Movie Day
മമ്മൂക്കയ്ക്ക് ആ ചോക്ലേറ്റ് കഴിക്കാന്‍ കൊടുത്തയച്ചു, ഒപ്പം ഒരു ചാലഞ്ചും; മമ്മൂക്ക അതില്‍ തോറ്റു, ഞാനാണെങ്കില്‍ പഴയതുപോലെ പിണങ്ങി: സുരേഷ് ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Sep 27, 10:31 am
Tuesday, 27th September 2022, 4:01 pm

തനിക്ക് ഇഷ്ടപ്പെട്ട ചില ഭക്ഷണങ്ങള്‍ മറ്റുള്ളവരെ കൊണ്ട് നിര്‍ബന്ധിച്ച് കഴിപ്പിക്കുന്നതും അവരില്‍ നിന്നും അഭിപ്രായം കേള്‍ക്കുന്നതും ഇഷ്ടമുള്ള കാര്യമാണെന്ന് സുരേഷ് ഗോപി. ഇത്തരത്തില്‍ ഷൂട്ടിങ് ലൊക്കേഷനില്‍ ചോക്ലേറ്റുകളും മറ്റും ദല്‍ഹിയില്‍ നിന്നും എത്തിച്ചുകൊടുക്കുന്ന പതിവ് ഉണ്ടെന്നും സുരേഷ് ഗോപി പറയുന്നു. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയായിരുന്നു തന്റെ ഭക്ഷണ പ്രിയത്തെ കുറിച്ചും നടന്‍ മമ്മൂട്ടിക്ക് ഒരു പ്രത്യേക തരം ചോക്ലേറ്റ് എത്തിച്ചുകൊടുത്ത ശേഷം താന്‍ വെച്ച ഒരു ചലഞ്ചിനെ കുറിച്ചുമൊക്കെ സുരേഷ് ഗോപി സംസാരിച്ചത്.

അടയാറില്‍ മമ്മൂക്ക താമസിക്കുന്ന കാലം. അവിടെ ഒരു ഗ്രാന്‍ഡ് സ്വീസ്റ്റുണ്ട്. രസ്മലായ് ആണ് അവിടുത്തെ പ്രധാന ഐറ്റം. രാധിക ഗര്‍ഭിണിയായിരിക്കുന്ന സമയമാണ്. അവിടെ തമിഴരുടെ ഒരു ചെറിയ വീടുണ്ട്. അവിടെയാണ് ഇത് ഉണ്ടാക്കുന്നത്. ഞാന്‍ എന്നൊക്കെ അവിടെ ഷൂട്ടിനായി ചെല്ലുന്നുണ്ടോ ഇതറിഞ്ഞാല്‍ സുല്‍ഫത്താ തലേദിവസമേ വാങ്ങിച്ച് ഫ്രിഡ്ജില്‍ വെച്ചിട്ട് ഹോട്ടലിലേക്ക് കൊടുത്തുവിടും. അല്ലെങ്കില്‍ ഇത് ചീത്തയായി പോകും. നല്ല ഫ്രോസണ്‍ ആയിട്ടായിരിക്കും വരുക. വെളുപ്പിന് മൂന്ന് മണിക്കൊക്കെ എത്തിച്ചിട്ടുണ്ട്.

അങ്ങനെ ഈയടുത്ത കാലത്ത് ഞാന്‍ ദല്‍ഹിയില്‍ നിന്ന് മടങ്ങുമ്പോള്‍ അവിടെ നിന്നും രണ്ട് ജാര്‍ രസ്മലായ് വാങ്ങിച്ച് മമ്മൂക്കയെ വിളിച്ചു. വീട്ടിലുണ്ടോയെന്ന് ചോദിച്ചു, നീ പുതിയ വീട്ടില്‍ വന്നിട്ടില്ലല്ലോ വാ എന്ന് പറഞ്ഞു. മമ്മൂക്ക വീട്ടിലുണ്ടോയെന്ന് ചോദിച്ചു. ഇല്ല ഞാനില്ല, എനിക്ക് ചേര്‍ത്തല പോകാനുണ്ടെന്ന് പറഞ്ഞു.

എന്നാല്‍ ഞാന്‍ വരുന്നില്ല, ഒരു സാധനം കൊടുത്തുവിടാനുണ്ടെന്നും ഗോകുലിന്റെ അടുത്ത് കൊടുക്കാമെന്നും പറഞ്ഞു. ഇത് കൊടുത്തയക്കുമ്പോള്‍ ഞാന്‍ മമ്മൂക്കയുടെ മുന്നില്‍ ഒരു ചലഞ്ച് കൂടി വെച്ചിരുന്നു. ഈ ഭക്ഷണത്തിന് ഒരു കണക്ഷന്‍ ഉണ്ട്. കഴിച്ചിട്ട് നിങ്ങളുടെ ഓര്‍മയില്‍ ഇത് എങ്ങനെയാണ് ഇമോഷന്‍ ആയിട്ട് ഉള്ളതെന്ന് പറയണമെന്നായിരുന്നു ആ ചലഞ്ച്. ശരി നീ കൊടുത്തയക്ക് ഞാന്‍ നോക്കാമെന്ന് മമ്മൂക്ക പറഞ്ഞു.

അങ്ങനെ ഗോകുല്‍ എയര്‍പോര്‍ട്ടില്‍ വന്ന് ഇതും വാങ്ങിച്ച് മമ്മൂക്കയുടെ വീട്ടില്‍ പോയി. അതവിടെ കൊടുത്തു. പുള്ളി രാത്രി വന്ന ശേഷം ഇത് കഴിച്ചു. കഴിച്ച ശേഷം എന്നെ വിളിച്ച് പറയാന്‍ പുള്ളിക്കൊരു പേടി. ഇപ്പോഴും എന്റെ അനിയനെയാണ് വിളിക്കുന്നത്. എന്നെ വിളിക്കാറില്ല. എനിക്ക് പേടിയാടാ അവനെ വിളിക്കാന്‍ എന്ന് സുഭാഷിനോട് പറയും.

അങ്ങനെ മമ്മൂക്ക സുഭാഷിനെ വിളിച്ചു. സുഭാഷേ, ഇവന്‍ എനിക്കൊരു സാധനം കൊടുത്തയച്ചു. ഞാന്‍ സാധാരണ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കാത്തതാണ്, എന്നിട്ടും രണ്ട് മൂന്നെണ്ണം കഴിച്ചു. സുലുവിനും ഭയങ്കര ഇഷ്ടമായി. എന്തോ ഒരു കണക്ട് ഇതിനുണ്ടെന്ന് പറഞ്ഞു. എന്ത് കണക്ടാണോ എന്തോ എനിക്കൊന്നും ഓര്‍മയില്ല. ഗോകുല്‍ ഇവിടെ വന്നിരുന്നു. ചെക്കനോട് ചോദിക്കാന്‍ പറ്റില്ലല്ലോ, നീ ഇക്കാര്യം ഒന്ന് പറയണമെന്ന് പറഞ്ഞു. അങ്ങനെ സുഭാഷ് എന്നെ വിളിച്ച് ഇത് പറഞ്ഞപ്പോഴേക്കും ഞാന്‍ ആ നഴ്‌സറിക്കാരനായി.

മിണ്ടൂല, ഇനി അയാളെ അടുത്ത് ഞാന്‍ മിണ്ടൂല, ഇനി ഞാന്‍ അയാള്‍ക്ക് രസ്മലായ് കൊണ്ട് കൊടുക്കൂല, പുള്ളി അത് ഓര്‍ത്തില്ല എന്നൊക്കെ പറഞ്ഞ് എനിക്ക് പ്രശ്‌നമായി(ചിരി). എനിക്കിഷ്ടപ്പെട്ട ഒരു ഭക്ഷണം ഞാന്‍ മറ്റുള്ളവരില്‍ പ്രഷറൈസ് ചെയ്യും. അവര്‍ ആദ്യം നോ നോ എന്നൊക്കെ പറയും. പിന്നീട് അവര്‍ അതിന് വേണ്ടി എന്റെയടുത്ത് വരും, സുരേഷ് ഗോപി പറഞ്ഞു.

Content Highlight: Actor Suresh Gopi Share a Chockolate story with actor mammootty