| Friday, 1st October 2021, 1:36 pm

ഇത്രയും ആത്മസംഘര്‍ഷം പേറിജീവിക്കുന്ന ഒരു കഥാപാത്രത്തെ ഞാനിതുവരെ അവതരിപ്പിച്ചിട്ടില്ല; സുരാജ് പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാണെക്കാണെ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരെ വീണ്ടും അതിശയിപ്പിച്ചിരിക്കുകയാണ് നടന്‍ സുരാജ് വെഞ്ഞാറമ്മൂട്. ഡെപ്യൂട്ടി തഹസില്‍ദാര്‍ പോള്‍ മത്തായിയുടെ വേഷം അത്രയേറെ മികച്ചതാക്കാന്‍ സുരാജിന് സാധിച്ചിട്ടുണ്ട്.

കാണെക്കാണെയ്ക്കു ലഭിക്കുന്ന പ്രതികരണങ്ങളില്‍ സന്തോഷമുണ്ടെന്നും നല്ലവാക്കുകള്‍ക്ക് നന്ദിയുണ്ടെന്നും പറയുകയാണ് സുരാജ്.
സിനിമ കൂട്ടായ പരിശ്രമമാണെന്നും തനിക്കെന്തെങ്കിലും ചെയ്യാന്‍ പറ്റിയിട്ടുണ്ടെങ്കില്‍ അത് ഒപ്പം അഭിനയിച്ചവരുടെ പ്രകടനം ശക്തമായതുകൊണ്ടാണെന്നുമാണ് താരം പറയുന്നത്.

കഥാപാത്രങ്ങളായെത്തിയവരെല്ലാം പരസ്പരധാരണയോടെ ഓരോ രംഗവും മികച്ചതാക്കി. ടൊവിനോയും ഐശ്വര്യലക്ഷ്മിയും കഥയില്‍ ഒരു രംഗത്തുമാത്രം വന്നുപോകുന്നവര്‍പോലും സ്വന്തം പ്രകടനങ്ങള്‍ ഭംഗിയാക്കി എന്നാണ് എനിക്ക് തോന്നിയത്. കഥാപാത്രത്തെക്കുറിച്ച് സംവിധായകന്‍ മനു അശോകന്‍ ഭംഗിയായി വിവരിച്ചിരുന്നു, ക്യാമറയ്ക്കുമുന്നില്‍ നില്‍ക്കുമ്പോള്‍ അതെല്ലാം ഗുണം ചെയ്‌തെന്നും സുരാജ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പലതരം വികാരങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രമാണ് പപ്പയെന്ന് വിളിക്കുന്ന പോള്‍ മത്തായി. രണ്ടുപെണ്‍കുട്ടികളുടെ അച്ഛന്‍, മകളുടെ മരണം സൃഷ്ടിച്ച നടുക്കത്തില്‍നിന്ന് അയാള്‍ കരകയറിയിട്ടില്ല. ഇത്രയും ആത്മസംഘര്‍ഷം പേറിജീവിക്കുന്ന ഒരു കഥാപാത്രത്തെ ഞാനിതുവരെ അവതരിപ്പിച്ചിട്ടില്ല.

സങ്കടവും നിസ്സംഗതയും അമര്‍ഷവുമെല്ലാം മാറിമാറി മുഖത്ത് വന്നുപോകുന്നു. ചെറുതും ശക്തവുമായ സംഭാഷണങ്ങളാണ് ബോബി -സഞ്ജയ് കഥാപാത്രത്തിന് നല്‍കിയത്. ചില സന്ദര്‍ഭങ്ങളിലെ നോട്ടങ്ങളും ദീര്‍ഘനിശ്വാസവുമെല്ലാം ആ സമയം സ്വാഭാവികമായി വന്നതാണ് അതെങ്ങനെയെന്ന് ചോദിച്ചാല്‍ പറയാനറിയില്ല, സുരാജ് പറയുന്നു.

സുരാജ് സീരിയസായോ, ഹാസ്യവേഷങ്ങള്‍ ഇനി ചെയ്യില്ലേ എന്നെല്ലാം പലരും ചോദിക്കുന്നുണ്ടെന്നും എന്നാല്‍ തമാശവിട്ടൊരു കളിയില്ലെന്നുംസുരാജ് അഭിമുഖത്തില്‍ പറഞ്ഞു.

”എന്നെ ഗൗരവക്കാരനാക്കുന്നത് എഴുത്തുകാരും സംവിധായകരുമാണ്. കോമഡി വേഷങ്ങള്‍ ചെയ്യാന്‍ എന്നും താത്പര്യമാണ്. അത്തരം കഥകളും കഥാപാത്രങ്ങളും സ്വീകരിക്കാന്‍ ഞാന്‍ തയ്യാറായി നില്‍ക്കുകയാണ്.

പൃഥ്വിരാജിനൊപ്പമെത്തുന്ന ജനഗണമനയില്‍ എ.സി.പി.യുടെ വേഷമാണ്. സുനില്‍ ഇബ്രാഹിമിന്റെ റോയ് ആണ് പ്രദര്‍ശനത്തിനൊരുങ്ങിയ മറ്റൊരുചിത്രം. എം. പദ്മകുമാറിന്റെ ‘പത്താമത്തെ വളവി’ലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. കോമഡി ട്രാക്കിലൊരു പടം അടുത്തുതന്നെ വരുന്നുണ്ട്. ദുബായ് ആകും ചിത്രത്തിന്റെ ലൊക്കേഷന്‍,” സുരാജ് പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Suraj venharamood About Kaanekkane Movie

We use cookies to give you the best possible experience. Learn more