അഭിനയ മികവ് കൊണ്ടും വ്യത്യസ്തമായ അവതരണശൈലി കൊണ്ടും ശ്രദ്ധേയനായ നടനാണ് സുരാജ് വെഞ്ഞാറമൂട്. ഹാസ്യവേഷങ്ങളില്‍ നിന്നും അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലേക്കുള്ള സുരാജിന്റെ ചുവടുമാറ്റം കരിയറില്‍ ഏറെ പ്രശംസകള്‍ നേടിയതായിരുന്നു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജുവിലെ സുരാജിന്റെ വേഷം പ്രേക്ഷകര്‍ ഇന്നും നെഞ്ചിലേറ്റുന്ന കഥാപാത്രങ്ങളിലൊന്നാണ്.
ജോസഫ്, മാമാങ്കം എന്നീ ചിത്രങ്ങള്‍ക്കു ശേഷം എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പത്താം വളവ് എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു കോളേജില്‍ സുരാജ് നടത്തിയ പ്രസംഗത്തിന്റെ ഭാഗമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
കാശ് കൊടുത്താല്‍ വാങ്ങാന്‍ പറ്റാത്ത സമൂഹമാണ് വിദ്യാര്‍ത്ഥിസമൂഹമെന്നും വിവിധ രാഷ്ട്രീയ നിലപാടുകളുള്ളവരാണെങ്കിലും പ്രശ്‌നം വന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരൊറ്റ രാഷ്ട്രീയമേയുള്ളൂവെന്നുമായിരുന്നു സുരാജ് പറഞ്ഞത്.
അനുസരണയുള്ള കുട്ടികളാണ് നല്ല കുട്ടികളെന്ന വാദം ശരിയല്ലെന്നും അനുസരണക്കേട് കാണിക്കുന്നവരാണ് നല്ല കുട്ടികളെന്നും അവരില്‍ നിന്നാണ് സമൂഹത്തിനോട് നല്ല ചോദ്യങ്ങളുണ്ടാകുന്നതെന്നും പറഞ്ഞതോടെ കൈയ്യടിച്ചും ആര്‍പ്പുവിളിച്ചുമാണ് വിദ്യാര്‍ത്ഥികള്‍ സുരാജിനെ ഏറ്റെടുത്തത്.
‘പലരും പറയും അനുസരണയുള്ള കുട്ടികളാണ് നല്ല കുട്ടികളെന്ന്. പക്ഷേ അല്ല. അനുസരണയുള്ള കുട്ടികളല്ല നല്ല കുട്ടികള്‍. അനുസരണക്കേട് കാണിക്കുന്നവരാണ് നല്ല കുട്ടികള്‍. കാരണം അവരാണ് സമൂഹത്തിനോട് നല്ല നല്ല ചോദ്യങ്ങള്‍ ചോദിക്കുന്നത്.
അനുസരണയുടെ അങ്ങേയറ്റമാണ് അടിമത്തം. അനുസരണ കൂടിക്കൂടി അടിമത്വത്തിലേക്ക് പൊയ്‌ക്കൊണ്ടിരിക്കും. അതുകൊണ്ട് സമൂഹത്തോട് ചോദ്യങ്ങള്‍ ചോദിക്കുക. കാരണം നിങ്ങള്‍ക്ക് മാത്രമേ അത് സാധിക്കൂ. കാശ് കൊടുത്താല്‍ അരി വാങ്ങാം, പഞ്ചസാര വാങ്ങാം, മണ്ണെണ്ണ വാങ്ങാം, വേണമെങ്കില്‍ സര്‍ക്കാരിനെ തന്നെ വിലയ്ക്കു വാങ്ങാം. പക്ഷെ കാശ് കൊടുത്താല്‍ വാങ്ങാന്‍ പറ്റാത്ത ഒരേയൊരു സമൂഹമേയുള്ളു. അത് വിദ്യാര്‍ത്ഥി സമൂഹമാണ്.
നിങ്ങള്‍ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ള ആളുകള്‍ തന്നെയായിരിക്കും. പക്ഷെ നിങ്ങള്‍ക്കൊരു പ്രശ്‌നം വന്നാല്‍ ഒരൊറ്റ രാഷ്ട്രീയമേയുള്ളൂ- വിദ്യാര്‍ത്ഥി രാഷ്ട്രീയം. ഇവിടെ നിന്ന് പുറത്തിറങ്ങുമ്പോള്‍ വലിയ ബുദ്ധിമാന്മാരൊന്നുമായി ഇറങ്ങേണ്ടതില്ല. നല്ല മനുഷ്യരായി, നല്ല കലാകാരന്മാരായി ഇറങ്ങിയാല്‍ മതി. വിവിധ മേഖലകളിലേക്കെത്തുമ്പോള്‍ മറ്റുള്ളവരെ കേള്‍ക്കാന്‍ ശ്രദ്ധിക്കുക. അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ കഴിയുമെങ്കില്‍ അതു തന്നെയാണ് ഏറ്റവും വലിയ പുണ്യം.’ സുരാജ് പറഞ്ഞു.
‘പത്താം വളവ് എന്ന സിനിമ ചര്‍ച്ചചെയ്യുന്നതും ഇതുതന്നെയാണ്. നീതി നിയമം എന്നൊക്കെ പറയുന്നത് എല്ലാവര്‍ക്കും ഒരുപോലെയാണ്. പക്ഷേ, ചില വിഭാഗങ്ങള്‍ക്ക്, ചില മനുഷ്യര്‍ക്ക് ആ നീതി കൃത്യമായി ലഭിച്ചില്ലെങ്കില്‍ അവരുടെ കുടുംബം അനുഭവിക്കുന്ന പല പ്രശ്‌നങ്ങളിലൂടെ സഞ്ചരിക്കുന്ന ഫാമിലി എന്റര്‍ടൈനറാണ് ഈ സിനിമ’ സുരാജ് കൂട്ടിച്ചേര്‍ത്തു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരള മനസാക്ഷിയെ ഞെട്ടിച്ച യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി പുറത്തിറങ്ങുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് ഇന്ദ്രജിത് എന്നിവരാണ് കേന്ദ്രകഥാപാത്രമായി എത്തുന്നത്.