രാജമാണിക്യം സിനിമയില്‍ ഒരു സീനില്‍ അഭിനയിച്ചതും തുടര്‍ന്നുണ്ടായ രസകരമായ അനുഭവങ്ങളും പങ്കുവെച്ച് നടന്‍ സുരാജ് വെഞ്ഞാറമൂട്. ഒരേയൊരു രംഗം അഭിനയിക്കാനായി താന്‍ ഏറെ കഷ്ടപ്പെട്ടതിനെ കുറിച്ചും സിനിമയില്‍ നിന്നും ആ രംഗം ഒഴിവായതിനെ കുറിച്ചുമെല്ലാം സുരാജ് സംസാരിച്ചു. ജെ.ബി. ജംഗ്ഷന്‍ എന്ന പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജമാണിക്യത്തിലെ ഡയലോഗുകള്‍ തിരുവനന്തപുരം സ്ലാങ്ങിലേക്ക് മാറ്റിയെഴുതിയതും മമ്മൂട്ടിയെ ആ ശൈലിയില്‍ സംസാരിക്കാന്‍ പഠിപ്പിച്ചതും സുരാജ് വെഞ്ഞാറമൂടായിരുന്നു. മമ്മൂട്ടിയുടെ പെര്‍ഫോമന്‍സിനൊപ്പം തന്നെ സുരാജും അന്ന് ശ്രദ്ധിക്കപ്പെട്ടിരുന്നു.
‘തിരക്കഥാകൃത്തായ ഷാഹിദക്ക എഴുതിയ ഒരു രംഗം അതില്‍ കുറച്ച് തമാശയൊക്കെ കയറ്റി എഴുതാന്‍ എന്നോട് പറഞ്ഞു. അങ്ങനെ ഞാന്‍ തന്നെ എഴുതിയ സീന്‍ ആയിരുന്നു അത്. എനിക്ക് ഡയലോഗൊക്കെ മനപ്പാഠമാണ്.
നായികയുടെ അനിയത്തി നടന്നു വരുമ്പോള്‍ ഞാന്‍ പൂക്കാരനായി വരുന്നതായിരുന്നു രംഗം. ആ ഷൂട്ടിംഗ് ഒന്നും ഓര്‍മ്മിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. ആകെ കൈവിട്ടു പോയി. എന്ത് പറ്റിയെന്ന് മനസ്സിലാകുന്നില്ല.
ക്യാമറയും ഇത്രയും ജൂനിയര്‍ ആര്‍ടിസ്റ്റുകളേയുമെല്ലാം കണ്ടപ്പോള്‍ എനിക്ക് അഭിനയിക്കാന്‍ പറ്റുന്നില്ല. എട്ടോ പത്തോ ടേക്ക് എടുത്തു. അന്‍വര്‍ റഷീദ് ‘സുരാജേ ഇത് നീ തന്നെ എഴുതിയതല്ലേ, എന്നിട്ട് നിനക്ക് തന്നെ പറ്റുന്നില്ലേ’ എന്ന് ചോദിച്ചു.
മമ്മൂക്കയുടെ കൂടെയുള്ള ആളെന്ന നിലയിലാണല്ലോ ഞാന്‍ സെറ്റില്‍ എത്തുന്നത്. അവിടെയുള്ള ബാക്കി ടെക്‌നീഷ്യന്മാര്‍ക്കൊക്കെ എന്നെ ഒന്ന് കൈയ്യില്‍ കിട്ടിയ ദിവസമായിരുന്നു. അവരാണെങ്കില്‍ ‘ടാ ചെയ്യടാ’ എന്നൊക്കെ പറയാന്‍ തുടങ്ങി. അന്ന് മമ്മൂട്ടി വന്നിട്ടുമില്ല. ഞാന്‍ ആകെ കിളി പോയി നില്‍ക്കുകയാണ്. വെള്ളം കുടിച്ചു പോയി.
പാവം അന്‍വര്‍ റഷീദ് കഷ്ടപ്പെട്ട് അതെടുത്തു. പിന്നീട് അന്‍വര്‍ ‘ആ സീനിന്റെ ആവശ്യമില്ലെന്ന് തോന്നിയതുകൊണ്ട് കട്ട് ചെയ്യുകയാണ് നിനക്ക് വിഷമം തോന്നരുത്. അടുത്ത സിനിമയില്‍ നല്ല വേഷം തരാം’ എന്ന് പറഞ്ഞു.
ഞാന്‍ മമ്മൂക്കയുടെ കൂടെ ഉണ്ടായിരുന്നു എന്നതിന് ഇനി ഒരു തെളിവുമുണ്ടാകില്ലല്ലോ എന്നായിരുന്നു എന്റെ ടെന്‍ഷന്‍. ട്രൂപ്പിന്റെ പരിപാടികളൊക്കെ ക്യാന്‍സല്‍ ചെയ്താണ് വന്നത്. പടം റിലീസായപ്പോള്‍ സ്‌പെഷ്യല്‍ താങ്കസ് സുരാജ് വെഞ്ഞാറമൂട് എന്ന് എഴുതിക്കാണിച്ചു.
ആദ്യ ഷോ കഴിഞ്ഞ് ഒരുപാട് പേര്‍ എന്നെ വിളിച്ചു. ഞാന്‍ തന്നെ ഞെട്ടിപ്പോയി. രാജമാണിക്യം കണ്ടു നീ തന്നെയായിരുന്നല്ലോ ഫുള്‍, മമ്മൂക്ക നീ സംസാരിക്കും പോലെ തന്നെ സംസാരിക്കുന്നു. തകര്‍ത്തുവല്ലോ എന്നൊക്കെ പറഞ്ഞു. വലിയ സന്തോഷമായിരുന്നു അത്,’ സുരാജ് പറഞ്ഞു.