രാജമാണിക്യം സിനിമയില്‍ മമ്മൂട്ടിയെ തിരുവനന്തപുരം ശൈലിയില്‍ സംസാരിക്കാന്‍ പഠിപ്പിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നടന്‍ സുരാജ് വെഞ്ഞാറമൂട്. ജെ.ബി ജംഗഷന്‍ എന്ന പരിപാടിക്കിടെയാണ് രാജമാണിക്യത്തിലേക്ക് എത്തിയതിനെ കുറിച്ചും മമ്മൂട്ടിയെ ആദ്യമായി കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം ചിലരോട് ചൂടാകുന്നത് കണ്ടതിനെ കുറിച്ചും സുരാജ് പറഞ്ഞത്.
ചിത്രത്തിന്റെ തിരക്കഥ തിരുവനന്തപുരം സ്ലാങ്ങിലേക്ക് മാറ്റിയെഴുതിയതും മമ്മൂട്ടിക്ക് അത് പറഞ്ഞു കൊടുത്തതും ലൊക്കേഷനില്‍ മുഴുവന്‍ സമയവും ചെലവഴിക്കാനായതുമെല്ലാം വലിയ അനുഭവമായിരുന്നെന്നും സുരാജ് പറഞ്ഞു.
‘വിവാഹം കഴിഞ്ഞ് ഒരാഴ്ചയായ സമയത്താണ് നിര്‍മ്മാതാവ് ആന്റോ ജോസഫിന്റെ കോള്‍ വരുന്നത്. രാജമാണിക്യം എന്ന സിനിമയുടെ ഷൂട്ട് നടക്കുകയാണ്. മമ്മൂട്ടിയെ തിരുവനന്തപുരം ശൈലി പഠിപ്പിക്കാന്‍ വരണമെന്ന് പറഞ്ഞു.
മമ്മൂട്ടിയുടെ നമ്പര്‍ തന്നിട്ട് അദ്ദേഹത്തെ വിളിക്കാനും പറഞ്ഞു. ആ സമയത്ത് ഞാന്‍ സ്റ്റേജ് ഷോകള്‍ ചെയ്യുകയാണ്. അതാണ് ആകെയുള്ള വരുമാനം. സ്‌റ്റേജ് ഷോയെല്ലാം കട്ട് ചെയ്ത് ഞാന്‍ രാജമാണിക്യം സെറ്റില്‍ പോയി.
ഷാഹിദിക്ക എഴുതിവെയ്ക്കുന്ന വരികള്‍ തിരുവനന്തപുരം സ്ലാങ്ങിലാക്കുന്നതാണ് എന്റെ ജോലി. മാറ്റിയെഴുതിയാല്‍ മാത്രം പോര അടുത്ത ദിവസത്തേക്കുള്ള ഈ ഡയലോഗുകള്‍ മമ്മൂട്ടിക്ക് പറഞ്ഞു കൊടുക്കുകയും വേണം. ലൊക്കേഷനിലും പോകണം. മമ്മൂട്ടി ഏതെങ്കിലും വാക്കുകളോ മറ്റോ വിട്ടുപോയാല്‍ പറഞ്ഞു കൊടുക്കണം.
അങ്ങനെ ഞാന്‍ മമ്മൂട്ടിയുടെ റൂമിലെത്തി. സുലു ചേച്ചിയുമുണ്ട് അവിടെ. പഠിപ്പിക്കാനൊക്കെ വന്നയാളാണല്ലോ ഞാനെന്നുള്ള ഒരു ബലത്തില്‍ ഇങ്ങനെ നില്‍ക്കുകയാണ്.
അപ്പോള്‍ മമ്മൂട്ടിക്കുള്ള കോസ്റ്റിയൂമുമായി ആളെത്തി. അത് കുറച്ച് ടൈറ്റായിരുന്നു. ഇങ്ങനെ ആണോ തയ്ച്ചുവെക്കുന്നത് എന്ന് ചോദിച്ചു മമ്മൂക്ക ആളോട് ചൂടായി. സുലു ചേച്ചി പറയാന്‍ ശ്രമിച്ചപ്പോള്‍ നിനക്കെന്ത് അറിയാമെന്നായിരുന്നു അവരോട് ചോദിച്ചത്.
ഭാര്യയോട് വരെ ഇങ്ങനെ ദേഷ്യപ്പെടുകയാണല്ലോ എന്ന് തോന്നിപ്പോയി. അതോടെ ഇനി ഇവിടെ നിന്നാല്‍ പണി പാളുമെന്ന് എനിക്ക് തോന്നി. തണുത്തിട്ട് വരാമെന്ന് പറഞ്ഞപ്പോഴേക്കും ആള്‍ ഇരിയടാ അവിടെ എന്ന് പറഞ്ഞു. അപ്പോഴേക്കും പുതിയ കോസ്റ്റിയൂം എത്തി എല്ലാം സെറ്റായി
താഴെ ഷാഹിദുണ്ട്. അവന്‍ എഴുതിയതൊന്ന് എന്നോട് ട്രിവാന്‍ഡ്രവത്കരിക്കാന്‍ പറഞ്ഞു. അങ്ങനെ ട്രിവാന്‍ഡ്രവത്കരിക്കലും മറ്റുമായി ആ ഷൂട്ടിന് മുഴുവന്‍ നിന്നത് വലിയ അനുഭവമായിരുന്നു,’ സുരാജ് പറഞ്ഞു.