കോമഡി റോളുകളിലൂടെ മലയാള സിനിമയിലെത്തി വ്യത്യസ്മായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളത്തിലെ മുന്‍നിര നടന്മാര്‍ക്കൊപ്പം പേരെടുത്ത വ്യക്തിയാണ് സുരാജ് വെഞ്ഞാറമൂട്.
കരിയറിനെ കുറിച്ചും താത്പര്യമില്ലാതെ ചെയ്ത സിനിമയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. നായകനായി ആദ്യം അഭിനയിച്ച ചിത്രത്തെ കുറിച്ചാണ് സുരാജ് സംസാരിക്കുന്നത്.
2009 ല്‍ റിലീസ് ചെയ്ത ഡ്യൂപ്ലിക്കേറ്റ് എന്ന ചിത്രത്തില്‍ താന്‍ നായകനാകണമെന്ന് സംവിധായകന്‍ ഷിബു ആവശ്യപ്പെട്ടപ്പോള്‍ ഒരിക്കലും ചെയ്യില്ലെന്നായിരുന്നു പറഞ്ഞതെന്നും നായകനാകാനുള്ള ധൈര്യമൊന്നും അന്നുണ്ടായിരുന്നില്ലെന്നും സുരാജ് പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുരാജ്.
‘ ആ സിനിമ ചെയ്യണമെന്ന് എനിക്ക് ഒരു ആഗ്രഹവും ഉണ്ടായിരുന്നില്ല. എന്റെ സുഹൃത്തിന് വേണ്ടിയാണ് ഞാന്‍ ആ സിനിമ ചെയ്തത്. ഞാന്‍ കോമഡി റോളുകള്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയമാണ്.
എനിക്ക് ഒരുപാട് സിനിമകളും ഉണ്ട്. ആ സമയത്താണ് ഷിബു വന്നിട്ട് നിങ്ങളെ ഹീറോ ആക്കി എനിക്കൊരു പടം ചെയ്യണമെന്ന് പറയുന്നത്. ഹീറോയോ ഞാനോ നീ വേറെ ആരെയെങ്കിലും വെക്ക് എന്നാണ് പറഞ്ഞത്.
ആ സിനിമയില്‍ വേറെ ഏതെങ്കിലും ക്യാരക്ടര്‍ തന്നാല്‍ ചെയ്യാമെന്നും പറഞ്ഞു. ഇല്ല ഇല്ല ഇത് നിങ്ങള്‍ തന്നെ ചെയ്യണമെന്ന് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ സുഹൃത്തുക്കള്‍ എല്ലാവരും ചേര്‍ന്ന് ചെയ്ത സിനിമയാണ്,’ സുരാജ് പറഞ്ഞു.
കോമഡി കുറച്ച് കൂടി ഈസിയായി ഹാന്‍ഡില്‍ ച്യൊന്‍ പറ്റും. ക്യാരക്ടര്‍ റോളുകള്‍ വരുമ്പോള്‍ അത് കുറച്ച് ബുദ്ധിമുട്ടാണ്. കാരണം നമ്മുടെ എക്‌സ്പ്രഷന്‍സൊന്നും റിപ്പീറ്റ് വരരുത്. അതൊക്കെ ശ്രദ്ധിച്ചു മാത്രമേ ചെയ്യാന്‍ സാധിക്കുള്ളൂ,’ സുരാജ് പറഞ്ഞു.
പുരസ്‌കാരങ്ങളെ എങ്ങനെയാണ് നോക്കിക്കാണുന്നതെന്ന ചോദ്യത്തിന് സ്റ്റേജ് ഷോ ചെയ്യുമ്പോള്‍ ആളുകള്‍ അപ്പോള്‍ കയ്യടിക്കില്ലേ. ആ കയ്യടിയാണ് തന്നെ സംബന്ധിച്ച് അവാര്‍ഡ് എന്നായിരുന്നു സുരാജിന്റെ മറുപടി.
നമ്മള്‍ ഒരു സിനിമയില്‍ അഭിനയിച്ച് അത് കണ്ട് ആളുകള്‍ നന്നായിരുന്നു എന്ന് പറയുന്നതാണ് എനിക്ക് അവാര്‍ഡ്. അവാര്‍ഡ് നല്ലതാണ്. പക്ഷേ അതാണ് മുഖ്യം എന്നില്ല. ദേശീയ അവാര്‍ഡ് കിട്ടിയിട്ടും ആ പടം നാലാളുകള്‍ കണ്ടില്ലെങ്കില്‍ അത് വിഷമമാണ്,’ സുരാജ് പറഞ്ഞു.
Content Highlight: Actor Suraj Venjaramood about his first lead role Movie