സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന പുതിയ സിനിമയാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ. ഏറെ വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത എം. മുകുന്ദന്റെ കഥകളിലൊന്നായ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന കഥയുടെ ദൃശ്യാവിഷ്‌കാരമാണ് ചിത്രം.
ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയെഴുതിയതും എം. മുകുന്ദനാണ്. ഒരു ഇടവേളക്ക് ശേഷം ആന്‍ അഗസ്റ്റിന്‍ തിരിച്ചുവരുന്ന ചിത്രമാണെന്ന പ്രത്യേകതയും ഓട്ടോറിക്ഷക്കാരന്റെ ഭാര്യക്കുണ്ട്.
ഓട്ടോറിക്ഷയുമായി ബന്ധപ്പെട്ടുള്ള തന്റെ രണ്ട് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സുരാജ്. സുരേഷ് ഗോപിയുമായി ഓട്ടോയില്‍ കേറിയതും കൂടാതെ മുമ്പ് അഭിനയിച്ച സിനിമയിലെ സീനിനെക്കുറിച്ചുമാണ് അദ്ദേഹം പറഞ്ഞത്. കൗമുദി മൂവീസുമായുള്ള അഭിമുഖത്തിലാണ് ഓട്ടോറിക്ഷ അനുഭവങ്ങള്‍ സുരാജ് പങ്കുവെച്ചത്.
”ഓട്ടോറിക്ഷയുമായി ബന്ധപ്പെട്ട് രണ്ട് അനുഭവങ്ങളാണ് എനിക്ക് എപ്പോഴും ഓര്‍മവരാറുള്ളത്. സുരേഷേട്ടന്റെ കൂടെ ഞാന്‍ ഹെയ്‌ലേസ എന്നൊരു മൂവിക്ക് വേണ്ടി ഫോര്‍ട്ട് കൊച്ചിയില്‍ ഷൂട്ട് നടക്കുമ്പോള്‍ എനിക്ക് ചിരിവന്നൊരു അനുഭവമുണ്ട്.
ഷൂട്ട് കഴിഞ്ഞ് പോകാന്‍ വേണ്ടി സുരേഷേട്ടന്‍ വണ്ടി കൊണ്ടുവരാന്‍ പറഞ്ഞു. അവിടെ
ട്രാഫിക്ക് കാരണം ലേറ്റായി. കാത്തിരുന്നു സുരേഷേട്ടനാകെ മടുത്തു. കുറച്ച് കഴിഞ്ഞപ്പോള്‍ സുരാജേ നീ വരുന്നോയെന്ന് ചോദിച്ചു. എനിക്ക് ഒന്നും മനസിലായില്ല.
ഒരു ഓട്ടോക്ക് കൈ നീട്ടി നിര്‍ത്തിച്ചിട്ട് നീ വരുന്നോയെന്നും ചോദിച്ച് വണ്ടിയില്‍ കേറി. ഞാന്‍ നോക്കുമ്പോള്‍ പുറകില്‍ ഒരു ഇന്നോവ വരുന്നുണ്ട്. ഞാന്‍ സുരേഷേട്ട പിറകിലുണ്ട് നമുക്ക് ഇറങ്ങാമെന്ന് പറഞ്ഞ് നോക്കിയപ്പോഴുള്ള ഡയലോഗ് കേട്ട് എനിക്ക് ചിരിവന്നു. ഞാന്‍ ഇറങ്ങില്ല എന്നും പറഞ്ഞ് ആ ഓട്ടോയില്‍ തന്നെ പോയി.
എനിക്ക് അന്ന് അത്ഭുതമായിരുന്നു. ഇത്രയും വണ്ടി ഉണ്ടായിട്ട് ഓട്ടോയില്‍ പോകുന്നത് കണ്ടിട്ട്. മറ്റൊരു അനുഭവം ദിലീപേട്ടന്റെ സിനിമയില്‍ ഓട്ടോയില്‍ നിന്നും ചാടി ഇറങ്ങുന്ന ഒരു സീനുണ്ട്.
അത് ഞാന്‍ ഡയറക്ടറോട് അങ്ങോട്ട് ചോദിച്ച് ചെയ്തതാണ്. കാരണം സിറ്റുവേഷന്‍ അതുപോലെയുള്ളതാണ്. ഓടുന്ന ഓട്ടോയില്‍ നിന്നും ചാടി ഇറങ്ങല്‍ എളുപ്പമുള്ള കാര്യമല്ല. ഞാനതില്‍ എങ്ങനെയോ ചാടി ഇറങ്ങിയതാണ്. പക്ഷേ സീന്‍ നന്നായിരുന്നു,” സുരാജ് പറഞ്ഞു.
content highlight: actor suraj venjaramood shares his autoriksha experience