| Friday, 27th January 2023, 8:43 pm

'എന്ത് പടമാണിത്, എന്റെ 200 രൂപ പോയി' എന്ന് നന്‍പകല്‍ കണ്ട അയാള്‍ എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞു: സുരേഷ് ബാബു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കത്തെ കുറിച്ച് താന്‍ കേട്ട വ്യത്യസ്തമായ അഭിപ്രായങ്ങളെ കുറിച്ച് നടന്‍ ടി. സുരേഷ് ബാബു. ചിത്രത്തെ കുറിച്ച് മോശം അഭിപ്രായവുമായി ചില പഴയ ആളുകള്‍ എത്തിയെന്നും എന്നാല്‍ പുതിയ തലമുറയില്‍ പെട്ട പലരും തന്നെ വിളിച്ച് അഭിനന്ദിച്ചെന്നും ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ബാബു പറഞ്ഞു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമയിലേക്ക് വിളിച്ചപ്പോള്‍ ആദ്യം മനസില്‍ കരുതിയത് എന്തായിരുന്നുവെന്ന ഡൂള്‍ന്യൂസ് പ്രതിനിധി അന്ന കീര്‍ത്തി ജോര്‍ജിന്റെ ചോദ്യത്തിന് മറുപടി പറയുന്നതിനിടയിലാണ് സിനിമയെ കുറിച്ച് താന്‍ കേട്ട പ്രതികരണങ്ങളെ കുറിച്ച് സുരേഷ് ബാബു സംസാരിച്ചത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗ കണ്ട ശേഷം അതിലെ കഥാപാത്രങ്ങളെ പോലെയുള്ള വേഷങ്ങള്‍ ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. മകനാണ് തന്നെ പുതിയ സിനിമകളുടെ ലോകത്തേക്ക് കൊണ്ടുവന്നതെന്ന് നാടകപ്രവര്‍ത്തകന്‍ കൂടിയായ സുരേഷ് ബാബു ഡൂള്‍ന്യൂസിനോട് പറഞ്ഞു.

പുതിയ തലമുറയാണ് തങ്ങളെ പോലുള്ള പഴയവര്‍ക്ക് പ്രചോദനമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ചെറുപ്പക്കാര്‍ കാരണമാണ് നമ്മളെ പോലെ പ്രായമുള്ള ആളുകള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നത്. ഈ സിനിമയും അങ്ങനെ തന്നെയാണ്. പഴയ ആളുകള്‍ മുഴുവന്‍ വിളിച്ച് ‘എന്ത് സിനിമയാണിത്, എന്റെ 200 രൂപ പോയി’ എന്നൊക്കെ പറഞ്ഞു. വയസനായ ഒരു യാഥാസ്ഥിതികനായിരുന്നു അത് പറഞ്ഞത്.

എന്നാല്‍ ഒരുപാട് ചെറുപ്പക്കാര്‍ എന്നെ വിളിച്ച്, സുരേഷേട്ടാ, ഗംഭീരമായിരിക്കുന്നു എന്ന് പറഞ്ഞു. ഒരുപാട് പുതുതലമുറക്കാര്‍ അങ്ങനെ വിളിച്ചിരുന്നു. ലോകം മുമ്പോട്ടേക്കാണ് പോകുന്നതെന്ന് അതില്‍ നിന്നും മനസിലാകും. അങ്ങനെ മുമ്പോട്ടു പോകുന്നവരുടെ കൂടെ കൂടാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്,’ സുരേഷ് ബാബു ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങളെ കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ സംസാരിച്ചു. ‘മമ്മൂക്കയുമായി സെറ്റില്‍ വെച്ച് നല്ല സൗഹൃദത്തിലായിരുന്നു. കുറെ സംസാരിച്ചു. അദ്ദേഹവുമായി ഏതോ അടുത്ത ബന്ധം പോലെ തന്നെയായി. നേരത്തെ കേട്ട മാതിരിയുള്ള ഒരാളേ അല്ലായിരുന്നു മമ്മൂക്ക സെറ്റില്‍.

ആദ്യമൊക്കെ എന്താണ് ഇയാള്‍ എന്ന് മനസിലാക്കാന്‍ കുറച്ച് പണിപ്പെട്ടു. പിടികൊടുക്കാത്ത പോലെയായിരുന്നു. എന്നാല്‍ പിന്നീട് തുറന്ന് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ അടുത്ത സൗഹൃദത്തിലായി.

ഷൂട്ടിന് തൊട്ടുമുമ്പ് വരെ മമ്മൂക്ക നമ്മളോടൊക്കെ വര്‍ത്തമാനം പറഞ്ഞിരിക്കുകയായിരിക്കും. പക്ഷെ തൊട്ടടുത്ത നിമിഷം ക്യാമറയുടെ മുന്നിലേക്ക് ചെന്ന് കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് കാണേണ്ടത് തന്നെയാണ്. വളരെ മൈന്യൂട്ടായ ചില കാര്യങ്ങളൊക്കെ അദ്ദേഹം ചെയ്യും.

ചില സീനിലൊക്കെ ഞങ്ങള്‍ വല്ലാതെ ബേജാറായി പോയിട്ടുണ്ട്. റിഹേഴ്സല്‍ സമയത്തും ടേക്ക് എടുക്കുമ്പോഴും അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് കണ്ടുനില്‍ക്കുമ്പോള്‍ ഞങ്ങളെല്ലാം ഇമോഷണലായി പോയിരുന്നു,’ സുരേഷ് ബാബു ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ജനുവരി 19നാണ് നന്‍പകല്‍ നേരത്ത് മയക്കം തിയേറ്ററുകളിലെത്തിയത്. ഐ.എഫ്.എഫ്.കെയടക്കമുള്ള ചലച്ചിത്രമേളകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രത്തിന് തിയേറ്റര്‍ റിലീസിന് ശേഷവും വലിയ പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും നേടിയെടുക്കാന്‍ കഴിഞ്ഞു. തമിഴ്‌നാട്ടിലും ചിത്രം കയ്യടി നേടുന്നുണ്ട്.

Content Highlight: Actor Suresh Babu about a bad comments he heard about Nanpakal Nerathu Mayakkam movie

We use cookies to give you the best possible experience. Learn more