ലഖ്നൗ: അയോധ്യയിലെ ബി.ജെ.പിയുടെ തോല്‍വിയില്‍ പ്രതികരിച്ച് നടന്‍ സുനില്‍ ലാഹ്‌രി. ഫൈസാബാദ് മണ്ഡലത്തില്‍ ബി.ജെ.പി നേരിട്ട കനത്ത തോല്‍വിയില്‍ സുനില്‍ ലാഹ്‌രി നിരാശ പ്രകടിപ്പിച്ചു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലാണ് തെരഞ്ഞുടുപ്പിലുണ്ടായ പരാജയത്തില്‍ ലാഹ്‌രി നിരാശ പ്രകടിപ്പിച്ചത്.
രാമക്ഷേത്രം പണിത് നല്‍കിയിട്ടും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ലല്ലു സിങ്ങിനെ അയോധ്യയിലെ ജനങ്ങള്‍ പരാജയപ്പെടുത്തി. ഫൈസാബാദിലെ ഹിന്ദുക്കള്‍ സ്വാര്‍ത്ഥരാണെന്നും സുനില്‍ ലാഹ്‌രി പറഞ്ഞു. ഒരിക്കല്‍ സീത ദേവിയെയും ഇതേ അയോധ്യയിലെ ജനങ്ങളാണ് പഴിച്ചത്. ദൈവമായ ശ്രീരാമനെയും അവര്‍ തിരിച്ചറിഞ്ഞില്ല. സമാനമായ അവസ്ഥയാണ് നിലവില്‍ ഉണ്ടായിരിക്കുന്നതെന്നും സുനില്‍ ലാഹ്‌രി കൂട്ടിച്ചേര്‍ത്തു.
അയോധ്യയിലെ ജനങ്ങള്‍ അവരുടെ രാജാവിനെയാണ് തോല്‍പ്പിച്ചിരിക്കുന്നത്. ചരിത്രപരമായി അയോധ്യ നിവാസികള്‍ എപ്പോഴും തങ്ങളുടെ രാജാവിനെ തോല്‍പ്പിച്ചിട്ടേ ഉള്ളുവെന്നും ലാഹ്‌രി കുറിച്ചു. ഇതിനുപുറമെ ‘ഞാന്‍ മുസ്‌ലിങ്ങളെ ഭയപ്പെടുന്നില്ല, ബ്രിട്ടീഷുകാരെയും ഭയപ്പെടുന്നില്ല, എന്നാല്‍ ഹിന്ദുമതത്തിനെതിരായ ഹിന്ദുക്കളെ ഞാന്‍ ഭയപ്പെടുന്നു’ എന്ന സവര്‍ക്കറുടെ ഉദ്ധരണിയും ലാഹ്‌രി പങ്കുവെച്ചിട്ടുണ്ട്.
കൂടാതെ സംവിധായകന്‍ രാജമൗലി ഒരുക്കിയ ബാഹുബലി സിനിമയിലെ ഒരു ഭാഗവും സുനില്‍ ലാഹ്‌രി പങ്കുവെച്ചു. കട്ടപ്പയെന്ന കഥാപാത്രം രാജപുത്രനായ ബാഹുബലിയെ പിന്നില്‍ നിന്ന് കുത്തുന്ന ചിത്രമാണ് അത്. അയോധ്യയിലെ ജനങ്ങള്‍ ബി.ജെ.പിയെ പിന്നില്‍ നിന്ന് കുത്തിയെന്നാണ് ഇതിലൂടെ ലാഹ്‌രി ഉദ്ദേശിക്കുന്നത്. രാമാനന്ദ് സാഗറിന്റെ രാമായണം എന്ന സീരീയലില്‍ ലക്ഷ്മണന്റെ വേഷം അഭിനയിച്ചത് സുനില്‍ ലാഹ്‌രിയായിരുന്നു.
54567 വോട്ടുകള്‍ക്കാണ് സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി അവതേഷ് പ്രസാദ് ബി.ജെ.പിയുടെ ലല്ലു സിങ്ങിനെ ഫൈസാബാദില്‍ തോല്‍പ്പിച്ചത്. 15 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച മണ്ഡലം കൂടിയാണ് ഫൈസാബാദ്. പ്രാദേശികമായ വിഷയങ്ങള്‍ ബി.ജെ.പിയെ കൈവിട്ടുവെന്നാണ് വിലയിരുത്തല്‍. ബി.ജെ.പിയുടെ മുസ്‌ലിം വോട്ടുകളില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഏറ്റുവാങ്ങിയ തോല്‍വികളില്‍ പ്രധാനപ്പെട്ട ഒന്ന് ഫൈസാബാദിലേതാണ്.
Content Highlight: Actor Sunil Lahiri reacts to BJP’s defeat in Ayodhya