| Wednesday, 12th May 2021, 3:20 pm

തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ വിനീത് ചെയ്ത കഥാപാത്രം ഞാനായിരുന്നു ചെയ്യേണ്ടിയിരുന്നത്; വേണ്ടെന്ന് വെച്ചതോര്‍ത്ത് ഇപ്പോഴും പശ്ചാത്താപമുണ്ട്: സണ്ണി വെയ്ന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2019 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ഗിരീഷ് എ.ഡി സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. പ്രണയവും കലഹവും സൗഹൃദവും ഒത്തുചേര്‍ന്ന ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ ഹിറ്റായി. വിനീത് ശ്രീനിവാസന്‍, മാത്യു തോമസ് അനശ്വര രാജന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം താരപ്പകിട്ടും മാസ് മസാലയും ഇല്ലാതെ തന്നെ ഹിറ്റ്ചാര്‍ട്ടില്‍ ഇടംനേടുകയായിരുന്നു. ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ അവതരിപ്പിച്ച അധ്യാപകന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. വിനീതിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായി രവി പത്മനാഭന്‍ മാറി.

എന്നാല്‍ ചിത്രത്തില്‍ വിനീത് അവതരിപ്പിച്ച് കയ്യടി നേടിയ ഈ കഥാപാത്രം ആദ്യം തേടിയെത്തിയത് നടന്‍ സണ്ണി വെയ്‌നിനെയായിരുന്നു. എന്നാല്‍ എന്തോ കാരണം കൊണ്ട് സണ്ണി കഥാപാത്രത്തെ വേണ്ടെന്ന് വെച്ചു. പിന്നീടാണ് വിനീതിലേക്ക് ആ കഥാപാത്രം എത്തുന്നത്. താന്‍ വിട്ടുകളഞ്ഞ ആ കഥാപാത്രത്തെ വിനീത് ഗംഭീരമാക്കി കയ്യടി നേടുന്നത് കണ്ടപ്പോള്‍ വലിയ അസൂയ തോന്നിയെന്നാണ് സണ്ണി വെയ്ന്‍ വനിതമാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. വേണ്ടെന്ന് തീരുമാനിച്ച് കൈവിട്ട് പിന്നീട് സങ്കടം തോന്നിയ കഥാപാത്രങ്ങള്‍ ഉണ്ടോ എന്ന ചോദ്യത്തിനായിരുന്നു തണ്ണീര്‍മത്തനിലെ കഥാപാത്രത്തെ കുറിച്ച് സണ്ണി മനസുതുറന്നത്.

‘ തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ വിനീത് ചെയ്ത കഥാപാത്രം ആദ്യം എന്റെയടുത്ത് വന്നിരുന്നു. അന്ന് ഞാനെന്തോ കാരണം കൊണ്ട് അത് ചെയ്തില്ല. തിയേറ്ററില്‍ വിനീത് അഭിനയിച്ച് തകര്‍ത്ത് കയ്യടി വാങ്ങുന്നത് കണ്ടപ്പോള്‍ കുറച്ച് അസൂയയൊക്കെ തോന്നി. വിനീതിന്റെ അസാധ്യ അഭിനയം ആ സിനിമയുടെ മികവ് കൂട്ടി. നല്ല രസമുള്ള കഥാപാത്രമായിരുന്നല്ലോ അതെന്നോര്‍ക്കുമ്പോള്‍ ഇപ്പോഴും പശ്ചാത്താപമുണ്ട്,’ സണ്ണി വെയ്ന്‍ പറയുന്നു.

എല്ലാവരേയും പോലെ തന്നെ വിജയങ്ങള്‍ മാത്രമല്ല പരാജയങ്ങളും താന്‍ അറിഞ്ഞിട്ടുണ്ടെന്നും പക്ഷേ പരാജയം മനസിലേക്ക് എടുക്കാറില്ലെന്നും സണ്ണി പറയുന്നു. വിജയങ്ങളില്‍ സന്തോഷിക്കും. പരാജയപ്പെട്ടു എന്ന് കരുതി മുറിയടച്ച് അകത്തിരിക്കുന്ന പരിപാടിയൊന്നുമില്ല. വളരെ കൂളായിട്ട് എടുക്കും, സണ്ണി വെയ്ന്‍ പറയുന്നു.

അതിഥി താരമായെത്തിയും കയ്യടി വാങ്ങുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അതൊരു നിമിത്തമാണെന്നായിരുന്നു സണ്ണിയുടെ മറുപടി. ജൂണ്‍ എന്ന സിനിമയില്‍ ഏതാനും സീനുകളില്‍ മാത്രമേയുള്ളൂ. എന്നാലും മനസുനിറച്ച സിനിമയാണത്. വിജയ് ബാബു എനിക്ക് തന്ന സമ്മാനമാണ് ആ സിനിമ. വളരെ പെട്ടെന്നായിരുന്നു ജൂണിലേക്കുള്ള വിളി. കേട്ടപ്പോള്‍ ഇഷ്ടപ്പെട്ടു. ചെറുതാണെങ്കിലും ആഴമുള്ള കഥാപാത്രമായിരുന്നു അത്, സണ്ണി വെയ്ന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Actor Sunny wayne about Thannermathan Dinangal Movie

We use cookies to give you the best possible experience. Learn more