തിരുവനന്തപുരം: കാര്‍ഷിക നിയമം തിരിച്ചുകൊണ്ടുവരാന്‍ യഥാര്‍ത്ഥ തന്തയ്ക്ക് പിറന്ന കര്‍ഷകര്‍ ആവശ്യപ്പെടുമെന്ന പ്രസ്താവനയുമായി ബി.ജെ.പി നേതാവ് സുരേഷ് ഗോപി എം.പി.
മോദിയും സംഘവും കാര്‍ഷികനിയമം പിന്‍വലിച്ചതില്‍ അതിയായ അമര്‍ഷമുള്ള ബി.ജെ.പിക്കാരനാണ് താനെന്നും ആ കാര്‍ഷിക നിയമങ്ങള്‍ തിരിച്ചുവരുമെന്നും സുരേഷ് ഗോപി പറഞ്ഞു.
രാവിലെ സന്തോഷത്തോടെ ഈ പരിപാടിയില്‍ പങ്കെടുക്കാനായി ഞാന്‍ ഇങ്ങോട്ട് വരുമ്പോള്‍ കുട്ടനാട്ടില്‍ ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്ത വാര്‍ത്ത എന്നെ ഒരാള്‍ വിളിച്ചുപറഞ്ഞു. ഞാന്‍ ആലോചിക്കുകയാണ് ഈ യു.പി ബോര്‍ഡറിലൊക്കെ കഞ്ഞിവെക്കാന്‍ പൈനാപ്പിളും കൊണ്ടുപോയ കുറേ….%*%മാരെ കുറിച്ച്.
ഇവനൊക്കെ കര്‍ഷകനോട് എന്ന് ഉത്തരം പറയും? എന്ത് ഉത്തരം പറയും? ആരാണ് കര്‍ഷകന്റെ സംരക്ഷകര്‍. ഞാന്‍ പറയുന്നു നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മോദിയും സംഘവും കാര്‍ഷികനിയമം പിന്‍വലിച്ചതില്‍ അതിയായ അമര്‍ഷമുള്ള ബി.ജെ.പിക്കാരനാണ് ഞാന്‍, അത് അങ്ങനെ തന്നെയാണ്.
ആ കാര്‍ഷിക നിയമങ്ങള്‍ തിരിച്ചുവരും. അത് ജനങ്ങള്‍ ആവശ്യപ്പെടും, കര്‍ഷകര്‍ ആവശ്യപ്പെടും. യഥാര്‍ത്ഥ തന്തയ്ക്ക് പിറന്ന കര്‍ഷകര്‍ ആവശ്യപ്പെടും. ഇല്ലെങ്കില്‍ ഈ ഭരണത്തെ പറഞ്ഞയക്കും കര്‍ഷകര്‍. ആ അവസ്ഥയിലേക്ക് പോകും.
സത്യം എപ്പോഴും മറനീക്കി പുറത്തുവരും. കാര്‍മേഘത്തിന്റെ ശക്തിയെ അടിസ്ഥാനപ്പെടുത്തിയാണ് ആ മറ നീക്കുന്നത്. നമുക്കിവിടെ കാര്‍മേഘങ്ങളുടെ ശക്തിയാണ്. അവര്‍ ശക്തി വര്‍ധിപ്പിക്കട്ടെ. അവസാനം കഴുത്തറ്റം ചെളികൊണ്ടെത്തിച്ച് ആ കാര്‍മേഘം മുക്കിക്കൊല്ലും. അതാണ് ഇപ്പോള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നത്, സുരേഷ് ഗോപി പറഞ്ഞു.
ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് വിഷുദിവസം കൈനീട്ടം കൊടുക്കാനെന്ന പേരില്‍ സുരേഷ് ഗോപി മേല്‍ശാന്തിമാര്‍ക്ക് പണം കൊടുത്തത് കഴിഞ്ഞ ദിവസങ്ങളില്‍ വിവാദമായിരുന്നു. മേല്‍ശാന്തിമാര്‍ ഇത്തരത്തില്‍ തുക സ്വീകരിക്കുന്നത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിലക്കുകയും ചെയ്തിരുന്നു.
ഇതിനെതിരെയും സുരേഷ് ഗോപി കടുത്ത വിമര്‍ശനം ഉന്നയിച്ചു. വിഷു കൈനീട്ടം നല്‍കുന്നതിനെതിരെ ചില വക്രബുദ്ധികളുടെ നീക്കം വന്നിരിക്കുകയാണെന്നും അത് തന്നെ സംബന്ധിച്ച് ഏറ്റവും വലിയ വിജയമാണെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
ഒരു രൂപ നോട്ടില്‍ ഗാന്ധിയുടെ ചിത്രമാണ് ഉള്ളതെന്നും അല്ലാതെ നരേന്ദ്ര മോദിയുടേയോ തന്റെയോ ചിത്രമല്ല ഉള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു.
ഒരു രൂപ നോട്ടെടുത്ത് മഹാലക്ഷ്മി ദേവിയെ പ്രാര്‍ത്ഥിച്ചുകൊണ്ട് ഒരു കുഞ്ഞിന്റെ കൈവെള്ളയില്‍ വെച്ചു കൊടുക്കുന്നത് ഈ കുഞ്ഞ് പ്രാപ്തി നേടാന്‍ വേണ്ടിയാണ്. നാളെ ഒരു നിര്‍വഹണത്തിന് ഇറങ്ങുമ്പോള്‍ ഈ കുഞ്ഞിന്റെ കൈയിലേക്ക് ഒരു കോടി വന്നുചേരുന്ന അനുഗ്രഹവര്‍ഷമാകണേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടാണ്. എന്നാല്‍ ആ നന്മ മനസിലാക്കാന്‍ പറ്റാത്ത മാക്രി പറ്റങ്ങളോട് എന്താണ് പറയേണ്ടത്.
ഞാന്‍ ഉറപ്പിച്ചു പറയുന്നു ചൊറിയന്‍ മാക്രി പറ്റങ്ങളാണ് ഇവര്‍. ധൈര്യമുണ്ടെങ്കില്‍ പ്രതികരിക്കട്ടെ. ഞാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. ഹീനമായ ചിന്തയുണ്ടെങ്കിലേ ഇതൊക്കെ ചെയ്യാന്‍ സാധിക്കുള്ളൂ, സുരേഷ് ഗോപി പറഞ്ഞു.
Content Highlight: Actor Suresh Gopi About Farm bill