തൃശൂര്‍: തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ചലച്ചിത്രതാരവും രാജ്യസഭാ എം.പിയുമായ സുരേഷ്‌ഗോപി മത്സരിക്കും. ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് സുരേഷ്‌ഗോപിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രണ്ടു ദിവസം ബാക്കിനില്‍ക്കെയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
ബി.ഡി.ജെ.എസ്സിനായിരുന്നു തൃശൂരിലെ സീറ്റ് ബി.ജെ.പി നല്‍കിയത്. എന്നാല്‍ അവിടെ മത്സരിക്കാന്‍ തയ്യാറെടുത്ത തുഷാര്‍ വെള്ളാപ്പള്ളി രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയായതോടെ അവിടേക്ക് മാറി. അതോടെയാണ് ബി.ഡി.ജെ.എസ്സില്‍ നിന്ന് ബി.ജെ.പി സീറ്റ് എറ്റെടുത്തത്.
സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് എന്നിവരില്‍ ഒരാള്‍ സ്ഥാനാര്‍ഥിയാകുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും പാര്‍ട്ടി ദേശീയ നേതൃത്വം സുരേഷ് ഗോപിയെ തന്നെ പരിഗണിക്കുകയായിരുന്നു.
തിരുവനന്തപുരവും പത്തനംതിട്ടയും കഴിഞ്ഞാല്‍ സംസ്ഥാന നേതാക്കള്‍ പലരും മത്സരിക്കാന്‍ ആഗ്രഹിച്ച സീറ്റാണ് തൃശൂര്‍. ബി.ജെ.പി എ ക്ലാസ് മണ്ഡലമായി കണക്കാക്കിയ സീറ്റ് കൂടിയാണ് തൃശൂര്‍.