സൂര്യയുടെ കരിയറിലെ ഏറ്റവും ഒടുവിലത്തെ ഹിറ്റ് ചിത്രമാണ് സുധ കൊങ്ങരയുടെ സംവിധാനത്തിലൊരുങ്ങിയ സുരറൈ പോട്ര്. ഇന്ത്യയിലെ ആദ്യ ബജറ്റ് എയര്‍ലൈനായ എയര്‍ ഡെക്കാന്റെ സ്ഥാപകന്‍ ജി.ആര്‍.ഗോപിനാഥിന്റെ ജീവിതം പറയുന്ന സിനിമ വലിയ വിജയമാണ് നേടിയത്. മാരന്‍ എന്ന കഥാപാത്രം സൂര്യ എന്ന നടന്റെ അഭിനയജീവിതത്തില്‍ ഒരു പൊന്‍തൂവല്‍കൂടി ചാര്‍ത്തി.
എന്നാല്‍ സിനിമയിലെത്തണമെന്ന് ഒരിക്കല്‍പോലും ആഗ്രഹിക്കാതെ ഈ മേഖലയില്‍ എത്തിയ ആളാണ് താനെന്ന് പറയുകയാണ് നടന്‍ സൂര്യ. അച്ഛന്‍ ശിവകുമാറിന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് വരാന്‍ തനിക്ക് താത്പര്യമില്ലായിരുന്നുവെന്നാണ് കേരള കൗമുദി മൂവീസിന് അനുവദിച്ച അഭിമുഖത്തില്‍ സൂര്യ പറഞ്ഞത്.
സിനിമയില്‍ എത്തുന്നതിന് മുന്‍പ് ഒരു വസ്ത്രകയറ്റുമതി സ്ഥാപനത്തില്‍ 736 രൂപ മാസശമ്പളത്തില്‍ താന്‍ ജോലി ചെയ്തിരുന്നെന്നും അന്നൊക്കെ പതിനെട്ട് മണിക്കൂര്‍ വരെ ഓരോ ദിവസവും താന്‍ ജോലി ചെയ്തിട്ടുണ്ടെന്നും സൂര്യ പറയുന്നു.
’18 വയസ് തികയുമ്പോള്‍ നമ്മളെല്ലാവരും ഒരു പ്രത്യേക മാനസികാവസ്ഥയിലൂടെയാവും കടന്നുപോവുക. ഭാവിയെ കുറിച്ച് ചിന്തിച്ചു തുടങ്ങുന്ന സമയമാണ് അത്. എന്നെ ആരെങ്കിലും അംഗീകരിക്കുമോ, സമൂഹം എങ്ങനെയാവും എന്നെ മനസിലാക്കുക എന്നിങ്ങനെയുള്ള ചോദ്യം മനസിലേക്ക് കടന്നുവരും.
അച്ഛന്‍ ശിവകുമാറിന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് വരാന്‍ എനിക്ക് താത്പര്യമില്ലായിരുന്നു. അപ്പോഴാണ് വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഒരു കമ്പനിയില്‍ എനിക്ക് ജോലി ലഭിച്ചത്. ദിവസവും 18 മണിക്കൂര്‍ ജോലി ചെയ്യേണ്ടിയിരുന്നു. മാസശമ്പളമായി ലഭിച്ചിരുന്നത് 736 രൂപയും. മാസം തോറും ശമ്പളമായി കിട്ടുന്ന ആ വെളുത്ത കവറിന്റെ കനം ഇന്നുമെനിക്ക് ഓര്‍മ്മയുണ്ട്. സൂരറൈ പോട്ര് എന്ന ചിത്രത്തിലൂടെ എന്റെ ആ പഴയ ദിവസങ്ങളില്‍ ഞാന്‍ ജീവിക്കുകയായിരുന്നു’, സൂര്യ പറയുന്നു.
ഇറുതിച്ചുറ്റ് എന്ന ചിത്രം കണ്ടപ്പോള്‍ തന്നെ സുധ കൊങ്ങരയുടെ സംവിധാനത്തില്‍ അഭിനയിക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നെന്നും തനിക്ക് രാഖി കെട്ടുന്ന സഹോദരിയാണ് സുധയെന്നും സൂര്യ അഭിമുഖത്തില്‍ പറയുന്നുണ്ട്.
കുറെക്കാലങ്ങളായി ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. അവരുടെ സംവിധാനത്തില്‍ സുരാരൈ പോട്രില്‍ ഞാന്‍ വ്യത്യസ്തനായി കാണപ്പെട്ടു. സിനിമ മുഴുവന്‍ ചിരിക്കാതെ സീരിയസായി മാത്രം അഭിനയിക്കേണ്ടി വന്നത് ഒരു ചലഞ്ചായിരുന്നു.
ഒരു ഡയരക്ടര്‍ എങ്ങനെ ആയിരിക്കണമോ അതാണ് സുധ. അവര്‍ അവരുടെ കഴിവിനൊത്ത് ഈ സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരുപാട് കാര്യങ്ങള്‍ നടത്തിക്കാണിച്ചുകൊണ്ടാണ് അവരും മുന്നോട്ടു വന്നത്. ജീവിതത്തിലെ വ്യത്യസ്ത ഘട്ടങ്ങളില്‍ പലരും സുധയോട് എങ്ങനെയുള്ള സമീപനമാണ് സ്വീകരിച്ചത്, ഏത് സാഹചര്യങ്ങളിലൂടെയാണ് അവര്‍ കടന്നുവന്നത് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഞങ്ങള്‍ക്ക് സുരാറൈ പോട്രില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്.
ഒരു പുതിയ അന്തരീക്ഷം, ഒരു പുതിയ പാഠം, അതാണ് സുധ എനിക്ക് നല്‍കിയത്. ഇങ്ങനെയും ഇത് ചെയ്യാമല്ലോ എന്ന് സുധ എന്നെ ചിന്തിപ്പിച്ചു. വളരെ ആസ്വദിച്ചാണ് ഈ ചിത്രത്തിനായി ഞാന്‍ പ്രവര്‍ത്തിച്ചത്. അങ്ങേയറ്റം പ്രൊഡ്യൂസര്‍ ഫ്രണ്ട്‌ലിയായ സംവിധായികയാണ് സുധ.
ഓരോ ദിവസവും ഏകദേശം അഞ്ച് മണിക്കൂര്‍ എന്ന കണക്കില്‍ മൂന്ന് വര്‍ഷക്കാലം അവര്‍ ഈ സിനിമയെ കുറിച്ചാണ് സംസാരിച്ചത്. എന്നും പുലര്‍ച്ചെ നാലുമണിക്കൊക്കെ സിനിമയെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കും. സത്യത്തില്‍ ഒരു മോണ്‍സ്റ്ററിനെപ്പോലെയാണ് സുധ’, അഭിമുഖത്തില്‍ സൂര്യ പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക