അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം; സിനിമാട്ടോഗ്രാഫ് നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി തമിഴ് സിനിമാ ലോകം
Movie Day
അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം; സിനിമാട്ടോഗ്രാഫ് നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി തമിഴ് സിനിമാ ലോകം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd July 2021, 10:07 pm

സിനിമാട്ടോഗ്രാഫ് നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തമിഴ് ചലച്ചിത്ര പ്രവര്‍ത്തകര്‍. സംവിധായകന്‍ പാ രഞ്ജിത്ത്, നടന്‍ സൂര്യ എന്നിവരടക്കമുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

നിയമം ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ബാധിക്കുമെന്നും അതിനാല്‍ നിയമം പിന്‍വലിക്കണമെന്നുമാണ് പാ രഞ്ജിത്ത് ആവശ്യപ്പെട്ടത്.

‘സിനിമയിലെ അഭിപ്രായ സ്വാതന്ത്ര്യത്തെ അപകടകരമായ രീതിയില്‍ ബാധിക്കുന്ന മാതൃകയാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വെച്ച സിനിമാട്ടോഗ്രാഫ് 2021 ഭേദഗതി. ഈ ഭേദഗതി എടുത്ത് കളയണം എന്നു കൂടി ഞങ്ങള്‍ ആവശ്യപ്പെടുന്നു,’ പാ രഞ്ജിത്ത് ട്വീറ്റ് ചെയ്തു.

സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ബില്ല്. കരടിന്‍മേല്‍ ജനാഭിപ്രായം തേടിയിട്ടുണ്ട്.

‘നിയമമെന്നത് അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിനാണ്. അത് ഉയരുന്ന ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ളതല്ല,’ എന്നാണ് സൂര്യ ട്വീറ്റ് ചെയ്തത്. ട്വീറ്റിനൊപ്പം ഭേദഗതിയുടെ കരടിന്റെ പകര്‍പ്പും സൂര്യ പങ്കുവെച്ചിട്ടുണ്ട്.

ഇന്നാണ് വിയോജിപ്പുകള്‍ രേഖപ്പെടുത്താനുള്ള അവസാന ദിവസമെന്നും അതില്‍ പോയി വിയോജിപ്പ് രേഖപ്പെടുത്തൂ എന്നും സൂര്യ ആവശ്യപ്പെടുന്നു.

നടപടിക്കെതിരെ സംവിധായകന്‍ കാര്‍ത്തിക്ക് സുബ്ബരാജും രംഗത്തെത്തിയിരുന്നു.

പുതിയ ബില്‍ നിയമമായാല്‍ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയാലും അത് റദ്ദാക്കാന്‍ സര്‍ക്കാരിന് സാധിക്കും. സിനിമാട്ടോഗ്രാഫ് നിയമം ഭേദഗതി ചെയ്യാനുള്ള തീരുമാനത്തില്‍ കേന്ദ്രം പിന്തിരിയണമെന്ന് ഫെഫ്കയും ആവശ്യപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Suriya and Pa Ranjith and other Tamil film workers against Cinematograph amendment of 2021