തൃശ്ശൂര്‍: മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതിക സുഭാഷ് സീറ്റ് നിഷേധത്തെ തുടര്‍ന്ന് തലമുണ്ഡനം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടനും രാജ്യസഭാംഗവും തൃശ്ശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി. തലമുണ്ഡനം ചെയ്ത സംഭവം വളരെ വിഷമമുണ്ടാക്കിയെന്ന് സുരേഷ് ഗോപി പറഞ്ഞു.
മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഒരു സ്ത്രീയുടെ അവകാശമാണ് കേശം. സ്ത്രീയ്ക്ക് ഗര്‍ഭപാത്രം എന്ന് പറയുന്നത് പോലെ തന്നെയാണ് അവളുടെ സീമന്തരേഖയും. അത് വ്യക്തമാകണമെങ്കില്‍ കേശം വേണം. സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്ന കാര്യമാണ് സംഭവിച്ചത്’, സുരേഷ് ഗോപി പറഞ്ഞു.
സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രതിഷേധിച്ചാണ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ലതികാ സുഭാഷ് രാജിവെച്ചത്. ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ് ലതികാ സുഭാഷ്.
അതേസമയം കഴിഞ്ഞ ദിവസം ലതികയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. ഏറ്റുമാനൂര്‍ കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ മത്സരിക്കാനായി ലതികാ സുഭാഷിന്റെ പേരും പരിഗണനയില്‍ ഉണ്ടായിരുന്നു.
എന്നാല്‍ ആ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ ലതികാ സുഭാഷ് ഉമ്മന്‍ ചാണ്ടിയോട് എതിര്‍പ്പ് അറിയിച്ചിരുന്നു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകളെ അവഗണിച്ചത് ചൂണ്ടിക്കാണിച്ച് ലതിക സുഭാഷ് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. സ്ഥാനാര്‍ത്ഥി പട്ടികയ്‌ക്കെതിരായ വിയോജിപ്പുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി രേഖപ്പെടുത്തിയ ശേഷമായിരുന്നു
ലതികാ സുഭാഷ് രാജിവെച്ചത്.
മഹിളാ കോണ്‍ഗ്രസ് മൊത്തം സ്ഥാനാര്‍ത്ഥികളില്‍ 20 ശതമാനം സ്ത്രീകള്‍ക്ക് നീക്കിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്ന സ്ത്രീകളെ അവഗണിച്ചുവെന്നും ലതികാ സുഭാഷ് മാധ്യമങ്ങളോട് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actor Suresh Gopi Lathika Subhash Head Shave Kerala Election 2021