| Tuesday, 6th June 2023, 9:08 pm

ആദ്യമൊന്നും സ്‌ക്രിപ്റ്റ് വായിക്കാന്‍ കിട്ടാറില്ലായിരുന്നു; ദശമൂലം ദാമുവിന്റെ ആ ഡയലോഗുകള്‍ കയ്യില്‍ നിന്നിട്ടത്: സുരാജ് വെഞ്ഞാറമൂട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയില്‍ ആദ്യകാലങ്ങളിലൊക്കെ തനിക്ക് സ്‌ക്രിപ്‌റ്റൊന്നും വായിക്കാന്‍ കിട്ടിയിരുന്നില്ലെന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട്.

ദശമൂലം ദാമു കാരിക്കേച്ചര്‍ സ്വഭാവമുള്ളൊരു കഥാപാത്രമാണെന്നും ആ കഥാപാത്രം പറയുന്ന കുറേ ഡയലോഗുകളൊക്കെ താന്‍ ഇമ്പ്രൊവൈസ് ചെയ്തതാണെന്നും സുരാജ് പറഞ്ഞു. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമയില്‍ ആദ്യകാലങ്ങളിലൊക്കെ എനിക്ക് സ്‌ക്രിപ്‌റ്റൊന്നും വായിക്കാന്‍ കിട്ടാറില്ല. ദശമൂലം ദാമു എന്നത് ഒരു കാരിക്കേച്ചര്‍ സ്വഭാവമുള്ളൊരു കഥാപാത്രമാണ്. അപ്പോള്‍ നമുക്ക് നമ്മുടേതായ രീതിയില്‍ ആ കഥാപാത്രത്തിനെ അവതരിപ്പിക്കാനുള്ള സ്‌പേസുണ്ട്.

തല്ലുകൊള്ളാന്‍ പോവുന്നൊരു ഗുണ്ടയാണ് ദാമു. ഞാന്‍ സ്റ്റേജ് പ്രോഗ്രാമിനൊക്കെ അങ്ങനെയുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

വെല്ലുവിളിച്ചിട്ട് അടിവരുമ്പോള്‍ ഓടിക്കളയുന്ന ആളുകളെയൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ഇതൊക്കെ എന്റെ മനസിലേക്ക് വരും. അതൊക്കെ സംവിധായകരുമായും തിരക്കഥാകൃത്തുക്കളുമായും ഡിസ്‌കസ് ചെയ്യാറുമുണ്ട്, ‘ സുരാജ് പറഞ്ഞു.

ദശമൂലം ദാമുവിന്റെ ഇന്‍ട്രൊഡക്ഷന്‍ സീന്‍ താന്‍ ഇമ്പ്രൊവൈസ് ചെയ്‌തെടുത്തതാണെന്നും ‘അതെന്താ നാളെ കേരളമില്ലേ’, ‘വിടെടാ എന്നെ, അണ്ടര്‍വെയറിന്റെ വള്ളിയില്‍ പിടിച്ചിട്ടാണോ ചെറുകുടലും വന്‍കുടലുമെന്നൊക്കെ പറയുന്നത്’ എന്നൊക്കെയുള്ള ഡയലോഗുകളൊക്കെ താന്‍ കയ്യില്‍ നിന്നിട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

‘ദശമൂലം ദാമുവിന്റെ ഇന്‍ട്രൊഡക്ഷന്‍ സീനൊക്കെ ഇപ്പോള്‍ കാണുന്നത് പോലെയൊന്നുമല്ലായിരുന്നു പ്ലാന്‍ ചെയ്തത്. ആ സീനിന്റെ റിഹേഴ്‌സല്‍ സമയത്ത് എന്നോട് പറഞ്ഞത് ചുമ്മാ ബസില്‍ നിന്നിറങ്ങിവന്ന് ചായക്കടവരെ നടന്നുപോകാനാണ്. ഇപ്പോള്‍ സിനിമയില്‍ കാണുന്നതൊക്കെ ഞാന്‍ ഇമ്പ്രൊവൈസ് ചെയ്‌തെടുത്തതാണ്.

ഒരു ഗുണ്ടയാണ് ബസില്‍ വന്നിറങ്ങുന്നതെന്ന തോന്നലുണ്ടാക്കാന്‍ ഞാന്‍ ചില ജെസ്റ്ററുകള്‍ കയ്യില്‍ നിന്നെടുത്തിട്ടു.

മുന്നോട്ട് നടക്കുമ്പോള്‍ ഞാനൊരു ലോട്ടറി വില്‍പനക്കാരനോട് ‘അതെന്താ നാളെ കേരളമില്ലേ’ യെന്ന ഡയലോഗ് പറയുന്നുണ്ട്. അതൊക്കെ അപ്പോള്‍ തോന്നിയത് പറഞ്ഞതാണ്.

റോഡില്‍കൂടിയാണോടാ സൈക്കിള്‍ ഓടിക്കുന്നത് എന്നുള്ള ഡയലോഗുകളൊന്നും സ്‌ക്രിപ്റ്റില്‍ ഇല്ലായിരുന്നു.

‘വിടെടാ എന്നെ, അണ്ടര്‍വെയറിന്റെ വള്ളിയില്‍ പിടിച്ചിട്ടാണോ ചെറുകുടലും വന്‍കുടലുമെന്നൊക്കെ പറയുന്നത്’ എന്ന ഡയലോഗും ഞാന്‍ കയ്യില്‍നിന്നിട്ടതാണ്, സുരാജ് പറഞ്ഞു.

Content Highlights: Actor Suraj Venjaramood about Dasamoolam Damu character

We use cookies to give you the best possible experience. Learn more