| Tuesday, 2nd November 2021, 12:27 pm

ലിജോ മോളും മണികണ്ഠനും കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു; അഭിനന്ദനവുമായി സൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തിരിക്കുന്ന സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ ജയ് ഭീം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രങ്ങളായി എത്തിയ മലയാള താരം ലിജോ മോളേയും മണികണ്ഠനേയും അഭിനന്ദിക്കുകയാണ് നടന്‍ സൂര്യ.

ഇരുവരും കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നുവെന്നാണ് സൂര്യ പറഞ്ഞത്. രണ്ടുപേരും ഇരുള വിഭാഗക്കാര്‍ക്കൊപ്പം താമസിച്ചെന്നും അവരുണ്ടാക്കിയ ഭക്ഷണം കഴിച്ചും അവര്‍ക്കൊപ്പം വീട് വൃത്തിയാക്കിയും അവരുടെ ജീവിതം മനസിലാക്കിയെടുത്തെന്നും സൂര്യ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

ചിത്രത്തില്‍ കണ്ണകിയുടെ ഒരു സംഭാഷണമുണ്ട്. കണ്ണകിക്ക് വിഗ്രഹമാണ് തമിഴ്‌നാട്ടിലുള്ളതെങ്കില്‍ കേരളത്തില്‍ ഒരു ക്ഷേത്രം തന്നെയുണ്ട്. അതുകൊണ്ട് മലയാളികള്‍ക്ക് കൂടുതല്‍ ഈ ചിത്രം മനസിലാവുമെന്നും അദ്ദേഹം പറഞ്ഞു.

കുറച്ച് സിനിമകളേ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നതായി തോന്നാറുള്ളതെന്നും അത്തരത്തിലൊരു ചിത്രമാണ് ജയ് ഭീമെന്നും സൂര്യ പറഞ്ഞു. തുല്യതയേക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. ഇരുട്ടിനെ ഇല്ലാതാക്കാന്‍ ഒരു ചെറുവെളിച്ചം മതിയെന്നും സൂര്യ അഭിപ്രായപ്പെട്ടു. ചിത്രത്തിന്റെ നിര്‍മാതാവായ ജ്യോതികയും ലിജോ മോളുടെ പ്രകടനം മികച്ചതായെന്ന് അഭിപ്രായപ്പെട്ടു.

സുരരൈ പോട്ര് എന്ന സിനിമയ്ക്ക് ശേഷം സൂര്യയുടേതായി ഒ.ടി.ടിയില്‍ നേരിട്ട് റിലീസ് ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ജയ് ഭീം. ചിത്രത്തില്‍ അഭിഭാഷകനായാണ് സൂര്യ എത്തുന്നത്. 1993-ല്‍ തമിഴ്‌നാട്ടില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയത്.
ആ കാലഘട്ടത്തിലെ ആദിവാസി സ്ത്രീകളുടെ നീതിക്ക് വേണ്ടി പോരാടിയ ചന്ദ്രു എന്ന കഥാപാത്രമായാണ് സൂര്യ എത്തുന്നത്.

പ്രകാശ് രാജ്, ലിജോ മോള്‍ ജോസ്, രജിഷ വിജയന്‍ തുടങ്ങി പ്രമുഖ താരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്. ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ജയ് ഭീം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു. ജ്യോതികയുടെയും സൂര്യയുടെയും പ്രൊഡക്ഷന്‍ ഹൗസ് 2 ഡി എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Suriya About Lijomol Performance in Jai Bhim

We use cookies to give you the best possible experience. Learn more