മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമകളിലൊന്നാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം. സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍, കലാഭവന്‍ മണി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രത്തില്‍ മോഹന്‍ലാലിന്റെ അതിഥി വേഷവുമുണ്ടായിരുന്നു.
നിരഞ്ജന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തിയത്. ചിത്രത്തില്‍ ഡെന്നീസ് എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തിയത്. സമ്മര്‍ ഇന്‍ ബത്‌ലഹേമില്‍ അഭിനയിച്ച അനുഭവങ്ങള്‍ ബിഹൈന്‍ഡ് വുഡ്‌സുമായി പങ്കുവെക്കുകയാണ് സുരേഷ് ഗോപി.
”ഞാന്‍ എഴുപത് ദിവസം ഒരു തമിഴ് സിനിമയ്ക്ക് വേണ്ടി അഭിനയിച്ചിരുന്നു. പ്രഭു സാര്‍ ഷൂട്ടിന് വരാത്തതിന്റെ പേരില്‍ ആ സിനിമ നിര്‍ത്തിവെക്കേണ്ടി വന്നു. ഷൂട്ടിന് വാങ്ങിയ പണമെല്ലാം തിരിച്ച് കൊടുത്ത് ഇനി ഞാന്‍ വരില്ലെന്ന് അവരോട് പറഞ്ഞു.
ആ സിനിമയില്‍ പിന്നെ ജയറാമും മഞ്ജു വാര്യരും വന്നു. എന്നെ വിളിച്ചപ്പോള്‍ ഫുള്‍ ഷെഡ്യൂള്‍ ചെയ്യാതെ വരില്ലെന്ന് ഞാന്‍ അവരോട് പറഞ്ഞു. പക്ഷേ സിബി പറഞ്ഞു, ഇത് തമിഴില്‍ പറ്റില്ല. മലയാളത്തില്‍ ചെയ്യണമെന്ന്. അങ്ങനെ ആ സിനിമ അവിടെ സ്റ്റോപ്പ് ചെയ്തു.
വീണ്ടും എന്നെ വിളിച്ചു. അവരുടെ സിനിമയില്‍ ഇനി അഭിനയിക്കില്ലെന്ന് ഞാന്‍ പറഞ്ഞു. സിയാദ്ക്ക വിളിച്ചെന്നോട് ചോദിച്ചു താനെന്താടോ ഇങ്ങനെ, തനിക്ക് എത്ര വയസായി. ഞാന്‍ തന്റെ അച്ഛന്റെ കൂട്ടുകാരനല്ലെ, ഞാന്‍ പറയുന്നത് കേള്‍ക്കില്ലെ എന്നൊക്കെ.
അവരെന്നോട് പറഞ്ഞത് കമല്‍ സാറിനെ നോക്കിയാലോ എന്നാണ്. പക്ഷേ ഞാന്‍ അവരോട് പറഞ്ഞു ഈ കഥാപാത്രത്തെ ചെയ്യാന്‍ മോഹന്‍ലാലിന് അല്ലാതെ മറ്റൊരാള്‍ക്കും കഴിയില്ല. വേറെ ഒരാളെയും നിങ്ങള്‍ അതിനായി സമീപിക്കേണ്ടെന്ന്.
അതിന് ശേഷമാണ് അവര്‍ മോഹന്‍ലാലിനെ കാണുന്നത്. മോഹന്‍ലാല്‍ വന്നാല്‍ ചിത്രം സൂപ്പര്‍ ഹിറ്റ് ആവുമെന്നും അവരോട് പറഞ്ഞു. ഞാന്‍ അത് പറഞ്ഞത് കൊണ്ടാണ് നിരഞ്ജനായി മോഹന്‍ലാല്‍ സമ്മര്‍ ഇന്‍ ബത്‌ലഹേമില്‍ എത്തിയത്,” സുരേഷ് ഗോപി പറഞ്ഞു.
അതേസമയം രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വാര്‍ത്ത അടുത്തിടെയാണ് ഉണ്ടായത്.മഞ്ജു വാര്യരും ജയസൂര്യയും പ്രധാനവേഷത്തിലെത്തിയ മേരി ആവാസ് സുനോ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വച്ചായിരുന്നു സമ്മര്‍ ഇന്‍ ബത്‌ലഹേമിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് നിര്‍മാതാവ് സിയാദ് കോക്കര്‍ പ്രഖ്യാപിച്ചത്. സമ്മര്‍ ഇന്‍ ബത്‌ലഹേമിന്റെ രണ്ടാം ഭാഗത്തില്‍ മഞ്ജുവും കാണുമെന്നും സിയാദ് കോക്കര്‍ അന്ന് പറഞ്ഞിരുന്നു.
Content Highlight: Actor Suresh Gopi predict that Summer in Bethlehem would be a super hit if Mohanlal came