കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം ലഭിച്ച അവസാന കലാകാരനാണ് സുരാജ് വെഞ്ഞാറമ്മൂട്. അവാര്‍ഡിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരമിപ്പോള്‍. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസു തുറന്നത്.
2013ന് ശേഷം സംസ്ഥാന ചലചിത്ര പുരസ്‌കാരത്തില്‍ നിന്നും മികച്ച ഹാസ്യതാരം എന്ന കാറ്റഗറി ഒഴിവാക്കിയിരുന്നു. തനിക്ക് ശേഷം ആരും വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ച് കാണുമെന്നും സര്‍ക്കാരിന്റെ ആസ്ഥാന കൊമേഡിയന്‍ പട്ടം തനിക്ക് മാത്രമുള്ളതാണെന്നും സുരാജ് അഭിമുഖത്തില്‍ തമാശരൂപേണ പറയുന്നു. കേരളത്തിലെ സര്‍ക്കാര്‍ അംഗീകൃത കൊമേഡിയന്‍ താന്‍ മാത്രമാണ് എന്നും സുരാജ് പറയുന്നുണ്ട്.
ഒരു കലാകാരനെ സംബന്ധിച്ച് അയാള്‍ നില്‍ക്കുന്ന സ്‌പേസില്‍ ഒരു അംഗീകാരം ലഭിക്കുക എന്നത് വളരെ വലിയ കാര്യമാണെന്നും അതില്‍പരം സന്തോഷം വേറെയില്ലെന്നും സുരാജ് പറഞ്ഞു.
2009ല്‍ ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തിനാണ് സുരാജിന് ആദ്യമായി സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം ലഭിക്കുന്നത്. 2010ല്‍ ഒരു നാള്‍ വരും എന്ന ചിത്രത്തിനും 2013ല്‍ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിനുമാണ് സുരാജിന് പുരസ്‌കാരം ലഭിച്ചത്.
ഡോക്ടര്‍ ബിജുവിന്റെ പേരറിയാത്തവര്‍ എന്ന ചിത്രത്തിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സ്വഭാവ നടനുള്ള അവാര്‍ഡ് ലഭിക്കുമെന്ന് കരുതിയിരുന്നുവെന്നും എന്നാല്‍ ക്യാരക്ടര്‍ അവാര്‍ഡ് പ്രതീക്ഷിച്ചിരുന്ന തനിക്ക് വീണ്ടും കൊമേഡിയനുള്ള അവാര്‍ഡ് തന്നെയാണ് ലഭിച്ചതെന്നും സുരാജ് പറയുന്നു.
പേരറിയാത്തവര്‍ എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതോടെ പല സംവിധായകരും തന്നെ കോമഡി റോളുകളില്‍ കാസ്റ്റ് ചെയ്യാന്‍ മടിച്ചിരുന്നതായും സുരാജ് പറയുന്നു.
ഡോക്ടര്‍ ബിജുവാണ് തന്നോട് ആദ്യമായി ഒരു കഥ പറഞ്ഞ സംവിധായകനെന്നും സുരാജ് പറയുന്നു. പേരറിയാത്തവര്‍ തന്നെ സംബന്ധിച്ച് പുതിയ അനുഭവമായിരുന്നെന്നും താരം പറഞ്ഞു.
2 മണിക്കൂര്‍ സിനിമയില്‍ ആകെ മൂന്നോ നാലോ ഡയലോഗുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ആദ്യമായി സിങ്ക് സൗണ്ട് ഉപയോഗിച്ചത് പേരറിയാത്തവരിലാണെന്നും അതുവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തമായ അനുഭവമായിരുന്നു ആ സിനിമയിലേതെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു.