ഇങ്ങനെ പോയാല്‍ ആ നടന്റെ അവസ്ഥയാകുമെന്നു മമ്മൂക്ക പറഞ്ഞു; ശ്രീനിയേട്ടനും അദ്ദേഹവും ചെയ്യാനിരുന്ന സിനിമയാണ് ഞങ്ങള്‍ ചെയ്തത്: സുരാജ് വെഞ്ഞാറമൂട്
Entertainment news
ഇങ്ങനെ പോയാല്‍ ആ നടന്റെ അവസ്ഥയാകുമെന്നു മമ്മൂക്ക പറഞ്ഞു; ശ്രീനിയേട്ടനും അദ്ദേഹവും ചെയ്യാനിരുന്ന സിനിമയാണ് ഞങ്ങള്‍ ചെയ്തത്: സുരാജ് വെഞ്ഞാറമൂട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 14th December 2022, 7:18 pm

മമ്മൂട്ടി തന്നെ ഉപദേശിച്ചതിനെക്കുറിച്ച് പറയുകയാണ് നടന്‍ സുരാജ് വെഞ്ഞാറമൂട്. സ്ഥിരമായിട്ട് പ്രായമുള്ള കഥാപാത്രങ്ങളില്‍ അഭിനയിച്ചാല്‍ നെടുമുടി വേണുവിനെ പോലെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമെന്ന് മമ്മൂക്ക തന്നോട് പറഞ്ഞിരുന്നുവെന്ന് സുരാജ് പറഞ്ഞു.

നിരന്തരം പ്രായമുള്ള കഥാപാത്രങ്ങള്‍ ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞിരുന്നുവെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു. കൂടാതെ ഡ്രെവിങ്ങ് ലൈസന്‍സ് എന്ന സിനിമ ആദ്യം ചെയ്യേണ്ടിയിരുന്നത് മമ്മൂട്ടിയും ശ്രീനിവാസനുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”എല്ലാവരുടെയും കൂടെ അഭിനയിക്കണമെന്നും നല്ല കഥാപാത്രങ്ങള്‍ കിട്ടണമെന്നുള്ളത് നമ്മുടെ ആഗ്രഹമല്ലെ. ആ ആഗ്രഹത്തിന്റെ പുറത്താണ് ഡ്രൈവിങ്ങ് ലൈസന്‍സിലേക്ക് പോകുന്നത്. ആ സിനിമ ശരിക്കും മമ്മൂക്കയും ശ്രീനിയേട്ടനും ചെയ്യാനിരുന്ന സിനിമയാണ്.

പിന്നെയാണ് എന്റെയും പൃഥ്വിയുടെയും അടുത്തേക്ക് എത്തുന്നത്. അത് ഭയങ്കര രസമായിട്ട് ഞങ്ങള്‍ക്ക് ചെയ്യാന്‍ പറ്റി. രാജുവും നന്നായിട്ട് അത് ഏറ്റെടുത്തു. ഞാനും ഫാന്‍സുമായിട്ട് നടന്ന വ്യക്തിയല്ലെ. അതുകൊണ്ട് സിനിമയിലെ ബഹളങ്ങളെക്കുറിച്ചെല്ലാം എനിക്ക് അറിയാം.

മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ മെയിന്‍ ആളായിരുന്നു ഞാന്‍. മമ്മൂക്ക എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു. അതായത് ചെറുതില്‍ തന്നെ നീ ഇത്രയും പ്രായമുള്ള വേഷങ്ങള്‍ നിരന്തരം ചെയ്ത് കഴിഞ്ഞാല്‍ നിനക്ക് വേണുചേട്ടന്റെ അവസ്ഥയാകുമെന്നാണ് അദ്ദേഹം പറഞ്ഞത്.

പിന്നീട് നീ അത്തരം കഥാപാത്രത്തിലേക്ക് മാത്രം ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമെന്നും എന്നോട് പറഞ്ഞു. നല്ല അര്‍ത്ഥത്തിലാണ് അദ്ദേഹം അത് എന്നോട് പറഞ്ഞത്,” സുരാജ് പറഞ്ഞു.

കാണെക്കാണെ, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലാണ് പ്രായമുള്ള വ്യക്തിയായി സുരാജ് അഭിനയിച്ചത്.

content highlight: actor suraj venjaramood about mammootty