ഇന്റര്‍വെല്‍ സമയത്ത് പുറത്തിറങ്ങി തിയേറ്ററിലേക്ക് കയറുന്നവര്‍ക്കൊപ്പം ഒരു ഭാവഭേദവുമില്ലാതെ കയറിചെല്ലുമായിരുന്നു; ഓസിന് സിനിമ കണ്ടിരുന്ന കാലത്തെ കുറിച്ച് സുരാജ്
തന്റെ കുട്ടിക്കാലത്തെ കുറിച്ചും സിനിമയോടുള്ള തന്റെ അടങ്ങാത്ത ആവേശത്തെ കുറിച്ചും മനസുതുറക്കുകയാണ് മലയാളത്തിന്റെ സ്വന്തം താരമായ സുരാജ് വെഞ്ഞാറുമ്മൂട്.
സ്‌കൂള്‍ കാലം മുതല്‍ സിനിമ ഓസിന് കാണുന്നതായിരുന്നു തന്റെ പതിവെന്നും തിയേറ്ററില്‍ നിന്നും ഇന്റര്‍വെല്‍ സമയത്ത് പുറത്തിറങ്ങുന്നവരുടെ കൂട്ടത്തില്‍ ഒരു ഭാവവ്യത്യാസവുമില്ലാതെ തിയേറ്ററിലേക്ക് കയറി സിനിമ കാണുന്നത് അക്കാലത്ത് പതിവായിരുന്നെന്നും സുരാജ് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു
വെഞ്ഞാറമ്മൂട്ടിലെ സുരാജിന്റെ തറവാട് വീടിനോട് ചേര്‍ന്നാണ് സിന്ധു തിയേറ്റര്‍. തിയേറ്ററിനും വീടിനും ഒരേ അതിരായിരുന്നു. അതുകൊണ്ട് തന്നെ പെട്ടെന്ന് തന്നെ തിയേറ്റര്‍ വളപ്പിലേക്ക് കയറിച്ചെല്ലാം. ‘സ്‌കൂള്‍ കാലം മുതല്‍ സിനിമ ഓസിന് കാണുന്നതായിരുന്നു പതിവ്. ഇന്റര്‍വെല്‍ സമയത്ത് ആളുകള്‍ പുറത്തിറങ്ങും. തിരിച്ചുകയറുന്നവരുടെ കൂട്ടത്തില്‍ ഒരു ഭാവഭേദവുമില്ലാതെ കയറിച്ചെല്ലുന്ന മീശമുളയ്ക്കാത്ത പയ്യനെ ആരും ശ്രദ്ധിക്കില്ല. ടിക്കറ്റെടുക്കാതെ അങ്ങനെ മിക്ക സിനിമകളുടേയും ഇന്റര്‍വെല്ലിന് ശേഷമുള്ള ഭാഗങ്ങള്‍ കണ്ടു’, സുരാജ് പറയുന്നു.
സിന്ധു തിയേറ്ററില്‍ നിന്ന് ജയനും നസീറും അഭിനയിച്ച സിനിമ അച്ഛനും അമ്മയ്ക്കും ഒപ്പമിരുന്ന് കണ്ടതിന്റെ ഓര്‍മ്മകള്‍ ഇന്നും മനസിലുണ്ടെന്ന് സുരാജ് പറയുന്നു. വീട് തിയേറ്ററിന് തൊട്ടടുത്തായതിനാല്‍ സിനിമകളുടെ ശബ്ദരേഖ കേട്ടുകൊണ്ടായിരുന്നു അന്നൊക്കെ ഉറങ്ങാന്‍ കിടന്നതെന്നും സുരാജ് പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക