാമ ദോസ്സ് ആണ്. പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍ ഇ വി ദിനേശ് കുമാറുമാണ്. ‘സൂര്യ 42’ന്റെ ഫസ്റ്റ് ലുക്ക് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

ദിഷാ പതാനി നായികയാകുന്ന ‘സൂര്യ 42’ന്റെ സംഭാഷണങ്ങള്‍ എഴുതുന്നത് മദന്‍ കര്‍ക്കിയാണ്. വിവേകയും മദന്‍ കര്‍കിയും ഗാനരചന നിര്‍വഹിക്കുമ്പോള്‍ ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധായകന്‍. വെട്രി പളനിസാമിയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. നിഷാദ് യൂസഫ് ആണ് ചിത്രസംയോജനം നിര്‍വഹിക്കുക.

content highlight: actor surya’s singam 4 report

We use cookies to give you the best possible experience. Learn more