മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷത്തിലെത്തുന്ന കാതലിന് ആശംസകളുമായി നടന്‍ സൂര്യ. സിനിമയുടെ പ്രമേയം ഏറെ മികച്ചതാണെന്നാണെന്ന് സൂര്യ പറഞ്ഞത്.
ജ്യോതികയുടെ ജീവിതപങ്കാളി കൂടിയായ സൂര്യ, നടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെച്ചത്.
‘ഈ സിനിമയുടെ ഐഡിയയും ആദ്യ ദിവസം മുതല്‍ ഈ സിനിമക്ക് വേണ്ടി സംവിധായകന്‍ ജിയോ ബേബിയും മമ്മൂട്ടി കമ്പനിയും എടുത്ത ഓരോ ചുവടുകളും അതിഗംഭീരമാണ്.
മമ്മൂക്കയ്ക്കും ജോയ്ക്കും ടീമിനും കാതല്‍ ദ കോര്‍ സിനിമക്കും എല്ലാ വിധ ആശംസകളും നേരുന്നു. ഹാപ്പി ഹാപ്പി ബര്‍ത്ത്‌ഡേ ജോ,’ സൂര്യ ട്വീറ്റില്‍ കുറിച്ചു.
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ജിയോ ബേബി ഒരുക്കുന്ന ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. മമ്മൂട്ടിയും ജ്യോതികയും വരുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്.
സിനിമയുടെ പേര് കേള്‍ക്കുമ്പോള്‍ തമിഴില്‍ പ്രണയം എന്ന് അര്‍ത്ഥം വരുന്ന കാതല്‍ എന്ന വാക്കാണ് ഇതെന്ന് തോന്നുമെങ്കിലും, കാതലിനൊപ്പം ദ കോര്‍ എന്നു കൂടി പോസ്റ്ററിലെ പേരിലുണ്ട്.
ഇതോടെ ഏറ്റവും പ്രധാന ഭാഗമെന്ന് അര്‍ത്ഥം വരുന്ന മലയാളത്തിലെ കാതലാണ് ചിത്രത്തിന്റെ പേരെന്ന് വ്യക്തമാകും.
മമ്മൂട്ടി കമ്പനിയാണ് കാതല്‍ നിര്‍മിക്കുന്നത്. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
ജിയോ ബേബിയുടെ മുന്‍ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച സാലു കെ. തോമസാണ് കാതലിലും ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഫ്രാന്‍സിസ് ലൂയിസാണ് എഡിറ്റിങ്. മാത്യൂസ് പുളിക്കനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
കഥ കേട്ടപ്പോള്‍ മമ്മൂട്ടിയാണ് മനസില്‍ വന്നതെന്നും അദ്ദേഹത്തിന് തന്നെയായിരിക്കും ഈ വേഷം ചെയ്യാനാകുകയെന്ന് തോന്നിയതുകൊണ്ടാണ് മമ്മൂട്ടിയെ സമീപിച്ചതെന്നും ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ജിയോ ബേബി പറഞ്ഞിരുന്നു.
ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഓള്‍ഡ് ഏജ് ഹോം, ശ്രീധന്യ കാറ്ററിങ്സ് എന്നീ ചിത്രങ്ങളൊരുക്കിയ ജിയോ ബേബിക്കൊപ്പം മമ്മൂട്ടിയെത്തുന്നന്നതിന്റെ സന്തോഷത്തിലാണ് സിനിമാപ്രേമികള്‍. 2022ല്‍ വ്യത്യസ്തമായ പ്രമേയങ്ങളും കഥ പറച്ചില്‍ രീതികളുമായെത്തുന്ന സിനിമകള്‍ക്ക് പ്രാധാന്യം നല്‍കുന്ന മമ്മൂട്ടിയും മമ്മൂട്ടി കമ്പനിയെന്ന പ്രൊഡക്ഷന്‍ ഹൗസും മികച്ച ചിത്രമായി തന്നെയായിരിക്കുമെത്തുക എന്നാണ് പ്രേക്ഷകരുടെ കമന്റുകള്‍.
മമ്മൂട്ടി കമ്പനി നിര്‍മിച്ച റോഷാക്ക് തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ നന്‍പകല്‍ നേരത്ത് മയക്കം ഐ.എഫ്.എഫ്.കെയിലെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഏറെ നാളുകള്‍ക്ക് ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുവെന്നതും ആരാധകരെ ആവേശത്തിലാഴ്ത്തുന്നുണ്ട്. രാക്കിളിപ്പാട്ട്, സീതാകല്യാണം എന്നീ സിനിമകളാണ് ജ്യോതിക നേരത്തെ മലയാളത്തില്‍ ചെയ്തിട്ടുള്ളത്.
Content Highlight: Actor Surya conveys wishes to Mammootty-Jyothika movie Kaathal