| Thursday, 27th May 2021, 12:23 pm

സിനിമയില്‍ എത്തണമെന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല; സൂരറൈ പോട്രിലൂടെ എന്റെ ആ പഴയ ദിവസങ്ങളില്‍ ഞാന്‍ ജീവിക്കുകയായിരുന്നു; സൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അച്ഛന്‍ ശിവകുമാറിന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് വരാന്‍ തനിക്ക് ഒട്ടും താത്പര്യമില്ലായിരുന്നെന്നും അക്കാലത്തൊന്നും സിനിമയില്‍ എത്താന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും നടന്‍ സൂര്യ.

സിനിമയില്‍ എത്തുന്നതിന് മുന്‍പ് ഒരു വസ്ത്രക്കയറ്റുമതി സ്ഥാപനത്തില്‍ 736 രൂപ മാസശമ്പളത്തില്‍ താന്‍ ജോലി ചെയ്തിരുന്നെന്നും അന്നൊക്കെ പതിനെട്ട് മണിക്കൂര്‍ വരെ ഓരോ ദിവസവും താന്‍ ജോലി ചെയ്തിട്ടുണ്ടെന്നും സൂര്യ പറയുന്നു. സൂരറൈ പോട്ര് എന്ന ചിത്രത്തിലൂടെ തന്റെ ആ പഴയ ദിവസങ്ങളില്‍ താന്‍ ജീവിക്കുകയായിരുന്നെന്നും സൂര്യ പറയുന്നു.

സൂര്യയുടെ കരിയറിലെ ഏറ്റവും ഒടുവിലത്തെ ഹിറ്റ് ചിത്രമാണ് സുധ കൊങ്കാരയുടെ സംവിധാനത്തിലൊരുങ്ങിയ സുരറൈ പോട്ര്. ഇന്ത്യയിലെ ആദ്യ ബജറ്റ് എയര്‍ലൈനായ എയര്‍ ഡെക്കാന്റെ സ്ഥാപകന്‍ ജി.ആര്‍.ഗോപിനാഥിന്റെ ജീവിതം പറയുന്ന സിനിമ വലിയ വിജയമാണ് നേടിയത്. മാരന്‍ എന്ന കഥാപാത്രം സൂര്യയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായി.

ഇറുതിച്ചുറ്റ് എന്ന ചിത്രം കണ്ടപ്പോള്‍ തന്നെ സുധ കൊങ്കാരയുടെ സംവിധാനത്തില്‍ അഭിനയിക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നെന്നും തനിക്ക് രാഖി കെട്ടുന്ന സഹോദരിയാണ് സുധയെന്നും സൂര്യ പറയുന്നു.

കുറെക്കാലങ്ങളായി ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. അവരുടെ സംവിധാനത്തില്‍ സുരാരൈ പോട്രില്‍ ഞാന്‍ വ്യത്യസ്തനായി കാണപ്പെട്ടു. സിനിമ മുഴുവന്‍ ചിരിക്കാതെ സീരിയസായി മാത്രം അഭിനയിക്കേണ്ടി വന്നത് ഒരു ചലഞ്ചായിരുന്നെന്നും സൂര്യ പറയുന്നു.

ഒരു ഡയരക്ടര്‍ എങ്ങനെ ആയിരിക്കണമോ അതാണ് സുധ. അവര്‍ അവരുടെ കഴിവിനൊത്ത് ഈ സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരുപാട് കാര്യങ്ങള്‍ നടത്തിക്കാണിച്ചുകൊണ്ടാണ് അവരും മുന്നോട്ടു വന്നത്. ജീവിതത്തിലെ വ്യത്യസ്ത ഘട്ടങ്ങളില്‍ പലരും സുധയോട് എങ്ങനെയുള്ള സമീപനമാണ് സ്വീകരിച്ചത്, ഏത് സാഹചര്യങ്ങളിലൂടെയാണ് അവര്‍ കടന്നുവന്നത് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഞങ്ങള്‍ക്ക് സുരാറൈ പോട്രില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചിട്ടുണ്ടെന്നും സൂര്യ പറയുന്നു.

ഒരു പുതിയ അന്തരീക്ഷം, ഒരു പുതിയ പാഠം, അതാണ് സുധ എനിക്ക് നല്‍കിയത്. ഇങ്ങനെയും ഇത് ചെയ്യാമല്ലോ എന്ന് സുധ എന്നെ ചിന്തിപ്പിച്ചു. വളരെ ആസ്വദിച്ചാണ് ഈ ചിത്രത്തിനായി ഞാന്‍ പ്രവര്‍ത്തിച്ചത്. അങ്ങേയറ്റം പ്രൊഡ്യൂസര്‍ ഫ്രണ്ട്ലിയായ സംവിധായികയാണ് സുധയെന്നും സൂര്യ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Actor Suriya About Movie Soorarai pottru and his Life

We use cookies to give you the best possible experience. Learn more