മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അമിത് ഷായോട് തീര്‍ത്തു പറഞ്ഞു; സഹിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇവിടെ; ആ കൂട്ടത്തില്‍ പോയി ഇരിക്കാന്‍ ഇഷ്ടമില്ലായിരുന്നു: സുരേഷ് ഗോപി
എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ താത്പര്യപ്പെട്ടിരുന്നില്ലെന്നും അത് കേരളത്തിലെ രാഷ്ട്രീയത്തെ പേടിച്ചിട്ടായിരുന്നില്ലെന്നും നടന്‍ സുരേഷ്‌ഗോപി. സഹിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇവിടെയുള്ളതെന്നും തനിക്ക് ആ കൂട്ടത്തില്‍ പോയി ഇരിക്കാന്‍ ഇഷ്ടമില്ലായിരുന്നെന്നും സുരേഷ് ഗോപി പറഞ്ഞു.
‘എനിക്ക് താത്പര്യമേ ഇല്ലായിരുന്നു. അത് കേരളത്തിലെ രാഷ്ട്രീയത്തെ പേടിച്ചിട്ടല്ല. സഹിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇവിടെയുള്ളത്. എനിക്ക് ആ കൂട്ടത്തില്‍ പോയി ഇരിക്കാന്‍ ഇഷ്ടം പോലും ഇല്ലായിരുന്നു.
അമിത് ഷാ ജി എന്നെ ഏതാണ്ട് 47 മിനുട്ട് ഫോണില്‍ വിളിച്ച് സംസാരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ നില്‍ക്കണമെന്ന് പറഞ്ഞപ്പോള്‍ ഭയങ്കര വേദനയോടെയാണ് ഞാന്‍ അതിന് സമ്മതിച്ചത്. എനിക്ക് താത്പര്യമേ ഇല്ലായിരുന്നു. അത് കേരളത്തിലെ രാഷ്ട്രീയത്തെ പേടിച്ചിട്ടല്ല. സഹിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇവിടെയുള്ളത്. എനിക്ക് ആ കൂട്ടത്തില്‍ പോയി ഇരിക്കാന്‍ ഇഷ്ടം പോലും ഇല്ലായിരുന്നു. താത്പര്യമില്ലെന്നും ഞാന്‍ അതിന് പ്രാപ്തനല്ലെന്നും പറഞ്ഞപ്പോള്‍ അമിത് ഷായുടെ പ്രതികരണം മറിച്ചായിരുന്നു.
‘യു ആര്‍ വണ്‍ ഒഫ് ദി ബെസ്റ്റ്’ എന്നാണ് അദ്ദേഹം പറഞ്ഞത്. നിങ്ങള്‍ രാഷ്ട്രീയക്കാരനല്ലെങ്കില്‍ പോലും നിങ്ങള്‍ എന്നേയും മോദി ജിയേയും മതിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് തരുന്ന റെസ്‌പെക്ട് ആണ് അത് എന്ന് പറഞ്ഞു. ഞങ്ങള്‍ നിങ്ങളോട് ചോദിക്കുകയാണ്. സമ്മതിച്ചില്ലെങ്കില്‍ ഇനിയും റിക്വസ്റ്റ് ചെയ്യും. അതിലും സമ്മതിച്ചില്ലെങ്കില്‍ ഞങ്ങള്‍ അപേക്ഷിക്കും. അതും കേട്ടില്ലെങ്കില്‍ നിങ്ങള്‍ വരാനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കും എന്ന് അദ്ദേഹം പറഞ്ഞു. നോ സാര്‍ അങ്ങനെ പറയരുതെന്ന് പറഞ്ഞ് കൂപ്പുകൈകളോടെ ഞാന്‍ അത് ഏറ്റെടുത്തു.
പനി കാരണം ആശുപത്രിയില്‍ ആയപ്പോള്‍ എന്നെ ഇതില്‍ നിന്ന് വിട്ടൂടെ എന്ന് ചോദിച്ചപ്പോള്‍ അവര്‍ സമ്മതിച്ചില്ല. ഞങ്ങള്‍ പ്രവര്‍ത്തിച്ചോളാം.
നിങ്ങള്‍ ആരോഗ്യം ശരിയാകുമ്പോള്‍ വന്നാല്‍ മതിയെന്ന് പറഞ്ഞു. അങ്ങനെയാണ് മത്സരത്തിന് ഇറങ്ങിയത്. ആ തെരഞ്ഞെടുപ്പില്‍ തോറ്റതില്‍ എനിക്ക് വിഷമമേയില്ല.
പക്ഷേ 19 ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ ഞാന്‍ വിഷമിച്ചു. പക്ഷേ ആ സമയത്ത് വിഷമമുണ്ടായിരുന്നില്ല. ഞാന്‍ തോറ്റില്ല അയാള്‍ ജയിച്ചു എന്നൊക്കെ പറഞ്ഞ് ഞാന്‍ എന്റെ വര്‍ക്കില്‍ കോണ്‍സന്‍ട്രേറ്റ് ചെയ്തു.
പക്ഷേ ആദ്യത്തെ പാര്‍ലമെന്റ് സമ്മേളനത്തിന് അവിടെ ചെന്ന് ഇവരുടെയൊക്കെ ഡെലിബറേഷന്‍സ് കണ്ടപ്പോള്‍ വല്ലാണ്ട് കൊതിച്ചുപോയി. മറ്റൊന്നുമല്ല. ആ 19 പേര്‍ ഒരുവശത്ത്, അവരുമായി കടിച്ചുപറിഞ്ഞ് ഒരു സീറ്റ് നേടിയ ആള്‍ ആ പത്തൊമ്പത് പേരുടെ അതേ ഭാഷ സംസാരിക്കുക, അതേ മനോഭാവം വെക്കുക ഇപ്പുറത്ത് അവരുടെ ഓപ്പോസിഷനായി ട്രഷറി ബെഞ്ചിന്റെ കൂടെയിരുന്ന് ഇവര്‍ സംസാരിച്ചതിന്റെ എതിര്‍കാഴ്ച സത്യസന്ധമായ രീതിയില്‍ അവതരിപ്പിക്കുക. അങ്ങനെ ഒരു അവസരമാണല്ലോ ദൈവമേ നഷ്ടമായത് എന്നോര്‍ത്തപ്പോള്‍ എനിക്ക് ഒന്നിന് പിറകെ ഒന്നായി ഹാര്‍ട് അറ്റാക്ക് വന്നു. ഇനിയൊരു മത്സരത്തിന് നില്‍ക്കുമോ എന്നൊന്നും ഞാന്‍ ആലോചിച്ചിട്ടില്ല, സുരേഷ് ഗോപി പറഞ്ഞു.
എല്ലാവരേയും സന്തോഷിപ്പിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമല്ലെന്നും പക്ഷേ അങ്ങനെ ഉത്തരവാദിത്തം നിങ്ങള്‍ ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ അത് നിങ്ങള്‍ വൃത്തിയായി നടപ്പാക്കണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
സുരേഷ് ഗോപി നായകനായ പാപ്പന്‍ ജൂലൈ 29 ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സുരേഷ് ഗോപിയുടെ പ്രകടത്തിന് വലിയ കയ്യടിയാണ് ലഭിക്കുന്നത്.
Content Highlight: Actor Suresh Gopi about His Election Loss and Amith sha comment