ഡ്രൈവിങ് ലൈസന്‍സിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിച്ചെത്തുന്ന ചിത്രമാണ് ഡിജോ ജോസഫ് സംവിധാനം ചെയ്യുന്ന ജന ഗണ മന. ചിത്രത്തിന്റെ ഭാഗമാകാന്‍ താന്‍ തീരുമാനിച്ചതിനെ കുറിച്ചും ചിത്രത്തിന് വേണ്ടി എടുത്ത ചില വെല്ലുവിളികളെ കുറിച്ചും സംസാരിക്കുകയാണ് സുരാജ്. ജന ഗണ മനയുടെ പ്രൊമോഷന്റെ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുരാജ്.
‘ചിത്രത്തിന്റെ കഥ തന്നെയാണ് എന്നെ ആകര്‍ഷിച്ചത്. പിന്നെ സംവിധായകനെ വളരെ നേരത്തെ അറിയാം. കഥ കേട്ടപ്പോള്‍ തന്നെ ഭയങ്കര ഇന്ററസ്റ്റിങ് ആയി തോന്നി. മറ്റേ വേഷം ചെയ്യുന്നത് ആരാണെന്ന് ഡിജോയോട് ചോദിച്ചപ്പോള്‍ ആളായിട്ടില്ലെന്നും എന്താണ് ചെയ്യുകയെന്നും ചോദിച്ചു.
പൃഥ്വിരാജുണ്ട്, ഒന്ന് പോയി പറഞ്ഞു നോക്കെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ പറയില്ല, കാരണം ഞാന്‍ പറഞ്ഞാല്‍ പിന്നെ ഞാന്‍ പ്രൊഡ്യൂസ് ചെയ്യുന്ന സാധനം ആളോട് വിളിച്ചുപറയേണ്ടതല്ലേ. അതുകൊണ്ട് നീ പോയ് പറഞ്ഞോ രണ്ട് വര്‍ഷമെടുക്കുമെന്ന് പറഞ്ഞു.
പക്ഷേ പോയി രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ രാജു എന്നെ വിളിച്ചു, അണ്ണാ ഞാന്‍ കഥ കേട്ടു, നിങ്ങളോ പൃഥ്വിരാജ് അതോ ഞാനോ പൃഥ്വിരാജ് എന്ന് ചോദിച്ചു. എന്നിട്ട് അദ്ദേഹം തന്നെ അത് പ്രൊഡ്യൂസ് ചെയ്യാന്‍ തീരുമാനിച്ചു. വലിയ സന്തോഷമാണ്, സുരാജ് പറഞ്ഞു.
യഥാര്‍ത്ഥത്തില്‍ നിങ്ങളാണോ പൃഥ്വിരാജ് ഞാനാണോ പൃഥ്വിരാജ് എന്ന് താന്‍ ചോദിച്ചതിന് പിന്നില്‍ ഒരു ചേതോവികാരം ഉണ്ടായിരുന്നെന്നായിരുന്നു പൃഥ്വിയുടെ മറുപടി.
‘കുറച്ചുകാലം മുന്‍പ് നമ്മള്‍ ഈ സിനിമയുടെ കഥ കേള്‍ക്കുകയാണെങ്കില്‍ സുരാജ് ചെയ്ത ക്യാരക്ടറിലേക്ക് ചിലപ്പോള്‍ ആദ്യം കാസ്റ്റ് ചെയ്യാമെന്ന് ചിന്തിക്കുന്നത് എന്നെയൊക്കെയായിരിക്കും. അങ്ങനത്തെ ഒരു പൊലീസ് ഓഫീസറാണ്. അതുകൊണ്ട് തന്നെ ആ കഥാപാത്രം സുരാജ് വെഞ്ഞാറമൂട് ചെയ്യുമ്പോള്‍ വളരെ വ്യത്യസ്തമാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. സിനിമയില്‍ അത് ഉഗ്രനായിട്ടുണ്ട്. പിന്നെ തെറ്റില്ലാത്ത ഒരു നടനായതുകൊണ്ട് ( ചിരി) അത് മികച്ചതായിട്ടുണ്ട്, പൃഥ്വി പറഞ്ഞു.
സിനിമയ്ക്കായി വലിയ അധ്വാനം തന്നെ താന്‍ നടത്തിയിട്ടുണ്ടെന്നായിരുന്നു തുടര്‍ന്ന് സുരാജ് പറഞ്ഞത്. ‘ ചേട്ടാ, ഓപ്പോസിറ്റ് നില്‍ക്കുന്നത് പൃഥ്വിരാജാണ്. അപ്പോള്‍ ശരീരമൊക്കെയൊന്ന് മാറ്റിപ്പിടിക്കണം. ജിമ്മിലൊക്കെയൊന്ന് പോകണമെന്ന് ഡിജോ എന്നോട് പറഞ്ഞു. അങ്ങനെ ജീവിതത്തിലാദ്യമായി ഞാന്‍ ജിമ്മില്‍ കയറി.
പൊന്നു രാജൂ, നിങ്ങളെയൊക്കെ ഞാന്‍ സമ്മതിച്ചു കേട്ടോ. ഈ ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്യുന്ന എല്ലാ മഹാന്മാര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍. കാരണം ഈ ജിം പരിപാടി ഒരു രക്ഷയുമില്ല. പിന്നെ ഞാന്‍ സിനിമയില്‍ എ.സി.പിയാണ് എ.സി.പിയുടെ ഫുള്‍ ഫോമൊക്കെ കഴിഞ്ഞയാഴ്ചയാണ് പഠിച്ചത്. പത്താം ക്ലാസും ഗുസ്തിയുമായ എന്നെ കൊണ്ട് എ.സി.പിയുടെ വേഷമൊക്കെ ചെയ്യിക്കാനുള്ള ഡിജോയുടെ ചങ്കുറപ്പ് നിങ്ങള്‍ മനസിലാക്കണം. ഒപ്പം നാലഞ്ച് ഭാഷയില്‍ ഡയലോഗും. പെറ്റ തള്ള സഹിക്കൂല. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഉറുദു. ഞാന്‍ മലയാളം പോലും പഠിച്ച് വരുന്നേയുള്ളൂ. ഇനി എന്നെ കൊണ്ട് പറയിപ്പിക്കാന്‍ ഒരു ഭാഷയും ബാക്കിയില്ല, സുരാജ് പറഞ്ഞു.
Content Highlight: Actor Suraj Venharamood about Prithviraj call