തിരുവനന്തപുരം: ക്ലബ്ഹൗസില്‍ അക്കൗണ്ടില്ലെന്ന് പറഞ്ഞ് നടനും എം.പിയുമായ സുരേഷ് ഗോപിയും. തന്റെ പേരും ചിത്രവും ഉപയോഗിച്ച് ക്ലബ്ഹൗസില്‍ തുടങ്ങിയ അക്കൗണ്ടുകളുടെ വിവരങ്ങള്‍ പങ്കുവെച്ചാണ് സുരേഷ് ഗോപി ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു വ്യക്തിയുടെ പേരില്‍ ആള്‍മാറാട്ടവും ശബ്ദാനുകരണവും നടത്തുന്നത് അങ്ങേയറ്റം അലോസരപ്പെടുത്തുന്നുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.
‘ഞാന്‍ ക്ലബ്ഹൗസില്‍ ഒരു അക്കൗണ്ടും ആരംഭിച്ചിട്ടില്ല,’ സുരേഷ് ഗോപി പറഞ്ഞു.
നേരത്തെ ദുല്‍ഖര്‍ സല്‍മാനും നിവിന്‍പോളിയും തങ്ങളുടെ പേരിലുള്ള വ്യാജ ക്ലബ്ഹൗസ് അക്കൗണ്ടുകള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.
താന്‍ ഇതുവരെ ക്ലബ്ഹൗസില്‍ ചേര്‍ന്നിട്ടില്ലെന്നും ഏതെങ്കിലും പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമില്‍ അക്കൗണ്ട് എടുക്കുന്നുണ്ടെങ്കില്‍ അറിയിക്കുമെന്നുമാണ് നിവിന്‍ പോളി പറഞ്ഞത്.
” സുഹൃത്തുക്കളെ, ഞാന്‍ ക്ലബ്ഹൗസിലില്ല. എന്റെ പേരില്‍ കാണുന്ന ഈ അക്കൗണ്ടുകളെല്ലാം വ്യാജമാണ്. ഞാന്‍ പുതിയ സോഷ്യല്‍ മീഡിയ അക്കൗണ്ട് തുടങ്ങുകയാണെങ്കില്‍ നിങ്ങളെ അറിയിച്ചിരിക്കും,’ നിവിന്‍ ഫേസ്ബുക്കിലെഴുതി.
‘ഞാന്‍ ക്ലബ്ഹൗസില്‍ ഇല്ല. ആ അക്കൗണ്ടുകള്‍ ഒന്നും എന്റേതല്ല. എന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ആള്‍മാറാട്ടം നടത്തരുത്. അത് അത്ര തമാശയല്ല,’ ദുല്‍ഖര്‍ പറഞ്ഞു.
ദുല്‍ഖറിന്റെ പേരില്‍ നാലോളം അക്കൗണ്ടുകളാണ് ഉണ്ടായിരുന്നത്. അതില്‍ ഒന്നില്‍ ആറായിരത്തിലേറെ ഫോളോവേഴ്സും ഉണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് നടന്‍ പ്രതികരണവുമായി രംഗത്ത് വന്നത്.
കഴിഞ്ഞ കുറച്ച് നാളുകള്‍ക്കിടെ ജനപ്രിയമായിക്കൊണ്ടിരിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമാണ് ക്ലബ്ഹൗസ്. നിരവധി ചര്‍ച്ചകളാണ് ഈ പ്ലാറ്റ് ഫോമില്‍ നടന്നുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ലോക്ഡൗണിലാണ് ക്ലബ്ഹൗസ് അവതരിക്കപ്പെടുന്നത്. അന്ന് ഐ.ഒ.എസ് ഉപഭോക്താക്കള്‍ക്ക് മാത്രമായിരുന്നു ഇത് ലഭ്യമായിരുന്നത്. വലിയ തോതില്‍ ജനപ്രീതി ലഭിച്ചപ്പോള്‍ ഒരു വര്‍ഷത്തിന് ശേഷം ഈ മെയ് 21 മുതല്‍ ആന്‍ഡ്രോയിഡിലും സര്‍വീസ് തുടങ്ങി.
അതിന് ശേഷമാണ് ഇപ്പോള്‍ വലിയതോതില്‍ ഈ ആപ്ലിക്കേഷന് പ്രചാരണം ലഭിക്കുന്നത്. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ക്ലബ്ഹൗസ് വലിയ ചര്‍ച്ചയാണ് ഉണ്ടാക്കുന്നത്. സംസാരം മാത്രമാണ് ഈ ആപ്പിലെ മാധ്യമം എന്ന് പറയാം. ഈ ആപ്പിന്റെ പ്രത്യേകതകളും മറ്റും ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
പല സംഘടനകളും ക്ലബുകളും ചര്‍ച്ചകളും നടത്താന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് ക്ലബ് ഹൗസാണ്. മലയാളികളുടെ വന്‍തിരക്കാണ് ക്ലബ്ഹൗസില്‍. കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ട് മില്ല്യണ്‍ ആള്‍ക്കാര്‍ ആണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.