നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത മദനോത്സവമാണ് സുരാജ് വെഞ്ഞാറമൂടിന്റെ ഏറ്റവും പുതിയ സിനിമ. മദനന്‍ എന്ന കോഴിക്കച്ചവടക്കാരന്റെ വേഷമാണ് സുരാജ് അവതരിപ്പിച്ചിരിക്കുന്നത്.
മദനോത്സവം എന്ന സിനിമയെക്കുറിച്ചും തന്റെ കഥാപാത്രത്തെക്കുറച്ചും സംസാരിക്കുകയാണ് അദ്ദേഹം. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുരാജ് മനസ് തുറന്നത്.
താന്‍ ചെയ്യുന്ന ഓരോ കഥാപാത്രങ്ങള്‍ക്കും മുമ്പ് ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യാസങ്ങള്‍ വരുത്താന്‍ ശ്രമിക്കാറുണ്ടെന്ന് സുരാജ് പറഞ്ഞു. സമൂഹവുമായി ഓരോ കഥാപാത്രവും എത്രത്തോളം ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് സംവിധായകരോട് ചോദിച്ചു മനസിലാക്കാറുണ്ടെന്നും നടന്‍ പറഞ്ഞു.
‘ഒരു കഥാപാത്രം തെരഞ്ഞെടുക്കുമ്പോള്‍ തന്നെ സംവിധായകന്‍ കൃത്യമായിട്ട് കാര്യങ്ങളൊക്കെ പറഞ്ഞുതരും. ഉദാഹരണത്തിന് മദനോത്സവം സിനിമയിലെ മദനന്‍ എന്ന കഥാപാത്രം. മദനന്‍ എന്ന കഥാപാത്രം കോഴിക്ക് പെയിന്റടിച്ച് അതിനെ വിറ്റ് ഉപജീവനം നടത്തുന്നയാളാണ്. ഞാന്‍ അങ്ങനെയൊരു കാര്യം ഇതുവരെ എക്‌സ്പീരിയന്‍സ് ചെയ്തിട്ടില്ല.
ഈ കോഴിക്കുഞ്ഞുങ്ങള്‍ക്കാണെങ്കില്‍ മൂന്നോ നാലോ ദിവസം പ്രായം മാത്രമേയുള്ളൂ. ഞാന്‍ സംവിധായകനോട് പറഞ്ഞു, എനിക്കിതിനെപ്പറ്റി വലിയ ധാരണയില്ലെന്നും ഇതിനെപ്പറ്റിയൊക്കെ ധാരണയുള്ളൊരാളെ ഒന്നു പരിചയപ്പെടുത്തിത്തരണമെന്ന്.
അങ്ങനെയൊരാളെ അദ്ദേഹം കൊണ്ടുവരികയും ഞാന്‍ കോഴിക്കുഞ്ഞുങ്ങള്‍ക്ക് പെയിന്റടിക്കുന്നതെങ്ങനെയെന്ന് മനസിലാക്കുകയും ചെയ്തു. ഈ കഥാപാത്രത്തിന്റെ മാനസികാവസ്ഥയൊക്കെ വ്യക്തമായി സംവിധായകന്‍ പറഞ്ഞുതന്നു. ചര്‍ച്ചകളിലൂടെ ആ കഥാപാത്രത്തിന് ഒരു പ്രത്യേക ശരീരഭാഷയൊക്കെ കൊണ്ടുവരികയും ചെയ്തു.
ഞാനിതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് എന്തൊക്കെ വ്യത്യാസങ്ങള്‍ പുതിയ ഓരോ കഥാപാത്രത്തിലും കൊണ്ടുവരാന്‍ സാധിക്കുമെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്.
ഞാന്‍ മാത്രമല്ല. ഒട്ടുമിക്ക അഭിനേതാക്കളും ശ്രമിക്കാറുള്ളൊരു കാര്യമാണത്. സമൂഹവുമായി ഓരോ കഥാപാത്രവും എത്രത്തോളം ബന്ധപ്പെട്ടു കിടക്കുന്നു എന്നൊക്കെ സംവിധായകനോട് ഞാന്‍ ചോദിച്ച് മനസിലാക്കാറുണ്ട്. അങ്ങനെയൊക്കെയാണ് ഓരോ കഥാപാത്രത്തിനുവേണ്ടിയും എഫര്‍ട്ട് എടുക്കുന്നത്, ‘ സുരാജ് പറഞ്ഞു.
Content Highlights: Actor Suraj Venjaramood about his characters and Madanolsavam movie