| Wednesday, 15th September 2021, 8:26 pm

ഒരു എം.പിയ്ക്ക് ചെയ്യാന്‍ പറ്റാവുന്നതൊക്കെ ചെയ്തിട്ടും അതെല്ലാം തള്ളാണെന്ന് ചില പന്നന്മാര്‍ പറഞ്ഞുനടക്കുന്നു: സുരേഷ് ഗോപി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: എം.പിയെന്ന നിലയില്‍ ചെയ്യാന്‍ പറ്റാവുന്നതെല്ലാം താന്‍ ചെയ്യുന്നുണ്ട് സുരേഷ് ഗോപി. എം.പി സ്ഥാനത്തിരുന്ന് താന്‍ യാതൊന്നും ചെയ്തിട്ടില്ലെന്നും എല്ലാം തള്ളാണെന്നും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞ സുരേഷ് ഗോപി, ഫണ്ട് ഉണ്ടായിട്ടുപോലും പലതും ചെയ്യാന്‍ ആളുകള്‍ സമ്മതിക്കുന്നില്ലെന്നും ദേഷ്യത്തോടെ കൂട്ടിച്ചേര്‍ത്തു.

തൃശൂര്‍ പുത്തൂരില്‍ ചുഴലിക്കാറ്റുണ്ടായ പ്രദേശം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം.പി എന്ന നിലയ്ക്ക് താന്‍ ചെയ്തതിനൊക്കെ രേഖയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘എംപി എന്ന നിലയ്ക്കു ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്തിട്ടുണ്ട്. അത് നിങ്ങളാരും പ്രചരിപ്പിച്ചിട്ടില്ല. പക്ഷേ അതെല്ലാം തള്ളാണെന്ന് ചില പന്നന്മാര്‍ പറഞ്ഞുനടക്കുന്നു. ഞാന്‍ ചെയ്തതിനൊക്കെ രേഖയുണ്ട്. വന്നാല്‍ അവന്മാരുടെ അണ്ണാക്കിലേക്കു തള്ളിക്കൊടുക്കാം,’ സുരേഷ് ഗോപി പറഞ്ഞു.

ആലപ്പുഴ കുട്ടനാട്ടിലെ പാലം നിര്‍മാണം പൂര്‍ത്തിയാക്കാനും സമ്മതിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

‘ചെയ്യാന്‍ സമ്മതിക്കാത്തതിനും തെളിവുണ്ട്. പഴയ ജില്ലാ കലക്ടര്‍ വാസുകി മാഡം വരെ തെളിവാണ്. അവരൊക്കെ ഉത്തരം പറയണം. അനുപമയ്ക്ക് അറിയാം. ആലപ്പുഴ ജില്ലയില്‍ മാറിമാറി വന്ന നാല് കലക്ടര്‍മാര്‍ക്കറിയാം.1 കോടി 70 ലക്ഷം രൂപയ്ക്ക് തുടങ്ങിയ ബ്രിഡ്ജ് ആരില്ലാതാക്കി? അവര്‍ പറയട്ടെ,’ സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

അതിനിടെ പൊലീസുദ്യോഗസ്ഥനെക്കൊണ്ട് സല്യൂട്ടടിപ്പിച്ച സുരേഷ് ഗോപി എം.പിയ്ക്കെതിരെ കെ.എസ്.യു ഡി.ജി.പിക്ക് പരാതി നല്‍കി. ഒല്ലൂര്‍ എസ്.ഐയോടായിരുന്നു സുരേഷ് ഗോപി സല്യൂട്ട് ചോദിച്ചു വാങ്ങിയത്.

എന്നാല്‍ താന്‍ നിര്‍ബന്ധിച്ച് ചെയ്യിച്ചതല്ലെന്നും സല്യൂട്ടൊക്കെ ആകാമെന്ന് സൗമ്യമായി പറയുകയായിരുന്നെന്നുമാണ് സുരേഷ് ഗോപിയുടെ പ്രതികരണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Suresh Gopi on MP Position and his works

Latest Stories

We use cookies to give you the best possible experience. Learn more