അടുക്കള സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഇടമാണെന്ന ചിന്ത നമ്മള്‍ മാറ്റണമെന്ന് നടന്‍ സുരാജ് വെഞ്ഞാറമ്മൂട്. തന്നെ സംബന്ധിച്ച് അടുക്കളയെന്നത് ഭക്ഷണം പാചകം ചെയ്യാന്‍ മാത്രമുള്ള ഒരു സ്ഥലമല്ലെന്നും വീടിന്റെ എല്ലാ മര്‍മ്മവും അവിടെയാണെന്നും സുരാജ് പറഞ്ഞു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ ആണ്‍മക്കളേയും ചെറുപ്പത്തിലേ തന്നെ പാചകവും പാത്രം കഴുകാനും വീട് വൃത്തിയാക്കാനും പഠിപ്പിക്കണമെന്നും. ഓരോന്നും പാകപ്പെടുന്നതിന്റെ പ്രയാസം അവരും മനസ്സിലാക്കണമെന്നും സുരാജ് പറയുന്നു.
‘എത്ര ഭര്‍ത്താക്കന്മാരുണ്ട് ഭാര്യ സുഖമില്ലാതാകുമ്പോള്‍ അടുക്കളയില്‍ കയറുന്നവര്‍. അവര്‍ ഹോട്ടലിലേക്ക് ഓടും. എല്ലാവരും അങ്ങനെയാണെന്നല്ല. എന്റെ വീട്ടിലെ അടുക്കള എന്റേത് കൂടിയാണ്. ഞാന്‍ ഭക്ഷണം ഉണ്ടാക്കും, പാത്രം കഴുകും, സിങ്ക് വൃത്തിയാക്കും. കൊറോണ സമയത്ത് കുറേ കൂടുതല്‍ പാചകം പഠിച്ചു’, സുരാജ് പറഞ്ഞു.
‘അടുക്കളയിലെ എന്റെ അമ്മയുടെ കഷ്ടപ്പാട് കണ്ടാണ് വളര്‍ന്നത്. അപ്പോള്‍ സ്വാഭാവികമായും എനിക്ക് അടുക്കളയില്‍ നിന്ന് മാറി നില്‍ക്കാന്‍ പറ്റില്ല. ലോക്ഡൗണ്‍ സമയം ഞങ്ങള്‍ എല്ലാവരും ഒരുമിച്ചായിരുന്നു. എന്റെ ചേട്ടനും ചേച്ചിയും കുടുംബത്തിലുള്ള എല്ലാവരും. പത്ത് പന്ത്രണ്ട് പേര് ഒരു നേരം ഭക്ഷണം കഴിച്ച് കഴിയുമ്പോള്‍ എത്ര പാത്രം കാണും. അത് കഴുകി വൃത്തിയാക്കുക എന്ന് പറയുന്നത് ഒട്ടും നിസ്സാരമല്ല. അതു ഞാന്‍ കഴുകും. അടുക്കള എനിക്ക് പ്രിയപ്പെട്ട ഒരു ഇടം തന്നെയാണ്, സുരാജ് പറയുന്നു.
ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് എല്ലായിടത്തു നിന്നും പോസിറ്റീവ് റിവ്യൂസാണ് ലഭിച്ചതെന്നും ഉറപ്പായും നല്ല ഒരു സിനിമയായതു കൊണ്ട് തന്നെയാണ് അതെന്നും സുരാജ് പറയുന്നു. സബ്ജക്ടാണ് ഹൈലൈറ്റ്. നമുക്ക് എല്ലാവര്‍ക്കും അറിയാം അടുക്കളയിലാണ് ഒരുപാട് കഥകള്‍ നടക്കുന്നത്. ഏതൊരാള്‍ക്കും മനസ്സിലാകുന്ന ഇടമാണ് അടുക്കള. അതിലെ വളരെ ചെറിയ ഒരു വിഷയമാണ് ഈ സിനിമ പറയുന്നത്. ഇനിയും ഇനിയും ഒരുപാട് പറയാനുണ്ട് അടുക്കളയെ പറ്റി. അതിനെ സത്യസന്ധമായ വിഷയമാക്കിയതാണ് ഈ സിനിമയുടെ നേട്ടം.
സിനിമ കണ്ട് എന്നെ കുറേ പേര്‍ വിളിച്ചു. നല്ലത് തന്നെയാണ് പറഞ്ഞതൊക്കെ. പിന്നെ സിനിമയെ സിനിമയായി കാണാന്‍ കഴിയണം. രണ്ടു തരം മനുഷ്യരുണ്ട്. ആ സിനിമയിലെ പോലെയുള്ളവരും അല്ലാത്തവരും. ഇതില്‍ കാര്യം പറയുന്നത് വളരെ സുതാര്യമായാണ്. ആര്‍ക്കും റിലേറ്റ് ചെയ്യാന്‍ കഴിയും. സ്ത്രീയുടെ മാത്രം മുറിയായി അടുക്കളയെ കാണുന്നവരാണ് നെഗറ്റീവ് പറഞ്ഞത്.
കുടുംബത്തിന് എതിരല്ല ആ സിനിമ. ഇതിലും മോശമായ എത്രയോ വീടുകള്‍ നമുക്കറിയാം. ബന്ധങ്ങള്‍ ദൃഢമാക്കാന്‍ പരസ്പരം മനസ്സിലാക്കലുകള്‍ വേണം. വീട്ടിലെ സ്ത്രീകള്‍ നമുക്ക് വേണ്ടി പണിയെടുക്കാന്‍ മാത്രമുള്ളവരാണ് എന്ന കാഴ്ചപ്പാട് തെറ്റാണ്’, സുരാജ് പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക