| Wednesday, 15th September 2021, 5:04 pm

ജീപ്പില്‍ നിന്നിറങ്ങിയില്ല; പൊലീസുകാരനെക്കൊണ്ട് സല്യൂട്ടടിപ്പിച്ച് സുരേഷ് ഗോപി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന പൊലീസ് ഉദ്യോഗസ്ഥനെക്കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ച് സുരേഷ് ഗോപി. ഒല്ലൂര്‍ എസ്.ഐയോടാണ് സുരേഷ് ഗോപി സല്യൂട്ട് ചോദിച്ച് വാങ്ങിയത്.

പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം. ‘ഞാനൊരു എം.പിയാണ് ഒരു സല്യൂട്ട് ആകാം. ആ ശീലമൊക്കെ മറക്കരുതേ, ഞാന്‍ മേയര്‍ അല്ല’ എന്ന് സുരേഷ് ഗോപി പറഞ്ഞതോടെ എസ്.ഐ സല്യൂട്ട് അടിക്കുകയും ചെയ്തു.

ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.

നേരത്തെ കാറില്‍ പോകുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന പരാതിയുമായി തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ് രംഗത്തെത്തിയിരുന്നു.

സല്യൂട്ട് തരാന്‍ ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ. വര്‍ഗീസ് ഡി.ജി.പിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.

പല തവണ പരാതി നല്‍കിയിട്ടും പൊലീസ് മുഖം തിരിക്കുകയാണെന്നായിരുന്നു മേയര്‍ നല്‍കിയ പരാതിയില്‍ പറഞ്ഞത്. ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ശേഷം മൂന്നാമത്തെ സ്ഥാനമാണ് കോര്‍പ്പറേഷന്‍ മേയര്‍ക്ക്. തന്നെ ബഹുമാനിക്കേണ്ടെന്നും എന്നാല്‍ വരുമ്പോള്‍ പൊലീസുകാര്‍ തിരിഞ്ഞു നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ ഇതിനെതിരെ പൊലീസ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. കേരളത്തിന്റെ തെരുവോരങ്ങളില്‍ യൂണിഫോം ഇട്ട് കാണുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ആരെയെങ്കിലും സല്യൂട്ട് ചെയ്യാന്‍ വേണ്ടി നില്‍ക്കുന്നവരല്ല.

അവര്‍ ട്രാഫിക്ക് നിയന്ത്രണം ഉള്‍പ്പെടെയുള്ള ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി നില്‍ക്കുന്നവരാണെന്നാണ് പൊലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.ആര്‍. ബിജു മറുപടിയായി പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Suresh Gopi Police Salute

We use cookies to give you the best possible experience. Learn more