| Saturday, 27th March 2021, 1:15 pm

സുപ്രീം കോടതി പറഞ്ഞോ ശബരിമലയില്‍ പെണ്ണുങ്ങളെ കൊണ്ട് വന്ന് വലിച്ച് കേറ്റാന്‍; നികേഷിനോട് ക്ഷുഭിതനായി സുരേഷ് ഗോപി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടര്‍ ചാനലിന്റെ പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകന്‍ നികേഷ് കുമാറിനോട് ക്ഷുഭിതനായി നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി.

ശബരിമലയുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു സുരേഷ് ഗോപി നികേഷിനോട് ക്ഷുഭിതനായി സംസാരിച്ചത്. ശബരിമല എങ്ങനെയാണ് വൈകാരിക വിഷയമാകുന്നത് അത് ഒന്നു വിശദീകരിക്കാമോ എന്ന ചോദ്യത്തിന് തന്റെ വിശ്വാസ പ്രമാണങ്ങളെ തകര്‍ക്കാന്‍ വന്നാല്‍, ആ തകര്‍ക്കാന്‍ വരുന്നവരെ തച്ചുടയ്ക്കണം എന്ന് തന്നെയാണ് തന്റെ വികാരം എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

താങ്കളുടെ വികാരത്തെ തച്ചുടച്ചത് സുപ്രീം കോടതിയോ അതോ കേന്ദ്രസര്‍ക്കാരോ എന്ന ചോദ്യത്തിന് സുപ്രീം കോടതി കൊണ്ടുവന്ന എല്ലാം നിങ്ങള്‍ അങ്ങ് അന്വേഷിച്ചോ എന്നായിരുന്നു സുരേഷ് ഗോപി തിരിച്ചുചോദിച്ചത്.

‘നാല് ഫ്‌ളാറ്റുകള്‍ പൊളിച്ചു. ബാക്കി ആര് പൊളിച്ചു. എന്നെ നിങ്ങള്‍ വിഡ്ഡിയാക്കാന്‍ ശ്രമിക്കരുത്. അത് വളരെ മോശമാണ്. നിങ്ങള്‍ ഉടനെ ഇത് സുപ്രീം കോടതിയുടെ തലയിലാണോ വെക്കുന്നത്. സുപ്രീം കോടതി പറഞ്ഞോ ഈ.. കൊണ്ടു വന്ന് വലിച്ചു കേറ്റാന്‍. പറഞ്ഞോ ? പ്ലീസ് നിങ്ങള്‍ എന്നെ തെറ്റായ വഴിയിലേക്ക് വലിച്ചിഴക്കുകയാണ്. പെണ്ണുങ്ങളെയൊക്കെ കൊണ്ട് വന്ന് ചട്ടയണിയിച്ച് വലിച്ച് കേറ്റാന്‍ സുപ്രീം കോടതി പറഞ്ഞോ’, എന്നായിരുന്നു സുരേഷ് ഗോപി ചോദിച്ചത്.

ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സാധ്യത എന്താണ്? ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പ് വരുമ്പോള്‍ ബി.ജെ.പി എന്ന ദേശീയ പ്രസ്ഥാനത്തിന് വലിയ പ്രസ്തക്തിയുണ്ട്. പക്ഷേ കേരള നിയമസഭയിലേക്ക് വരുമ്പോള്‍ നിങ്ങളുടെ പ്രസക്തി എത്ര മാത്രമാണ് എന്ന ചോദ്യത്തിന് ഭാരതീയ ജനതാ പാര്‍ട്ടിക്കല്ല പ്രസക്തി വര്‍ധിപ്പിച്ചെടുക്കേണ്ടത് എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

അഞ്ച് വര്‍ഷം മാറി മാറി വന്ന ഭരണതന്ത്രങ്ങള്‍ പാളിയില്ലെങ്കില്‍ ഞങ്ങള്‍ക്ക് സന്തോഷം. അതുമായി മുന്നോട്ടു പോകാം. പക്ഷേ നിങ്ങള്‍ക്ക് അതെല്ലാം അപര്യാപ്തമാണ്. വഞ്ചനയുണ്ട്, ചതിയുണ്ട്, പിടിച്ചുപറിയുണ്ട്  എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അഞ്ച് വര്‍ഷം ഞങ്ങളെ പരീക്ഷിക്കൂ എന്നാണ് ആവശ്യപ്പെടുന്നത്. ഒന്നു ശ്രമിക്കൂ. എല്ലാ തവണയും നിങ്ങള്‍ പരാജയപ്പെട്ടില്ലേ, ഒരു നേട്ടങ്ങളും ഉണ്ടായില്ല എന്ന് ഞാന്‍ പറയില്ല. ഞാനും ആ നേട്ടത്തിന്റെ ചോറുണ്ടയാളാണ്. പക്ഷേ ദ്രോഹം സംഭവിച്ചെങ്കില്‍ നിങ്ങള്‍ അഞ്ച് വര്‍ഷത്തേക്ക് പരീക്ഷിക്ക്. എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

പിണറായി വിജയന്‍ ഒരു ദ്രോഹിയാണ് എന്നാണോ എന്ന ചോദ്യത്തിന് ആണോ എന്നായിരുന്നു സുരേഷ് ഗോപി തിരിച്ച് ചോദിച്ചത്. നിങ്ങളല്ലേ എല്ലാം വിലയിരുത്തുന്നവര്‍, ബി.ജെ.പിയെ വിലയിരുത്തും, കോണ്‍ഗ്രസിനെ വിലയിരുത്തും. ഞാന്‍ പറയാത്ത കാര്യങ്ങള്‍ എന്തിനാണ്.., ഭരണത്തിന്റെ ദ്രോഹം എന്ന് ഞാന്‍ പറഞ്ഞത് ഉണ്ടായിട്ടുണ്ട്.

നിങ്ങള്‍ക്ക് പുന്നപ്രയില്‍ കേറിയപ്പോള്‍ എന്താണ് നശിച്ചുപോയത്. എന്താണ് തുലഞ്ഞുപോയത്. എന്തിനാണ് അത് പൂട്ടിട്ട് പൂട്ടിയത്.

അത് ഒരു പാര്‍ട്ടി പ്രോപ്പര്‍ട്ടിയാണ് എന്ന് നികേഷ് ചൂണ്ടിക്കാണിച്ചപ്പോള്‍, നിങ്ങള്‍ ചുമ്മാതിരി സാര്‍, ഒരു വഞ്ചനയുടെ കഥയുടെ ചുരുളുകള്‍ പൂട്ടിവെച്ചിരിക്കുന്ന പാര്‍ട്ടി പ്രോപ്പര്‍ട്ടിയാണെന്ന് പറഞ്ഞാല്‍ ഞാന്‍ അംഗീകരിക്കാം, എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

അതേസമയം ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി വന്ന സമയത്ത് പിണറായി സര്‍ക്കാരിന്റെ നടപടിയെ ന്യായീകരിച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപി രംഗത്തെത്തിയത്. കോടതിയുടെ ഉത്തരവില്‍ സര്‍ക്കാരുകള്‍ക്ക് എന്തുചെയ്യാന്‍ സാധിക്കുമെന്നായിരുന്നു സുരേഷ് ഗോപി അന്ന് ചോദിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Suresh Gopi Lost Cool on MV Nikesh Kumar Program

We use cookies to give you the best possible experience. Learn more