saudi vellakka|കരളലിയിപ്പിച്ച സത്താര്‍| Dmovies
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തരുണ് മൂര്ത്തിയുടെ സൗദിവെള്ളക്കയില് ജീവിതവുമായി ചേര്ന്ന് നില്ക്കുന്ന ഒരുപാട് കഥാപാത്രങ്ങളുണ്ട്. സോഷ്യല് മീഡിയയിലും സിനിമ ഗ്രൂപ്പുകളിലും ചിത്രം ഏറെ ചര്ച്ച ചെയ്യപ്പെടുന്നുണ്ട്. ചിത്രത്തിലെ ആയിഷുമ്മയെ പോലെ തന്നെ അത്രമേല് സ്പര്ശിച്ച മറ്റൊരു കഥാപാത്രമായി പ്രേക്ഷകര് എടുത്ത് പറയുന്നത് അവരുടെ മകന് സത്താറിനെയാണ്.

സത്താറായി എത്തിയ നടന് ആരാണെന്ന് ചോദിച്ചു കൊണ്ടുള്ള നിരവധി പോസ്റ്റുകള് സോഷ്യല് മീഡിയയിലുണ്ടായിരുന്നു. സത്താറിനെ അവതരിപ്പിച്ചത് മഹേഷിന്റെ പ്രതികാരത്തിലൂടെയും മൂത്തോനിലൂടെയും ശ്രദ്ധേയനായ സുജിത്ത് ശങ്കറാണ്. ഞാന് സ്റ്റീവ് ലോപ്പസിലൂടെയാണ് സുജിത്ത് പ്രേക്ഷക ശ്രദ്ധ നേടി തുടങ്ങിയത്. മഹേഷിന്റെ പ്രതികാരത്തിലെ സുജിത്തിന്റെ ജിംസണ് ഏറെ അഭിനന്ദിക്കപ്പെട്ടിരുന്നു.

പിന്നീടിങ്ങോട്ട് നിരവധി സിനിമകളില് ശ്രദ്ധേയമായ കഥാപാത്രങ്ങള് അദ്ദേഹം അവതരിപ്പിച്ചു. സൗദി വെള്ളക്കയില് വളരെ തന്മയത്വത്തോടെയാണ് സത്താറിന്റെ വേഷം നടന് ചെയ്തത്. എപ്പോഴും കൂനിക്കൂടി നടക്കുന്ന, പതിഞ്ഞ സ്വരത്തില് മാത്രം സംസാരിക്കുന്ന സത്താറിനെ വളരെ ആഴത്തില് തന്നെ പ്രേക്ഷകന് സുജിത്ത് കാണിച്ചു കൊടുത്തു. ഉമ്മയോട് ദേഷ്യപ്പെടുമ്പോള് പോലും മുഖത്ത് നോക്കാന് സത്താറിന് കഴിയുന്നില്ല.

മോന് മനസ് കൊണ്ട് മാത്രമേ സ്നേഹിക്കാന് കഴിയുകയുള്ളുവെന്നും പറഞ്ഞ് ആയിഷുമ്മ നടന്നകലുമ്പോള് സത്താറിന്റെ നെഞ്ച് പൊട്ടുന്നുണ്ട്. പ്രേക്ഷകരുടെ നെഞ്ചിലും ആ വേദന അറിയിക്കാന് സത്താറിലൂടെ സുജിത്ത് ശങ്കറിന് സാധിക്കുന്നുണ്ട്. ഓട്ടോ ഓടിച്ചു ജീവിതം മുന്നോട്ട് കൊണ്ടു പോകുന്ന പച്ചയായ മനുഷ്യന്. ഉമ്മയെ അത്രേമേല് സ്നേഹിക്കുന്ന സത്താറും പ്രേക്ഷകരുടെ കണ്ണ് നനയിക്കുന്ന തരുണ് മൂര്ത്തിയുടെ കഥാപാത്ര സൃഷ്ടിയാണ്.

സത്താറാവാന് സുജിത്ത് ഒരുപാട് പരിശ്രമിച്ചിട്ടുണ്ട്. മുമ്പ് ചെയ്ത അദ്ദേഹത്തിന്റെ കഥാപാത്രങ്ങള് പരിശോധിക്കുമ്പോള് ഈ കാര്യം വ്യക്തമാണ്. മഹേഷിന്റെ പ്രതികാരത്തില് നീണ്ട ശരീരമുള്ള ജിമ്മനാണെങ്കില് മൂത്തോനില് അതില് നിന്നും ഏറെ വ്യത്യസ്തമായ ശരീരപ്രകൃതിയാണ്. അതില് നിന്നും സത്താറിലേക്ക് വരുമ്പോള് കഥാപാത്രത്തിന്റെ ഉള്ളിലെ പേടിയും വിഷാദവും കൃത്യമായി തന്നെ സുജിത്തില് പ്രകടമാണ്.

ഉമ്മയെ പോലെ തീവ്രമായി ഈ മകനും പ്രേക്ഷകരുടെ കണ്ണ് നനയിപ്പിക്കുന്നുണ്ട്. മികച്ച കഥാപാത്രം, മനസുകൊണ്ടും തലച്ചോറ് കൊണ്ടുമുള്ള അഭിനയം അതാണ് സൗദി വെള്ളക്കയില് സുജിത്ത് ശങ്കര്. ഉമ്മയും മകനും തമ്മിലുള്ള സീനുകളെല്ലാം ഇത്രമാത്രം പ്രേക്ഷകരില് ഇഴുകി ചേരണമെങ്കില് സത്താര് നമുക്ക് ചുറ്റിലുമുണ്ടെന്നത് തീര്ച്ച. ഒരു നൂറ് ഡയലോഗുകള് പറയേണ്ടിടത്ത് പോലും നോട്ടത്തിലൂടെയും ഭാവത്തിലൂടെയും പ്രേക്ഷകനോട് തന്റെ നിസ്സഹായവസ്ഥയെക്കുറിച്ച് ഈ മകന് പറയുന്നുണ്ട്.

സൗദിയിലെ എല്ലാ കഥാപാത്രങ്ങളും മികച്ചതാണ്, എന്നാല് അതില് പ്രേക്ഷകരുടെ ഉള്ളില് മായാതെ നില്ക്കുന്ന കഥാപാത്രങ്ങളില് ഒന്നാണ് സുജിത്ത് ശങ്കറിന്റെ സത്താര്. പാളിപ്പോകാന് സാധ്യതയുള്ള ഒരു കഥാപാത്രത്തെ മനോഹരമായി പ്രേക്ഷകരിലേക്ക് എത്തിച്ചതില് സുജിത്ത് വലിയ അഭിനന്ദനം അര്ഹിക്കുന്നുണ്ട്. ഒട്ടും നിരാശപ്പെടുത്താതെ, ഉള്ളില് തങ്ങി നിര്ത്തുന്ന ഇത്തരത്തില് ഒരുപാട് കഥാപാത്രങ്ങളെ ചേര്ത്ത് വെച്ച് തന്നെയാണ് സൗദി വെള്ളക്ക തരുണ് മൂര്ത്തി പ്രേക്ഷകര്ക്ക് സമര്പ്പിച്ചിരിക്കുന്നത്.

ഹൃദയസ്പര്ശിയായി വലിയൊരു വിഷയത്തെക്കുറിച്ച് സംവദിക്കുന്ന ചിത്രത്തെ പ്രശംസിച്ചുകൊണ്ട് നിരവധി വ്യക്തികളാണ് രംഗത്ത് വരുന്നത്. നീതിന്യായവ്യസ്ഥയുടെ കാലതാമാസം കൊണ്ട് കേസുകള് കെട്ടിക്കിടക്കുന്നതും പിന്നാലെ ഒരുപാട് വര്ഷം അലയേണ്ടി വരുന്ന മന്യഷ്യ ജീവിതങ്ങളെയും സംവിധായകന് തരുണ് മൂര്ത്തി വളരെ കൃത്യമായി സൗദി വെള്ളക്കയിലൂടെ തുറന്ന് കാണിക്കുന്നുണ്ട്. ഒപ്പം സുജിത്തിനെപ്പോലെ കഴിവുറ്റ കലാകാരന്മാര്ക്ക് കൃത്യമായ സ്‌പേസും സിനിമ നല്കി.

content highlight: actor sujith shankar perfomance in the movie saudi vellakka