സുരാരൈ പോട്രു എന്ന സിനിമയുടെ വന്‍ വിജയത്തിന്റെ സന്തോഷത്തിലാണ് നടന്‍ സൂര്യയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും. സിനിമ വലിയ സ്‌ക്രീനില്‍ ആളുകളെ കാണിക്കാന്‍ കഴിയണമെന്നായിരുന്നു ആഗ്രഹമെന്നും എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ അത് പ്രായോഗികമായില്ലെന്നും സൂര്യ പറയുന്നു.
സിനിമയില്‍ വരുമ്പോള്‍ ഒരിക്കലും സൂര്യ ആകാതിരിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും അതിന് ലുക്കുകളില്‍ മാറ്റം വരുത്തുകയാണ് വേണ്ടതെങ്കില്‍ അങ്ങനെ ചെയ്യുമെന്നും താരം പറയുന്നു.
‘എന്നെക്കൊണ്ട് പെട്ടെന്ന് മറ്റൊരു കഥാപാത്രമായി മാറാന്‍ സാധിക്കില്ല. മോഹന്‍ലാല്‍ സാര്‍ ഒക്കെ സെറ്റില്‍ വന്ന് ആക്ഷന്‍ കേട്ട് തൊട്ടടുത്ത നിമിഷം കഥാപാത്രമായി മാറും. കണ്ണടച്ചു തുറക്കും മുമ്പാണ് അദ്ദേഹം ആ കഥാപാത്രമായി മാറുന്നത്.
അദ്ദേഹത്തിനൊപ്പം അഭിനയിച്ചപ്പോള്‍ ഞാനത് നേരില്‍ കണ്ടിട്ടുള്ളതാണ്. എന്നെ സംബന്ധിച്ച് മറ്റൊരു കഥാപാത്രമാകാന്‍ ലുക്ക് ചെയ്ഞ്ച് അത്യാവശ്യമാണ്.
അന്‍പുചെല്‍വനെ കണ്ടാലും ദുരൈസിങ്കത്തെ കണ്ടാലും ഒരുപോലെ ഇരുന്നാല്‍ ശരിയാവില്ലല്ലോ. നാളെ ഏതെങ്കിലും ഒരു സിനിമയിലെ സ്റ്റില്‍ കണ്ടാല്‍ ആ സിനിമ ഏതാണെന്ന് അവര്‍ക്ക് മനസ്സിലാകണം. എല്ലാ സിനിമയിലും ഒരുപോലെ ഇരുന്നാല്‍ ശരിയാകില്ല’, സൂര്യ പറയുന്നു.
ഒ.ടി.ടി റിലീസ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും പക്ഷേ ഇതിനോടൊക്കെ പൊരുത്തപ്പെട്ടേ മതിയാകൂവെന്നും സൂര്യ പറയുന്നു. ഈ സിനിമ വലിയ സ്‌ക്രീനില്‍ കാണണം എന്നൊക്കെ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ ഇക്കാലത്ത് അതു നടക്കില്ല. സംഗീത സംവിധാനം നിര്‍വഹിച്ച ജി.വി. പ്രകാശ് കുമാര്‍ ഇതിന്റെ പാട്ടൊക്കെ റെഡിയാക്കി ഇപ്പോള്‍ ഫോണില്‍ പ്ലേ ചെയ്തു എല്ലാം കേള്‍ക്കുന്നുണ്ടോ എന്നൊക്കെ ചോദിക്കും.
തീയേറ്ററിലെ ഡോള്‍ബി സംവിധാനത്തിലാണ് നേരത്തെ ഇതു പരിശോധിച്ചിരുന്നത്. നാം ഇപ്പോള്‍ നമുക്ക് ചുറ്റുമുള്ളതിനോട് പൊരുത്തപ്പെടാന്‍ ശ്രമിക്കുകയാണ്. പൊരുത്തപ്പെടാതെ വേറെ മാര്‍ഗമില്ല.’, സൂര്യ പറയുന്നു.
ലോക്ഡൗണ്‍ കാലത്തെ താങ്കളുടെ നീളന്‍ മുടിയുടെ ലുക്ക് കേരളത്തില്‍ ട്രെന്‍ഡിങ്ങാണല്ലോ എന്ന ചോദ്യത്തിന്
നീട്ടിയ മുടിയുടെ ലുക്ക് കേരളത്തിലാണ് ശരിക്കും ആരംഭിച്ചതെന്നായിരുന്നു സൂര്യയുടെ മറുപടി. ഇത് ലോക്ഡൗണ്‍ കാലത്ത് വളര്‍ത്താന്‍ തുടങ്ങിയതാണ്. പക്ഷേ ഇതു കണ്ട് രണ്ടു സംവിധായകര്‍ ഈ ലുക്കില്‍ സിനിമ ചെയ്യാമെന്നു പറഞ്ഞു.
ദീപാവലിക്കു ശേഷം ആദ്യം ഈ ലുക്കില്‍ ഗൗതം വാസുദേവ മേനോന്റെ സിനിമയില്‍ അഭിനയിക്കും. ശേഷം മറ്റൊരു സംവിധായകന്റെ ചിത്രത്തിലും അഭിനയിക്കും. പിന്നെ ഈ സിനിമയിലെ മേക്കോവര്‍ സത്യത്തില്‍ അടിച്ചേല്‍പ്പിച്ചതാണ്. അതു ചെയ്യാതെ എനിക്ക് മറ്റു മാര്‍ഗങ്ങള്‍ ഇല്ലായിരുന്നു.
പതിനെട്ടുകാരനായി ഞാന്‍ അഭിനയിച്ചാല്‍ ആളുകള്‍ ചിരിക്കുമെന്ന് ഞാന്‍ സുധയോട് (സൂരരൈ പോട്ര് സംവിധായിക) പറഞ്ഞിരുന്നു. പക്ഷേ എന്തോ സുധയ്ക്ക് എന്നെ വിശ്വാസമായിരുന്നു. എല്ലാവരുടെയും സഹായത്തോടെ ഡയറ്റ് ഒക്കെ നോക്കി 27 ദിവസത്തെ ക്രാഷ് കോഴ്‌സിനൊടുവില്‍ 4 കിലോ കുറച്ചു. വെയിറ്റ് കുറച്ചു എന്നതിനെക്കാള്‍ മസില്‍ കുറച്ചു എന്നു പറയുന്നതാവും ശരി’, സൂര്യ പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actor Suriya about Mohanlal and Soorarai Pottru