| Tuesday, 18th October 2022, 8:16 am

ലോകേഷ് കനകരാജ് വിളിച്ചപ്പോള്‍ നോ പറയാനാണ് ഫോണ്‍ എടുത്തത്; റോളക്‌സിലേക്ക് വന്നതിനെ പറ്റി സൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2022 ഫിലിം ഫെയര്‍ അവാര്‍ഡിലെ നടന്‍ സൂര്യയുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. സൂരരൈ പോട്രിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷമുള്ള പ്രസംഗമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ലോകേഷ് കനകരാജ് ചിത്രം വിക്രത്തിലെ അതിഥി വേഷം നിരസിക്കാനാണ് ആദ്യം തീരുമാനിച്ചതെന്നാണ് സൂര്യ വീഡിയോയില്‍ പറയുന്നത്.

‘സിനിമയിലേക്ക് ഇല്ല, വേണ്ട എന്ന് പറയാനാണ് ലോകേഷിന്റെ ഫോണ്‍ എടുത്തത്. പക്ഷേ ഇത് ചെയ്യാമെന്നാണ് പറഞ്ഞത്. അവസാന നിമിഷം എടുത്ത തീരുമാനമായിരുന്നു അത്. ആ കഥാപാത്രത്തിന് ഇത്രയും സ്‌നേഹം കിട്ടുമെന്ന് ഞാന്‍ കരുതിയതല്ല. നിങ്ങളുടെയെല്ലാം സ്‌നേഹത്തിന് നന്ദി. ഇനി റോളക്‌സ് എപ്പോള്‍ വരുമെന്നുള്ളത് കാലം പറയും. വരുവാണെങ്കില്‍ ചെയ്യും,’ സൂര്യ പറഞ്ഞു.

ജയ് ഭീമിനെ സ്വീകരിച്ചതിനും പ്രേക്ഷകരോട് സൂര്യ നന്ദി പറഞ്ഞു. ‘ഈ സിനിമയെ ഏറ്റെടുത്തതിന് നന്ദി. നിങ്ങളുടെ ജയ് ഭീമിനെ പോട്രിനെ മാറ്റി. അതിന് വളരെ നന്ദി. ഞങ്ങള്‍ക്ക് ചെറിയ ഭയമുണ്ടായിരുന്നു. ദീപാവലിക്കാണ് സിനിമ റിലീസ് ചെയ്യുന്നത്. അപ്പോള്‍ പ്രേക്ഷകര്‍ ഇത് എങ്ങനെ സ്വീകരിക്കുമെന്ന് ഒരു ആശങ്ക ഉണ്ടായിരുന്നു.

എന്നാല്‍ പ്രേക്ഷകരില്‍ നിന്നും, പ്രത്യേകിച്ചും യുവ ജനങ്ങളില്‍ നിന്നും വന്ന പ്രതികരണങ്ങള്‍ വലിയ സന്തോഷമാണ് നല്‍കിയത്. ഇതിനെ ഒരു തമിഴ് സിനിമയാക്കി ചുരുക്കാതെ ഇന്ത്യ മുഴുവനും അറിയപ്പെടുന്ന സിനിമയാക്കി മാറ്റിയതിന്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിരുത്തൈ ശിവയുടെ സംവിധാനത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സൂര്യ 42 എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. ത്രീഡിയിലാണ് ചിത്രം നിര്‍മിക്കുന്നത്. ബോളിവുഡ് നടി ദിഷാ പടാനിയാണ് ചിത്രത്തിലെ നായിക.

സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍രാജയും യു.വി. ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Actor Suriya’s speech at Filmfare Awards 2022 is going viral on social media

We use cookies to give you the best possible experience. Learn more