| Wednesday, 26th May 2021, 11:58 am

ലാലേട്ടന്റെ ആ മാറ്റം നേരില്‍ കണ്ടതാണ്, പക്ഷേ എന്നെക്കൊണ്ട് അതിന് സാധിക്കില്ല: സൂര്യ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്നെ സംബന്ധിച്ച് ഒരു കഥാപാത്രമായി മാറുകയെന്നത് അത്ര അനായാസമല്ലെന്നും കഥാപാത്രമായി മാറാന്‍ ലുക്ക് ചെയ്ഞ്ച് അത്യാവശ്യമാണെന്നും പറയുകയാണ് നടന്‍ സൂര്യ. എന്നാല്‍ മോഹന്‍ലാല്‍ സാറിനെപ്പോലുള്ളവരൊക്കെ നിമിഷ നേരം കൊണ്ട് കഥാപാത്രമായി മാറുമെന്നും അത് താന്‍ നേരിട്ട് കണ്ടതാണെന്നും സൂര്യ പറയുന്നു.

‘എന്നെക്കൊണ്ട് പെട്ടെന്ന് മറ്റൊരു കഥാപാത്രമായി മാറാന്‍ സാധിക്കില്ല. മോഹന്‍ലാല്‍ സാര്‍ ഒക്കെ സെറ്റില്‍ വന്ന് ആക്ഷന്‍ കേട്ട് തൊട്ടടുത്ത നിമിഷം കഥാപാത്രമായി മാറും. കണ്ണടച്ചു തുറക്കും മുമ്പാണ് അദ്ദേഹം ആ കഥാപാത്രമായി മാറുന്നത്. അദ്ദേഹത്തിനൊപ്പം അഭിനയിച്ചപ്പോള്‍ ഞാനത് നേരില്‍ കണ്ടിട്ടുള്ളതാണ്. എന്നെ സംബന്ധിച്ച് മറ്റൊരു കഥാപാത്രമാകാന്‍ ലുക്ക് ചെയ്ഞ്ച് അത്യാവശ്യമാണ്.

സിനിമയില്‍ വരുമ്പോള്‍ ഒരിക്കലും സൂര്യ ആകാതിരിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും അതിന് ലുക്കുകളില്‍ മാറ്റം വരുത്തുകയാണ് വേണ്ടതെങ്കില്‍ അങ്ങനെ ചെയ്യുമെന്നും താരം പറയുന്നു.

അന്‍പുചെല്‍വനെ കണ്ടാലും ദുരൈസിങ്കത്തെ കണ്ടാലും ഒരുപോലെ ഇരുന്നാല്‍ ശരിയാവില്ലല്ലോ. നാളെ ഏതെങ്കിലും ഒരു സിനിമയിലെ സ്റ്റില്‍ കണ്ടാല്‍ ആ സിനിമ ഏതാണെന്ന് അവര്‍ക്ക് മനസ്സിലാകണം. എല്ലാ സിനിമയിലും ഒരുപോലെ ഇരുന്നാല്‍ ശരിയാകില്ല’, സൂര്യ പറയുന്നു.

കൊവിഡ് ലോക്ഡൗണ്‍ തുടങ്ങിയ സമയത്തുള്ള താങ്കളുടെ നീളന്‍ മുടിയുടെ ലുക്ക് കേരളത്തില്‍ ട്രെന്‍ഡിങ്ങാണല്ലോ എന്ന ചോദ്യത്തിന് നീട്ടിയ മുടിയുടെ ലുക്ക് കേരളത്തിലാണ് ശരിക്കും ആരംഭിച്ചതെന്നായിരുന്നു സൂര്യയുടെ മറുപടി. ഇത് ലോക്ഡൗണ്‍ കാലത്ത് വളര്‍ത്താന്‍ തുടങ്ങിയതാണ്. പക്ഷേ ഇതു കണ്ട് രണ്ടു സംവിധായകര്‍ ഈ ലുക്കില്‍ സിനിമ ചെയ്യാമെന്നു പറഞ്ഞു.

സൂരറൈ പോട്രു എന്ന സിനിമയിലെ മേക്കോവര്‍ സത്യത്തില്‍ അടിച്ചേല്‍പ്പിച്ചതാണ്. അതു ചെയ്യാതെ എനിക്ക് മറ്റു മാര്‍ഗങ്ങള്‍ ഇല്ലായിരുന്നു.
പതിനെട്ടുകാരനായി ഞാന്‍ അഭിനയിച്ചാല്‍ ആളുകള്‍ ചിരിക്കുമെന്ന് ഞാന്‍ സുധയോട് (സൂരരൈ പോട്ര് സംവിധായിക) പറഞ്ഞിരുന്നു. പക്ഷേ എന്തോ സുധയ്ക്ക് എന്നെ വിശ്വാസമായിരുന്നു. എല്ലാവരുടെയും സഹായത്തോടെ ഡയറ്റ് ഒക്കെ നോക്കി 27 ദിവസത്തെ ക്രാഷ് കോഴ്സിനൊടുവില്‍ 4 കിലോ കുറച്ചു. വെയിറ്റ് കുറച്ചു എന്നതിനെക്കാള്‍ മസില്‍ കുറച്ചു എന്നു പറയുന്നതാവും ശരി’, സൂര്യ പറയുന്നു.

സൂരറൈ പോട്രുവിന്റെ ഒ.ടി.ടി റിലീസ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും പക്ഷേ ഇതിനോടൊക്കെ പൊരുത്തപ്പെട്ടേ മതിയാകൂവെന്നും സൂര്യ പറയുന്നു. ഈ സിനിമ വലിയ സ്‌ക്രീനില്‍ കാണണം എന്നൊക്കെ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ ഇക്കാലത്ത് അതു നടക്കില്ല. നാം ഇപ്പോള്‍ നമുക്ക് ചുറ്റുമുള്ളതിനോട് പൊരുത്തപ്പെടാന്‍ ശ്രമിക്കുകയാണ്. പൊരുത്തപ്പെടാതെ വേറെ മാര്‍ഗമില്ല, സൂര്യ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Actor Suriya About Mohanlal

Latest Stories

We use cookies to give you the best possible experience. Learn more