വെട്രിമാരന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് വിടുതലൈ. ഹാസ്യ വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ചിരിപ്പിച്ച സൂരിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. തമിഴ്മക്കളുടെ അതിജീവനത്തിന് വേണ്ടി പൊരുതുന്ന മക്കള്‍പടയുടെ നേതാവാണ് ചിത്രത്തില്‍ വിജയ് സേതുപതി.
തമിഴ്നാട്ടിലെ ഒരു സാങ്കല്‍പിക ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് വിടുതലൈ. രണ്ട് ഭാഗങ്ങളായി ഒരുക്കിയിരിക്കുന്ന സിനിമയുടെ ആദ്യഭാഗം പ്രണയവും സസ്പെന്‍സും ഇമോഷനുമൊക്കെ നിറഞ്ഞതാണ്.
മുന്‍ വെട്രിമാരന്‍ ചിത്രങ്ങളിലേതുപൊലുള്ള എല്ലാവിധ രസച്ചരടുകളും വിടുതലൈയിലുമുണ്ട്. വിടുതലൈ പാര്‍ട്ട് ഒന്നില്‍ നിറഞ്ഞാടുന്നത് സൂരി അവതരിപ്പിച്ച കുമരേശനാണ്. പത്ത് മിനിറ്റ് പോലും സ്‌ക്രീനില്‍ കാണാത്ത വിജയ് സേതുപതിയാണ് സിനിമയുടെ ഗതി നിര്‍ണയിക്കുന്നത്.
പൊലീസ് ഡ്രൈവറായാണ് സൂരിയെത്തുന്നത്. വളരെ തന്മയത്തത്തോടെയാണ് സൂരി കുമരേശന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പ്രണയവും ഇമോഷനും മനോഹരമായി പ്രേക്ഷകരിലേക്കെത്തിക്കാന്‍ സൂരിക്ക് കഴിഞ്ഞിട്ടുണ്ട്. ഉള്ളില്‍ സ്‌നേഹവും നിഷ്‌കളങ്കതയുമുള്ള കുമരേശന് സഹിക്കാന്‍ പറ്റുന്നതിലും അപ്പുറമായിരുന്നു അവിടെ നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍.
ജനങ്ങളെ സംരക്ഷിക്കേണ്ടിതിന് പകരം പൊലീസും ഭരണകൂടവും അവരെ ചൂഷണം ചെയ്യുന്നത് കണ്ടുനില്‍ക്കാന്‍ കഴിയാതെ പ്രതികരിക്കുന്ന പൊലീസുകാരനാണ് സൂരി. സിനിമയുടെ ഒന്നാം ഭാഗം മുഴുവന്‍ സൂരിയാണ് പ്രേക്ഷകരെ പിടിച്ചു നിര്‍ത്തുന്നത്.
കോമഡി വേഷങ്ങള്‍ മാത്രം ചെയ്ത സൂരിയില്‍ കുമരേശന്‍ ഭദ്രമായിരുന്നു. പ്രകടനം കൊണ്ട് പ്രേക്ഷകരുടെ മനം കവരാന്‍ സൂരിക്ക് കഴിയുന്നുണ്ട്. അത്രമാത്രം ആഴത്തില്‍ പ്രേക്ഷകരിലേക്ക് കുമരേശന്‍ എന്ന കഥാപാത്രം ആഴ്ന്നിറങ്ങുന്നുണ്ട്. ഭവാനി ശ്രീയും സൂരിയും തമ്മിലുള്ള പ്രണയരംഗങ്ങളെ വെട്രിമാരന്‍ ചിത്രീകരിച്ചത് വളരെ മനോഹരമായിട്ടാണ്.
ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ വിജയ് സേതുപതിയുടെ പെരുമാളായിരിക്കും കഥ മുന്നോട്ട് കൊണ്ടുപോവുകയെന്ന സൂചന നല്‍കിയാണ് ചിത്രം അവസാനിക്കുന്നത്.
content highlight: actor suri performance in viduthalai movie