| Friday, 14th April 2023, 8:59 am

ആ സിനിമയില്‍ ജോജു ചെയ്യേണ്ട വേഷമാണ് എനിക്ക് ചെയ്യേണ്ടി വന്നത്: സുരാജ് വെഞ്ഞാറമൂട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആക്ഷന്‍ ഹീറോ ബിജുവില്‍ താന്‍ ആദ്യം ചെയ്യേണ്ടിയിരുന്നത് ജോജു ജോര്‍ജ് അവതരിപ്പിച്ച കഥാപാത്രമായിരുന്നുവെന്ന് പറയുകയാണ് സുരാജ്.

ജോജുവിനോട് ചെയ്യാനായി ആദ്യം പറഞ്ഞത് താന്‍ ചെയ്ത പവിത്രന്‍ എന്ന കഥാപാത്രമായിരുന്നുവെന്നും അദ്ദേഹം ചെയ്യാന്‍ തയ്യാറാകാതിരുന്നത് കൊണ്ടാണ് തന്നോട് ആ റോള്‍ ചെയ്യാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടതെന്നും സുരാജ് പറഞ്ഞു. ഇന്ത്യഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ആക്ഷന്‍ ഹീറോ ബിജു സിനിമക്ക് മുമ്പേ കോമഡി വിട്ട് ക്യാരക്ടര്‍ റോള്‍ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ആ സമയത്ത് ഒന്നും സാധിച്ചില്ല. എന്റെ ഈ ആഗ്രഹത്തെക്കുറിച്ച് പലരോടും ഞാന്‍ സംസാരിച്ചിട്ടുണ്ട്.

അണ്ണാ എനിക്ക് നല്ലൊരു ക്യാരക്ടര്‍ വേഷം തരുമോയെന്ന് രഞ്ജിയേട്ടനോടും ഞാന്‍ ചോദിച്ചു. ഇപ്പോള്‍ നീ തമാശ രീതിയില്‍ അല്ലെ ചെയ്യുന്നത് അത് തന്നെ പോകട്ടെയെന്നും സമയമാവുമ്പോള്‍ എല്ലാം ശരിയാകുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. അത് കേട്ടപ്പോള്‍ ഞാനും പിന്നെ കാത്തിരിക്കാന്‍ തുടങ്ങി. ഇപ്പോള്‍ വരും, അവസരം കിട്ടും എന്നൊക്കെ പ്രതീക്ഷിച്ച് ഇരിക്കാന്‍ തുടങ്ങി.

അങ്ങനെയാണ് ആക്ഷന്‍ ഹീറോ ബിജു കിട്ടുന്നത്. അത് ഞാന്‍ സംവിധായകനോട് അങ്ങോട്ട് ചോദിച്ചതാണ്. അദ്ദേഹത്തിന്റെ 1983 പടം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അടുത്ത സിനിമയില്‍ ഒരു റോളെങ്കിലും തരണമെന്ന് എബ്രിഡ് ഷൈനോട് ഞാന്‍ പറഞ്ഞു. ആക്ഷന്‍ ഹീറോ ബിജുവില്‍ ജോജു ചെയ്ത വേഷമായിരുന്നു ആദ്യം എന്നോട് പറഞ്ഞത്.

അത് കേട്ടപ്പോള്‍ ഞാന്‍ ഭയങ്കര സന്തോഷത്തിലായിരുന്നു. അപ്പോഴാണ് അവന്‍ പറയുന്നത് അതെനിക്ക് തരാന്‍ പറ്റില്ല. അത് ജോജുവിന് കൊടുത്തുവെന്ന്. എനിക്ക് അപ്പോള്‍ വേഷമില്ലേയെന്ന് ഞാന്‍ ചോദിച്ചു. നോക്കാമെന്നാണ് പിന്നെ പറഞ്ഞത്.

ഞാന്‍ ജോജുവിന് വെച്ചൊരു വേഷമുണ്ട്. അത് ചെയ്യാന്‍ പറ്റില്ലെന്നാണ് ജോജു പറയുന്നത്. സുരാജിന് കൊടുക്കാനാണ് ജോജു ഇപ്പോള്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. പിന്നെ നോക്കുമ്പോള്‍ ജോജു എന്നെ വിളിച്ചു. അളിയാ അത് നീ ചെയ്യ് എന്നെന്നോട് പറഞ്ഞു. അങ്ങനെയാണ് ആ വേഷം ചെയ്യുന്നത്. അതിന് ശേഷമാണ് കുറേ കരച്ചില്‍ റോളുകള്‍ വന്നത്,” സുരാജ് പറഞ്ഞു.

content highlight: actor suraj venjaramood about joju george

We use cookies to give you the best possible experience. Learn more