രാജമാണിക്യം സിനിമയിലാണ് സുരാജ് ആദ്യമായിട്ട് അഭിനയിക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ നിന്നും ആ സീന്‍ എടുത്തു കളയേണ്ടി വന്നു. ആദ്യമായിട്ട് സെറ്റില്‍ ചെന്നപ്പോഴുണ്ടായ അനുഭവങ്ങളെക്കുറിച്ച് പറയുകയാണ് സുരാജ്.
ആദ്യമായിട്ട് അഭിനയിച്ച സീനിന് വേണ്ടി 22 ടേക്ക് എടുക്കേണ്ടി വന്നെന്നും ഒടുവില്‍ അത് സിനിമയില്‍ നിന്നും കട്ട് ചെയ്ത് മാറ്റേണ്ടി വന്നെന്നും സുരാജ് പറഞ്ഞു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”രാജമാണിക്യത്തില്‍ മമ്മൂക്കക്ക് ഡയലോഗ് പറഞ്ഞു കൊടുക്കാനാണ് ആദ്യം ഞാന്‍ സിനിമാ സെറ്റിലെത്തുന്നത്. അതില്‍ എന്റെ അഭിനയിക്കാനുള്ള പരവേശം കണ്ടിട്ട് ഒരു സീനെങ്കില്‍ ഒരു സീന്‍ എന്ന് പറഞ്ഞ് അവര്‍ ചാന്‍സ് തന്നു.
ഇവന് ഒരു വേഷം റെഡിയാക്കാമെന്ന് അന്‍വര്‍ റഷീദ് പറഞ്ഞു. അങ്ങനെ ഒരു സീനിന് വേണ്ടിട്ട് ഞാന്‍ തന്നെയാണ് ഡയലോഗ് എഴുതിയത്. അത്രയും ദിവസം അവിടെ ചെല്ലുമ്പോള്‍ മമ്മൂക്കയുടെ കൂടെ വരുന്നു, മമ്മൂക്കയുമായിട്ട് സംസാരിക്കുന്നു, മമ്മൂക്കയുടെ കൂടെ പോകുന്നു. ആരാടാ ഇവന്‍ എന്നും പറഞ്ഞ് പ്രൊഡക്ഷനിലെ എല്ലാവരും ഇങ്ങനെ എന്നെ നോക്കും.
മമ്മൂക്കയുടെ കൂടെ ഇവനെന്താ വരുന്നത് എന്നാണ് എല്ലാവരും ചിന്തിക്കുന്നത്. എന്താണ് പരിപാടി എന്ന് ആര്‍ക്കും മനസിലാവുന്നില്ല. ചായ കൊണ്ടുവരുന്നവരൊക്കെ കറക്ട് ചായകൊണ്ട് തരും. ഞാന്‍ അവരെ നോക്കി ചിരിക്കും. അങ്ങനെ ഇരുന്നപ്പോഴാണ് ഞാന്‍ അഭിനയിക്കാന്‍ ചെല്ലുന്നത്.
അന്ന് മമ്മൂക്കയും സെറ്റില്‍ ഇല്ല. കുറച്ച് സംസാരിച്ച് വരുന്ന ഒരു രംഗമാണ് ഷൂട്ട് ചെയ്യേണ്ടത്. ഞാന്‍ തന്നെ എഴുതി കൊടുത്ത ഡയലോഗാണ്. പക്ഷെ 22 ടേക്കാണ് ആ സീനിന് എടുത്തത്. കാര്യം എന്താണെന്ന് വെച്ചാല്‍ നിറയെ ആളുകള്‍ കൂടി നില്‍ക്കുവാണ്. ഞാനെന്താ കാണിക്കാന്‍ പോകുന്നതെന്ന് നോക്കാനാണ് ഇവരെല്ലാം വന്നത്.
ആളുകള്‍ ഞാന്‍ ചെയ്യുമ്പോള്‍ ഇടയില്‍ എന്നെ ട്രോളുന്നുണ്ടായിരുന്നു. സത്യം പറഞ്ഞാല്‍ കയ്യില്‍ നിന്ന് പോയിട്ട് അഭിനയം വെറുത്തുപോയി. 22ാമത്തെ ടേക്ക് കഴിഞ്ഞപ്പോള്‍ സീന്‍ എടുത്തു. ഇതെല്ലാം കഴിഞ്ഞ് അന്‍വര്‍ എന്നെ വിളിച്ചു. അളിയാ, സിനിമക്ക് ആ സീന്‍ വേണ്ടെന്ന് തോന്നുന്നു. അതുകൊണ്ട് എഡിറ്റ് ചെയ്ത് കളയുകയാണെന്ന് പറഞ്ഞു.
വിഷമിക്കേണ്ട വേറെ പടത്തില്‍ അഭിനയിക്കാമെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ അടുത്ത സിനിമയായ അണ്ണന്‍തമ്പിയില്‍ മുഴുനീള ചാന്‍സ് തന്നു. അതില്‍ എന്റെ മകനെയും അഭിനയിപ്പിച്ചു,” സുരാജ് പറഞ്ഞു.
content highlight: actor suraj venjaramood about his first acting experience