ക്യാരക്ടര്‍ റോളുകളിലൂടെയും കോമഡി റോളുകളിലൂടെയും മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് സുരേഷ് കൃഷ്ണ. വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ടാണ് സുരേഷ് കൃഷ്ണയുടെ ഏറ്റവുമൊടുവില്‍ റിലീസായ ചിത്രം.
സിനിമാ രംഗത്തെ തന്റെ സൗഹൃദങ്ങളെ കുറിച്ചും അതിലൂടെ തനിക്ക് ലഭിച്ച കഥാപാത്രങ്ങളെ കുറിച്ചും സംസാരിക്കുകയാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രൊമോഷന്റെ ഭാഗമായി മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം.
സിനിമാ ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കാന്‍ സൗഹൃദങ്ങള്‍ ആവശ്യമാണെന്ന് തോന്നിയിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സുരേഷ് കൃഷ്ണ.
”സൗഹൃദങ്ങളും ബന്ധങ്ങളും ഒക്കെ തന്നെയാണ് ഞാന്‍ ഇപ്പോഴും ഈ ഇന്‍ഡസ്ട്രിയില്‍ നില്‍ക്കാന്‍ കാരണം. അല്ലാതെ ഒരു ഭീകര പെര്‍ഫോമന്‍സ് കാഴ്ചവെച്ച് ഇവിടെ നില്‍ക്കുന്ന ആളല്ല ഞാനെന്ന് എനിക്ക് നന്നായറിയാം. എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യുന്നു.
പക്ഷെ അതിലേക്ക് എത്തിപ്പെടാന്‍ സഹായിച്ചത് എന്റെ സൗഹൃദങ്ങളാണ്. ഞാന്‍ സൂക്ഷിച്ചിട്ടുള്ള സൗഹൃദങ്ങള്‍ വഴി തന്നെയാണ് പല കഥാപാത്രങ്ങളും കിട്ടിയിട്ടുള്ളത്.
നമ്മളെ വിട്ടുപോയ സംവിധായകന്‍ സച്ചിയുമായുള്ള ബന്ധമാണ് ഞാന്‍ കുറച്ചൊക്കെ ഹ്യൂമര്‍ ടൈപ്പ് ക്യാരക്ടറിലേക്ക് മാറിവരാനുള്ള കാരണം.
റിയല്‍ ലൈഫില്‍ ഞാന്‍ വലിയ ബലംപിടിത്തക്കാരനൊന്നുമല്ല, ഹ്യൂമര്‍ ഇഷ്ടപ്പെടുന്ന, ഹ്യൂമര്‍ പറയുന്ന ഒരാളാണ്. അത് എന്നെ അടുത്തറിയാവുന്നവര്‍ക്ക് മാത്രമേ അറിയൂ.
ഞാനും സച്ചിയും ബിജു മേനോനുമൊക്കെ ഒരുമിച്ച് താമസിച്ചവരാണ്. ഇവനെക്കൊണ്ട് ഇങ്ങനെ ചെയ്യിപ്പിക്കാന്‍ പറ്റും എന്നുള്ളത് അവര്‍ക്കറിയാം. ഒരുപക്ഷെ ആ ധൈര്യം വേറൊരു സംവിധായകന് എടുക്കാന്‍ ബുദ്ധിമുട്ടായിരിക്കും.
അങ്ങനെയാണ് ഈ അനാര്‍ക്കലിയും ഷെര്‍ലക് ടോംസും ചേട്ടായീസുമൊക്കെ എനിക്ക് ലഭിച്ചത്,” സുരേഷ് കൃഷ്ണ പറഞ്ഞു.
Content Highlight: Actor Suresh Krishna about his friendships in cinema industry