മലയാളസിനിമയിലെ എക്കാലത്തെയും വലിയ ആക്ഷന്‍ സൂപ്പര്‍താരമാണ് സുരേഷ് ഗോപി. അഭിനയത്തിനു പുറമെ രാഷ്ട്രീയത്തിലും ടെലിവിഷന്‍ അവതാരകനായും അദ്ദേഹം സുപരിചിതനാണ്.
കുറച്ച് കാലം സിനിമയില്‍ നിന്ന് വിട്ടുനിന്ന് പിന്നീട് തിരിച്ചെത്തിയതിനെക്കുറിച്ചും താന്‍ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് ഇപ്പോള്‍ താരം.
തന്നെ വിളിക്കുന്ന എല്ലാവരെയും തനിക്ക് സഹായിക്കാന്‍ പറ്റില്ലെന്നും തനിക്കും മകളുടെ പേരിലുള്ള ഫൗണ്ടേഷനും ബോധ്യം വരുന്നവരെയാണ് സഹായിക്കാറെന്നും അദ്ദേഹം പറഞ്ഞു.
”എന്നെ വിളിക്കുന്ന എല്ലാവരെയും സഹായിക്കാന്‍ എനിക്കാവില്ല. ഞാന്‍ കണ്ടെത്തും. അത് സോഷ്യല്‍ മീഡിയയിലൂടെയോ ചാനലുകളിലൂടെയോ വരുന്ന വാര്‍ത്തകളിലൂടെയായിരിക്കും.
എന്റെ മകള്‍ ലക്ഷ്മിയുടെ പേരിലുള്ള ട്രസ്റ്റിലേക്ക് ഞാന്‍ വിളിച്ച് പറയും. അവര്‍ക്കത് സത്യസന്ധമാണെന്ന് തോന്നിയാല്‍ അത് ചെയ്യും. അല്ലാതെ വിളിക്കുന്ന എല്ലാവര്‍ക്കും കൊടുക്കാനുള്ള ധനസമ്പാദ്യം എനിക്കില്ല,” സുരേഷ് ഗോപി പറഞ്ഞു.
കഴിഞ്ഞ 5 വര്‍ഷം താന്‍ സിനിമയില്‍ ഇല്ലായിരുന്നെന്നും ആ സമയത്ത് സിനിമ ചെയ്ത് സമ്പാദിച്ചവര്‍ ചെയ്യുന്ന കാര്യങ്ങള്‍ വെച്ച് തന്റെ പ്രവര്‍ത്തികളെ താരതമ്യം ചെയ്യരുതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്. താന്‍ ഉള്ളതില്‍ നിന്നല്ല ഇല്ലാത്തതില്‍ നിന്നുമാണ് സഹായങ്ങള്‍ ചെയ്യുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.
സിനിമയില്‍ നിന്നും വിട്ട് നിന്ന സമയത്ത് മകളുടെ ഫീസ് അടക്കാനുള്ള പണം പോലും തന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നില്ലെന്ന കാര്യവും അഭിമുഖത്തില്‍ അദ്ദേഹം തുറന്ന് പറയുന്നുണ്ട്. ”എനിക്കിത് പറയുന്നതില്‍ ഒരു മാനക്കേടും തോന്നാറില്ല. 2019 സെപ്റ്റംബറില്‍ വാന്‍കൂവറില്‍ പഠിക്കുന്ന എന്റെ മകള്‍ക്ക് സെമസ്റ്റര്‍ ഫീസ് അടക്കാനുള്ള കാശ് എന്റെ അക്കൗണ്ടിലില്ലായിരുന്നു,” സുരേഷ് ഗോപി പറഞ്ഞു.
ഇതാണ് തന്റെ മനസില്‍ വലിയ മാറ്റം കൊണ്ടുവന്നതെന്നും അവിടെയാണ് നീട്ടിവച്ചിരുന്ന സിനിമാ പദ്ധതിയായ ‘കാവല്‍’ തുടങ്ങാം എന്ന് സമ്മതം പറഞ്ഞതെന്നും ഇനിയും സിനിമ ചെയ്യണമെന്ന് നിശ്ചയിച്ചതെന്നും താരം പറയുന്നു. മലയാള സിനിമയില്‍ ഭീകര അന്തരീക്ഷമാണെന്നും കാവലിന്റെ ചിത്രീകരണം നീണ്ടുപോയതിനെ പരാമര്‍ശിച്ചു കൊണ്ട് അദ്ദേഹം പറയുന്നു.
”ചെയ്യാമെന്ന് സമ്മതം പറഞ്ഞ ആ സിനിമയും മുടക്കി. ഭീകര അന്തരീക്ഷമാണ് ഇവിടെ. അത് മുടക്കി, മുടക്കിച്ചു. അത് നടന്നില്ല. കാവല്‍ അന്ന് 2019ല്‍ നടക്കേണ്ടതായിരുന്നു,” സുരേഷ് ഗോപി പറഞ്ഞു.
അനൂപ് സത്യന്‍ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ ആണ് സുരേഷ് ഗോപിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. കാവല്‍, ഒറ്റക്കൊമ്പന്‍, പാപ്പന്‍ എന്നിവയാണ് റിലീസിനൊരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍.