തന്നെ സംബന്ധിച്ച് ഒരു കഥാപാത്രമായി മാറുകയെന്നത് അത്ര അനായാസമല്ലെന്നും കഥാപാത്രമായി മാറാന്‍ ലുക്ക് ചെയ്ഞ്ച് അത്യാവശ്യമാണെന്നും പറയുകയാണ് നടന്‍ സൂര്യ. എന്നാല്‍ മോഹന്‍ലാല്‍ സാറിനെപ്പോലുള്ളവരൊക്കെ നിമിഷ നേരം കൊണ്ട് കഥാപാത്രമായി മാറുമെന്നും അത് താന്‍ നേരിട്ട് കണ്ടതാണെന്നും സൂര്യ പറയുന്നു.
‘എന്നെക്കൊണ്ട് പെട്ടെന്ന് മറ്റൊരു കഥാപാത്രമായി മാറാന്‍ സാധിക്കില്ല. മോഹന്‍ലാല്‍ സാര്‍ ഒക്കെ സെറ്റില്‍ വന്ന് ആക്ഷന്‍ കേട്ട് തൊട്ടടുത്ത നിമിഷം കഥാപാത്രമായി മാറും. കണ്ണടച്ചു തുറക്കും മുമ്പാണ് അദ്ദേഹം ആ കഥാപാത്രമായി മാറുന്നത്. അദ്ദേഹത്തിനൊപ്പം അഭിനയിച്ചപ്പോള്‍ ഞാനത് നേരില്‍ കണ്ടിട്ടുള്ളതാണ്. എന്നെ സംബന്ധിച്ച് മറ്റൊരു കഥാപാത്രമാകാന്‍ ലുക്ക് ചെയ്ഞ്ച് അത്യാവശ്യമാണ്.
സിനിമയില്‍ വരുമ്പോള്‍ ഒരിക്കലും സൂര്യ ആകാതിരിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും അതിന് ലുക്കുകളില്‍ മാറ്റം വരുത്തുകയാണ് വേണ്ടതെങ്കില്‍ അങ്ങനെ ചെയ്യുമെന്നും താരം പറയുന്നു.
അന്‍പുചെല്‍വനെ കണ്ടാലും ദുരൈസിങ്കത്തെ കണ്ടാലും ഒരുപോലെ ഇരുന്നാല്‍ ശരിയാവില്ലല്ലോ. നാളെ ഏതെങ്കിലും ഒരു സിനിമയിലെ സ്റ്റില്‍ കണ്ടാല്‍ ആ സിനിമ ഏതാണെന്ന് അവര്‍ക്ക് മനസ്സിലാകണം. എല്ലാ സിനിമയിലും ഒരുപോലെ ഇരുന്നാല്‍ ശരിയാകില്ല’, സൂര്യ പറയുന്നു.
കൊവിഡ് ലോക്ഡൗണ്‍ തുടങ്ങിയ സമയത്തുള്ള താങ്കളുടെ നീളന്‍ മുടിയുടെ ലുക്ക് കേരളത്തില്‍ ട്രെന്‍ഡിങ്ങാണല്ലോ എന്ന ചോദ്യത്തിന് നീട്ടിയ മുടിയുടെ ലുക്ക് കേരളത്തിലാണ് ശരിക്കും ആരംഭിച്ചതെന്നായിരുന്നു സൂര്യയുടെ മറുപടി. ഇത് ലോക്ഡൗണ്‍ കാലത്ത് വളര്‍ത്താന്‍ തുടങ്ങിയതാണ്. പക്ഷേ ഇതു കണ്ട് രണ്ടു സംവിധായകര്‍ ഈ ലുക്കില്‍ സിനിമ ചെയ്യാമെന്നു പറഞ്ഞു.