| Wednesday, 22nd December 2021, 4:01 pm

സുരേഷ് ഗോപി തെലുങ്കിലും വലിയ സ്റ്റാറാണ്: സുകുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ മലയാള സിനിമ ഇഷ്ടപ്പെടുന്നവര്‍ ഒരുപാടുണ്ടെന്ന് പുഷ്പ സിനിമയുടെ സംവിധായകന്‍ സുകുമാര്‍. ഡൂള്‍ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മലയാളി നടന്‍മാരെ ഇഷ്ടപ്പെടുന്നവരും തെലുങ്കില്‍ ഒരുപാട് പേരുണ്ടെന്ന് സുകുമാര്‍ പറയുന്നു. സുരേഷ് ഗോപിയ്ക്ക് തെലുങ്കില്‍ വലിയ ആരാധകരുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘സുരേഷ് ഗോപിയെന്ന് പറഞ്ഞാല്‍ വലിയൊരു സ്റ്റാറാണ് ഇവിടെ. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും തെലുങ്കിലേക്ക് ഡബ്ബ് ചെയ്ത സിനിമകളും സൂപ്പര്‍ ഹിറ്റായിട്ടുണ്ട്. സ്ഥിരമായി മലയാള സിനിമകള്‍ കാണുന്നവരുടെ കൂട്ടത്തില്‍ പെടുന്നയാളാണ് ഈ ഞാനും,’ സുകുമാര്‍ പറഞ്ഞു.

പണ്ട് മുതലേ മലയാള ചിത്രങ്ങള്‍ കാണാറുണ്ടെന്നും അന്ന് സംവിധായകന്‍ കമലിന്റെ ഒരുപാട് സിനിമകള്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒ.ടി.ടി കൂടി വന്നതോടെ തെലുങ്കില്‍ മലയാള ചിത്രങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നേടാനായെന്നും ഫഹദ് ഫാസിലിനും വലിയ പിന്തുണയാണ് തെലുങ്കിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

‘ ട്രാന്‍സ് സിനിമ ഇവിടെ വളരെ പോപ്പുലറായിരുന്നു. തെലുങ്കില്‍ ഏറെ ഫഫ ആരാധകരുണ്ടെന്ന് പറഞ്ഞപ്പോള്‍ ഫഹദ് ആദ്യം വിശ്വസിച്ചില്ല. നിങ്ങളുടെ പടം ആളുകള്‍ വാട്സ്ആപ്പ് സ്റ്റാറ്റസും പ്രൊഫൈല്‍ ഫോട്ടോയും മൊബൈലിലെ സ്‌ക്രീന്‍ സേവറുമാക്കുന്നുണ്ടെന്ന് പറഞ്ഞപ്പോഴും അദ്ദേഹം വിശ്വസിച്ചില്ല. പക്ഷെ ഇവിടെ വന്നപ്പോള്‍ ഫഫക്ക് അതെല്ലാം ബോധ്യമായി. ഓട്ടോഗ്രാഫ് വാങ്ങാനും സെല്‍ഫിയെടുക്കാനും ആളുകള്‍ തിങ്ങിക്കൂടുകയായിരുന്നു,’ സുകുമാര്‍ പറഞ്ഞു.

അതേസമയം അല്ലു അര്‍ജുനെ നായകനാക്കി ഒരുക്കിയ പുഷ്പ ഈ വര്‍ഷത്തെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളില്‍ ഒന്നാകുമെന്നാണ് കരുതുന്നത്.

റിലീസ് ചെയ്ത ആദ്യദിനം തന്നെ കൊവിഡിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിങ് ഗ്രോസര്‍ എന്ന റെക്കോര്‍ഡ് പുഷ്പ നേടിയിരുന്നു. ഈ വര്‍ഷം ഏറ്റവും വലിയ ഓപ്പണിംഗ് ലഭിച്ച മാസ്റ്ററിന്റേയും സ്‌പൈഡര്‍മാന്റേയും റെക്കോര്‍ഡ് തകര്‍ത്തെറിഞ്ഞാണ് പുഷ്പ നേട്ടം സ്വന്തമാക്കിയത്.

ലോകമാകമാനം വമ്പന്‍ ഹൈപ്പുമായെത്തിയ ‘സ്‌പൈഡര്‍മാന്‍ നോ വേ ഹോമു’മായുള്ള ക്ലാഷിനിടയിലും മികച്ച പെര്‍ഫോമന്‍സാണ് പുഷ്പ തിയേറ്ററുകളില്‍ കാഴ്ചവെച്ചത്. വടക്കേ ഇന്ത്യയിലാകെ പരിമിതമായ തിയേറ്ററുകളില്‍ മാത്രമാണ് റിലീസ് ചെയ്തതെങ്കിലും ഒരു ദിവസം കൊണ്ട് 3.5 കോടിയാണ് പുഷ്പ നേടിയത്.

രണ്ട് ഭാഗങ്ങളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്.

ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തുന്നത്. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്. ഫഹദ് ഫാസിലാണ് ചിത്രത്തിലെ പ്രധാന വില്ലന്‍ വേഷത്തില്‍ എത്തുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Suresh Gopi have huge fanbase in Telugu Pushpa Director Sukumar

We use cookies to give you the best possible experience. Learn more